മുസ് ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം യു.എസ് തടയും

വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളെയും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും തടയുന്നതിനുള്ള ഉത്തരവില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഈയാഴ്ച ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. മുസ്ലിംകള്‍ യു.എസിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായി തടയുമെന്നായിരുന്നു ട്രംപിന്‍െറ വിവാദ പ്രഖ്യാപനങ്ങളിലൊന്ന്. മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ നിയമം കര്‍ശനമാക്കുക, അതിര്‍ത്തിസുരക്ഷ ശക്തമാക്കുക എന്നീ വിഷയങ്ങളിലും തീരുമാനമെടുക്കുമെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിവാദ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്ന ട്രംപ്, മെക്സികന്‍ അതിര്‍ത്തിയില്‍ വന്മതില്‍ പണിയുമെന്നും പ്രഖ്യാപിച്ചു.

സുരക്ഷാകാരണങ്ങളാലാണ് യു.എസ്-മെക്സികോ അതിര്‍ത്തിയില്‍ മതില്‍ പണിയാനൊരുങ്ങുന്നത്. ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ യു.എസിലേക്ക് തടയുന്നതിന്‍െറ ഭാഗമായി വിസ നടപടികള്‍ കടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് വിസ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ഏറെ കടമ്പകള്‍ കടക്കണം. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏഴു രാജ്യങ്ങളില്‍നിന്നു വരുന്ന മുസ്ലിംകളെ കരുതിയിരിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു.

120 ദിവസത്തിനുള്ളില്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കാനാണ് നീക്കം. 2016ല്‍ 10,000ത്തോളം സിറിയന്‍ അഭയാര്‍ഥികളെ യു.എസ് സ്വീകരിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ 2000 മൈല്‍ നീണ്ടുകിടക്കുന്ന മതിലാണ്  മെക്സികന്‍ അതിര്‍ത്തിയില്‍  പണിയുക. മതില്‍ പണിയുന്നതിനുള്ള പണം മെക്സികോ നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഒബാമ ഭരണകൂടം 2012ല്‍ തുടങ്ങിവെച്ച ചൈല്‍ഡ് ഹുഡ് അറൈവല്‍ പദ്ധതി നിര്‍ത്തലാക്കാനും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി മറ്റു രാജ്യങ്ങളില്‍നിന്ന് 7,50,000 കുട്ടികളാണ് അമേരിക്കയിലത്തെിയത്. മതിയായ രേഖകള്‍ കൈവശമില്ലാത്ത അവര്‍ക്ക് നാടുകടത്തുമെന്ന ഭയമില്ലാതെ യു.എസില്‍ ജീവിക്കാനും തൊഴിലെടുക്കാനും അനുവദിക്കുന്നതാണ് പദ്ധതി.

അതിനിടെ, ബറാക് ഒബാമ തള്ളിക്കളഞ്ഞ രണ്ട് പൈപ്പ്ലൈന്‍ വാതകപദ്ധതികള്‍ക്ക് ട്രംപ് അനുമതി നല്‍കി. ട്രാന്‍സ് കാനഡ കോര്‍പ്സിന്‍െറ കീസ്റ്റോണ്‍ എക്സ് എല്‍ പൈപ്പ്ലൈന്‍, ഡകോട്ട ആക്സസ് പൈപ്പ്ലൈന്‍ പദ്ധതി എന്നിവക്കാണ് ട്രംപ് പച്ചക്കൊടി വീശിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കുന്ന കീസ്റ്റോണ്‍ എക്സ് എല്‍ പദ്ധതി 2015 നവംബറിലാണ് ഒബാമ തള്ളിയത്. ഡകോട്ട പദ്ധതിക്കെതിരെയും എതിര്‍പ്പുയര്‍ന്നിരുന്നു.

Tags:    
News Summary - Trump to Order Mexican Border Wall and Curtail Immigration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.