അമേരിക്കയില്‍ മുസ്ലിംകള്‍ക്ക് വിലക്ക്: ട്രംപിനെതിരെ ഒബാമ

ന്യൂയോര്‍ക്: ഒര്‍ലാന്‍ഡോ വെടിവെപ്പിന്‍െറ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മുസ്ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രസിഡന്‍റ് ബറാക് ഒബാമ. ട്രംപിന്‍െറത് അമേരിക്കയുടെ നയമല്ളെന്നും അമേരിക്കന്‍ മുസ്ലിംകളെ ഇത്തരത്തില്‍ അവഹേളിക്കുന്നത് രാജ്യത്തിന് സുരക്ഷിതമല്ളെന്നും മുസ്ലിം ലോകവും പടിഞ്ഞാറും തമ്മിലുള്ള അന്തരം വര്‍ധിക്കാന്‍ അത് കാരണമാവുമെന്നും ഒബാമ തുറന്നടിച്ചു.  

ഫ്ളോറിഡ വെടിവെപ്പിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു ഒബാമയുടെ വിമര്‍ശം. എല്ലാ മുസ്ലിംകളെയും ഒരുപോലെ അവതരിപ്പിക്കുന്നത് തീവ്രവാദികള്‍ക്കാണ് ഗുണംചെയ്യുക. മുസ്ലിംകളുടെ യഥാര്‍ഥ നേതൃത്വം തീവ്രവാദ സംഘടനകളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇസ്ലാമിക തീവ്രവാദം എന്ന പ്രയോഗം രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ളതാണെന്ന് ഒബാമ  കുറ്റപ്പെടുത്തി. മുസ്ലിംകളുടെ യഥാര്‍ഥ നേതൃത്വം തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ നടത്തുന്നത്. തീവ്ര ഇസ്ലാം വിരുദ്ധത ഈ നയത്തെ സഹായിക്കുന്നതിനു തുല്യമാകും.

രാജ്യത്ത് നിരന്തരമുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് ആയുധ നിയന്ത്രണം കാര്യക്ഷമമാക്കുകയാണ്. അമേരിക്കയെ ലക്ഷ്യമിടുന്നവര്‍ സുരക്ഷിതരായിരിക്കില്ളെന്നും ഒബാമ മുന്നറിയിപ്പു നല്‍കി. ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കും.   ഐ.എസിനെതിരായ യുദ്ധത്തില്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. അമേരിക്ക മതസ്വാതന്ത്ര്യം ഉറപ്പുതരുന്നുണ്ട്. മറ്റു മതങ്ങളെ വിമര്‍ശിക്കുന്നത് അമേരിക്കന്‍ ഭരണഘടനക്കെതിരാണ്. അടുത്തിടെ രാജ്യത്ത് നടത്തിയ തീവ്രവാദ ആക്രമണങ്ങളുടെയെല്ലാം സൂത്രധാരര്‍ ഇവിടത്തെന്നെ ജനിച്ചവരാണ്. മതീന്‍ ജനിച്ചത് ട്രംപിന്‍െറ അയല്‍പക്കത്തുള്ള ന്യൂയോര്‍ക്കിലാണെന്നത് മറക്കേണ്ട. ഇസ്ലാമിക തീവ്രവാദം എന്ന പേര് ഉപയോഗിക്കാന്‍ വിസമ്മതിച്ചതിന്‍െറ  പേരില്‍ താന്‍ രാജിവെക്കണമെന്ന ട്രംപിന്‍െറ നിര്‍ദേശം ഒബാമ തള്ളി.  വെടിവെപ്പാക്രമണത്തിന്‍െറ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒബാമ ഇന്ന് ഒര്‍ലാന്‍ഡോ സന്ദര്‍ശിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.