ആല്‍ബനിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷം

ആല്‍ബനി (ന്യൂയോര്‍ക്ക്): വ്രതശുദ്ധിയുടെ മുപ്പത് രാപ്പകലുകള്‍ കഴിഞ്ഞ് നിഷ്‌കളങ്കമായ മനസ്സുമായി ലോക മുസ്ലീങ്ങള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചപ്പോള്‍ ആല്‍ബനിയിലെയും പരിസര പ്രദേശങ്ങളിലേയും ഇസ്ലാം മത വിശ്വാസികളും ഈദ് ആഘോഷിച്ചു. ഇന്ത്യയിലും പാകിസ്താനിലും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പ്-അമേരിക്ക എന്നിവിടങ്ങളിലും ഒരേ ദിവസമായിരുന്നു ഈ വര്‍ഷത്തെ ഈദ് ആഘോഷം എന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ 15 വെള്ളിയാഴ്ചയായിരുന്നു ആഘോഷം. ലേഥമിലെ അല്‍‌ഹിദായ മസ്ജിദില്‍ രാവിലെ 7:30ന് തക്ബീര്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം രണ്ടായിരത്തോളം വിശ്വാസികളാണ് പെരുന്നാള്‍ നമസ്ക്കാരത്തിനും തുടര്‍ന്നുള്ള ആഘോഷച്ചടങ്ങുകള്‍ക്കുമായി അല്‍-ഹിദായ മസ്ജിദില്‍ എത്തിയത്.

ഈദുല്‍ ഫിത്വറിന്റെ പ്രധാന കര്‍മ്മമായ ഫിത്വര്‍ സക്കാത്ത് നമസ്ക്കാരത്തിനു മുന്‍പു തന്നെ എല്ലാവരും പൂര്‍ത്തിയാക്കിയിരുന്നു. ഫിത്വര്‍ സക്കാത്ത് നല്‍കുവാന്‍ പള്ളിക്കകത്ത് പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവിച്ചിരിക്കുന്ന, സമ്പത്തുള്ള എല്ലാവരും റമദാന്‍ മാസത്തില്‍ ദാനം ചെയ്യണമെന്നതു നിര്‍ബന്ധമാക്കിയതാണു ഫിത്വര്‍ സക്കാത്ത്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്വര്‍ സക്കാത്ത് കൂടി നല്‍കി കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതു കൂടിയാണു ഫിത്വര്‍ സക്കാത്തിലൂടെ നല്‍കുന്ന സന്ദേശം. അതു തന്നെയാണ് ഈ ആഘോഷത്തിന്റെ മഹത്വവും.

നന്നാകാനും ഒന്നാകാനും സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ശാരീരികമായ സന്തോഷം മാത്രം ആശിക്കാതെ ആത്മീയമായ ആനന്ദത്തിന് പ്രാധാന്യം കൊടുക്കുന്നതും ഭൗതിക സന്തോഷപ്രകടനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈദുല്‍ ഫിത്വറിന്റെ പ്രത്യേകത. 30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകള്‍ ഫിത്വര്‍ സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു എന്നാണ് ഇസ്ലാം മതവിശ്വാസം. പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വര്‍ സക്കാത്ത് കൊടുക്കണമെന്ന് നിര്‍ബ്ബന്ധമാണ്. സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും പെരുന്നാള്‍ നമസ്ക്കാരത്തിന് എത്തിയിരുന്നു. ദൈവ മഹത്വമോതുന്ന തക്ബീര്‍ ധ്വനികള്‍കൊണ്ട് പള്ളിയങ്കണം മുഴങ്ങി. ഇമാം ജാഫര്‍ സെബ്‌ഖൗഇയുടെ കാര്‍മ്മികത്വത്തില്‍ കൃത്യം 8:15ന് പെരുന്നാള്‍ നമസ്ക്കാരം തുടങ്ങി.

"മഹത്തായ ഈ ദിനം സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല; അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക. പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുക. കുടുംബക്കാരോടും അയല്‍വാസികളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കുക. ജാതിമതഭേദമെന്യേ എല്ലാവരെയും ആ സന്തോഷത്തില്‍ പങ്കാളികളാക്കുക. കുടുംബ അയല്‍പക്ക സൗഹൃദ ബന്ധങ്ങള്‍ പുതുക്കല്‍ പെരുന്നാളില്‍ പ്രത്യേകം പുണ്യകരമാണ്.പെരുന്നാള്‍ ദിനത്തെ കൂടുതല്‍ ആഘോഷമയമാക്കാനും സന്തോഷകരമാക്കാനും ഇതുമൂലം സാധിക്കും.

കുടുംബ സന്ദര്‍ശനം ആയുസ്സില്‍ വര്‍ധനവും ജീവിതത്തില്‍ സമൃദ്ധിയും സമ്മാനിക്കും. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം. പെരുന്നാളാഘോഷത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കൂടി ചേര്‍ത്ത് ആഘോഷത്തെ വിപുലപ്പെടുത്തണം വിശ്വാസി. അങ്ങനെ ഭൂമിയില്‍ ആഹ്ലാദം നിറയുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. നമ്മുടെ നാടിനും കാലത്തിനും ഏറ്റവും ആവശ്യമായിരിക്കുന്നത് അത് തന്നെയാണ്….” – ഇമാം ജാഫര്‍ സെബ്‌ഖൗഇ ഓര്‍മ്മിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തും, ആശ്ലേഷിച്ചും പെരുന്നാളിന്റെ സന്തോഷം പങ്കുവെച്ചു.

Tags:    
News Summary - eid ul fitr- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.