കറുത്തവര്‍ഗക്കാരുടെ ചരിത്രവുമായി മ്യൂസിയം

വാഷിങ്ടണ്‍: ആഫ്രോ-അമേരിക്കന്‍ വംശജനുനേരെ നടന്ന പൊലീസ് വെടിവെപ്പിന്‍െറ പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ രാജ്യത്തെ കറുത്തവര്‍ഗക്കാരുടെ ബൃഹത് മ്യൂസിയം സമര്‍പ്പിച്ചു. ‘തങ്ങള്‍ ആരാണെന്നുള്ള സമ്പുഷ്ടവും സമ്പൂര്‍ണവുമായ ചരിത്രം’ പറഞ്ഞുതരാന്‍ ഇത് സഹായിക്കുമെന്ന് ആഫ്രോ-അമേരിക്കന്‍ വംശജനായ ആദ്യ യു.എസ് പ്രസിഡന്‍റ് ഒബാമ പറഞ്ഞു.
സ്മിതോസ്നിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ കീഴിലെ ആഫ്രിക്കന്‍- അമേരിക്കന്‍ ചരിത്രം വിവരിക്കുന്ന പ്രഥമ മ്യൂസിയമാണിത്. അമേരിക്കയുടെ ബൃഹത് ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്തതാണ് ആഫ്രിക്കന്‍-അമേരിക്കന്‍ ചരിത്രം. ഞങ്ങള്‍ അമേരിക്കക്ക് ഭാരമല്ല, അമേരിക്കയുടെ മേലുള്ള കറയല്ല, രാജ്യത്തെ നാണം കെടുത്തുന്നവരോ ദയ ക്ഷണിച്ചുവരുത്തുന്നവരോ അല്ല. ഫെര്‍ഗൂസണിലും ഷാര്‍ലെറ്റിലും പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന രോഷവും വേദനയും ഈ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാവുമെന്നും യു.എസ് പ്രസിഡന്‍റ് പറഞ്ഞു.
ഒബാമക്കു പുറമെ, രാജ്യത്തെ മനുഷ്യാവകാശ ഐക്കണ്‍ ജോണ്‍ ലെവിസ്, മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ള്യു ബുഷ്, ബില്‍ ക്ളിന്‍റന്‍, ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റെവി വണ്ടര്‍, പെറ്റി ലാബെല്ളെ, ഡെന്‍സി ഗ്രേവ്സ് എന്നിവരുടെ സംഗീത പരിപാടിയും നടന്നു. കറുത്തവര്‍ഗക്കാരായ കവികളുടെയും ചരിത്രകാരന്മാരുടെയും വരികളും വാക്കുകളും അവര്‍ ആലപിച്ചു. ദശകങ്ങള്‍ക്കുമുമ്പേ മ്യൂസിയത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും 2003ല്‍ ബുഷ് ഒപ്പുവെച്ചതോടെയാണ് ഇത് പ്രഖ്യാപിതമാവുന്നത്. 2012ല്‍ അതിന്‍െറ ജോലികള്‍ തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.