വാഷിങ്ടൺ: ഇന്ത്യൻ വംശജയായ യു.എസ് കോൺഗ്രസ് അംഗം പ്രമീള ജയപാലിനെ കാണാൻ തയാറല്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയശേഷം അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് കോൺഗ്രസിൽ കൊണ്ടുവന്ന വ്യക്തിയാണ് പ്രമീള ജയപാൽ.
യു.എസ്-ഇന്ത്യ ചർച്ചക്കായാണ് (ടു പ്ലസ് ടു ഡയലോഗ്) അദ്ദേഹം വാഷിങ്ടണിലെത്തിയത്. ജനപ്രതിനിധി സഭയിൽ കൊണ്ടുവന്ന പ്രമേയം ജമ്മു-കശ്മീരിലെ കാര്യങ്ങൾ ശരിയായി അവതരിപ്പിക്കുന്നതല്ലെന്ന് മന്ത്രി വാർത്തലേഖകരോട് പറഞ്ഞു. അതുകൊണ്ടു തന്നെ പ്രമീളയെ കാണാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യങ്ങളെ വസ്തുതാപരമായി സമീപിക്കുന്നവരെയും ചർച്ചക്ക് തയാറുള്ളവരെയും കാണാൻ താൽപര്യമുണ്ട്. പക്ഷേ, മുൻധാരണകളുമായി നടക്കുന്നവരെ കാണണമെന്നില്ല എന്നായിരുന്നു ജയ്ശങ്കറിെൻറ പ്രതികരണം.
ഈ ആഴ്ച മുതിർന്ന കോൺഗ്രസ് അംഗങ്ങളുമായി നടത്താനിരുന്ന കൂടിക്കാഴ്ച ജയ്ശങ്കർ പെട്ടെന്ന് റദ്ദാക്കിയെന്നും പ്രമീള ജയപാലിനെ കൂടിക്കാഴ്ചക്കുള്ള സംഘത്തിൽനിന്ന് ഒഴിവാക്കണമെന്ന മന്ത്രിയുടെ നിർദേശം അവഗണിച്ചതാണ് ഇതിന് കാരണമെന്നും നേരേത്ത ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. വിയോജിപ്പിെൻറ സ്വരം കേൾക്കാൻ ഇന്ത്യൻ സർക്കാർ തയാറല്ല എന്നത് കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ നിലപാടെന്ന് പ്രമീള പ്രതികരിച്ചു.
ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയായ വനിതയാണ് 54 വയസ്സുള്ള പ്രമീള. ഡെമോക്രാറ്റിക് കക്ഷിയുടെ നേതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.