ആമസോണിലെ ഒറ്റപ്പെട്ടുകഴിയുന്ന ഗോത്രവിഭാഗക്കാരിലും കോവിഡ് മരണം; അതീവ ആശങ്ക

ബ്രസീലിയ: ആശങ്കകൾ വാനോളമുയർത്തി ആമസോൺ വനാന്തരത്തിലെ ഗോത്രവിഭാഗക്കാരിലും കോവിഡ്. ആമസോൺ മഴക്കാടുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന യാനോമാമി ഗോത്രവിഭാഗക്കാരിലെ 15കാരൻ കോവിഡ് ബാധിച്ച് മരിച്ചതായി ബ്രസീൽ സ്ഥിരീകരിച്ചു. തദ ്ദേശീയ ജനവിഭാഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത് വൈറസ് വ്യാപനത്തെകുറിച്ച് വലിയ ആശങ്കയുയർത്തുകയാണ്.

ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ 15കാരനാണ് കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചത്. ഏപ്രിൽ മൂന്ന് മുതൽ ബോ വിസ്തയിലെ റൊറൈമ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി.

ബ്രസീൽ-വെനസ്വേല അതി ർത്തിയിലെ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന യനോമാമി വിഭാഗത്തിൽ 38,000ഓളം അംഗങ്ങളാണുള്ളത്. തെക്കേ അമേരിക്കയിലെ ഒറ്റപ്പെട്ടുകഴിയുന്ന ഏറ്റവും വലിയ ഗോത്രവിഭാഗമാണിത്.

യനോമാമി വിഭാഗക്കാർ (ഫോട്ടോ: സർവൈവൽ ഇന്‍റർനാഷണൽ)

അനധികൃത ഖനനക്കാരിലൂടെയാവാം യനോമാമി വിഭാഗക്കാരിലേക്ക് വൈറസ് എത്തിയതെന്ന് ബ്രസീലിലെ സോഷ്യോ എൻവയോൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.എ) അധികൃതർ പറയുന്നു.

20,000ലേറെ അനധികൃത ഖനനക്കാർ ഒരു നിയന്ത്രണവുമില്ലാതെ വനത്തിനകത്തേക്കും പുറത്തേക്കും നിർബാധം സഞ്ചരിക്കുന്നുണ്ട്. ഇവരാണ് ഗോത്ര ജനങ്ങൾക്കിടയിൽ വൈറസിനെ എത്തിച്ചതെന്ന കാര്യത്തിൽ സംശയമില്ല -ഐ.എസ്.എയുടെ വെബ്സൈറ്റിൽ പറയുന്നു.

നിലനിൽപ് ഭീഷണിയിലായ അനവധി ഗോത്രവിഭാഗങ്ങളിൽ മുൻപന്തിയിലാണ് യനോമാമി വിഭാഗം. കോവിഡ് വ്യാപനം ഗോത്രസമൂഹത്തെ തന്നെ തുടച്ചുനീക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പുറംലോകത്തെ അസുഖങ്ങൾക്ക് എളുപ്പം കീഴ്പ്പെടുന്ന ഗോത്രവിഭാഗങ്ങളുടെ വംശപരമ്പര തന്നെ നശിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിവരെ യനോമാമി വിഭാഗക്കാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. 1970കളിൽ ഗോത്രവിഭാഗങ്ങളിൽ പടർന്നുപിടിച്ച അഞ്ചാംപനിയും മലേറിയയും ഇവരുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയിരുന്നു.

കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത് ഗോത്രവിഭാഗക്കാരനാണ് യനോമാമി വിഭാഗക്കാരനായ കുട്ടിയെന്ന് അസോസിയേഷൻ ഓഫ് ഇൻഡിജീനസ് പീപിൾ ഓഫ് ബ്രസീൽ പറയുന്നു. ബൊറാരി, മുറു എന്നീ വിഭാഗക്കാരാണ് മരിച്ച മറ്റ് രണ്ട് പേർ. 300ത്തോളം ഗോത്രവിഭാഗങ്ങളിലായി എട്ട് ലക്ഷത്തോളം ജനങ്ങളാണ് ബ്രസീലിലുള്ളത്.

നിലവിൽ 21,000ത്തോളം പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1141 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 72 പേരാണ് ശനിയാഴ്ച മാത്രം മരിച്ചത്.

Tags:    
News Summary - A boy from a remote Amazonian tribe has died,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.