കാലാവസ്ഥ വ്യതിയാനം; പാരിസ് ഉടമ്പടി അന്താരാഷ്ട്ര നിയമമായി

യുനൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ഡിസംബറില്‍ പാരിസിലെ ലോക കാലാവസ്ഥ ഉച്ചകോടിയില്‍ രൂപംനല്‍കിയ പാരിസ് ഉടമ്പടി വെള്ളിയാഴ്ച മുതല്‍ അന്താരാഷ്ട്ര നിയമമായി മാറി. ആഗോള താപനത്തിന്‍െറ തോത് കുറക്കുന്നതിനായി രാഷ്ട്രങ്ങള്‍ കൈക്കൊള്ളേണ്ട നടപടികള്‍ വിശദമാക്കുന്ന ഉടമ്പടിയില്‍ ഇതിനകം 96 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.

ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതലായി പുറന്തള്ളുന്ന രാജ്യങ്ങളായ അമേരിക്ക, ചൈന, ഇന്ത്യ, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവയൊക്കെ ഉടമ്പടി അംഗീകരിച്ച് ഒപ്പുവെച്ചിട്ടുണ്ട്.
മൊത്തം ഹരിതഗൃഹ വാതകങ്ങളില്‍ മൂന്നില്‍ രണ്ടും പുറന്തള്ളുന്നത് ഈ രാജ്യങ്ങളിലെ വ്യവസായശാലകളില്‍ നിന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് ആഗോളതാപനത്തിന്‍െറ തോത് രണ്ടു ഡിഗ്രിയെങ്കിലും കുറക്കുക എന്നതാണ് ഉടമ്പടിയുടെ ആത്യന്തിക ലക്ഷ്യം. ഇത്രയെങ്കിലും ചെയ്യാനായില്ളെങ്കില്‍ ഭൂമിയുടെ ജീവന്‍തന്നെ അപകടത്തിലാകുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്.
ലോകത്തെ വിവിധ സിവില്‍ സമൂഹങ്ങളുമായി യോജിച്ച് പാരിസ് ഉടമ്പടി കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കാനാണ് യു.എന്‍ പദ്ധതി. ഇതുസംബന്ധിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പാരിസ് ഉടമ്പടി വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

വിഖ്യാതമായ ക്യോട്ടോ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ഏഴു വര്‍ഷമെടുത്തപ്പോള്‍ പത്തു മാസംകൊണ്ട് പാരിസ് ഉടമ്പടി അന്താരാഷ്ട്ര നിയമമാക്കാനും വന്‍ വ്യവസായ രാഷ്ട്രങ്ങളെ അത് അംഗീകരിപ്പിക്കാനും കഴിഞ്ഞുവെന്ന് യു.എന്‍ കേന്ദ്രങ്ങള്‍ പറയുന്നു. അതേസമയം, ഉടമ്പടി പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഗവേഷക ലോകത്തിന്‍െറ ആശങ്ക ഇപ്പോഴും അവസാനിച്ചിട്ടില്ല.

Tags:    
News Summary - paris summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.