ഒർലാൻഡോ വെടിവെപ്പ്: മകനെ കാത്ത് ഒരമ്മ

ഒര്‍ലാന്‍ഡോ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിൽ മകനെന്ത് സംഭവിച്ചു എന്നറിയാതെ വേവലാതിയോടെ കഴിയുകയാണ് മിന ജസ്റ്റിസ് എന്ന അമ്മ. നിശാക്ലബ്ബില്‍ ഭീകരവാദികളുടെ പിടിയിലമര്‍ന്ന മകന്‍ എഡ്ഡി അവസാന നിമിഷങ്ങളില്‍ അയച്ച സന്ദേശങ്ങൾ മിന പുറത്തുവിട്ടു.

ഒര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ ഞായറാഴ്ചയായിരുന്നു വെടിവെയ്പ് നടന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. എഡ്ഡി അമ്മക്ക് ആദ്യ സന്ദേശം അയക്കുന്നത് 2.06 നായിരുന്നു. ‘ മമ്മീ, ഐ ലവ് യു’ എന്നായിരുന്നു എഡ്ഡിയുടെ ആദ്യസന്ദേശം. ഇതിന് പിന്നാലെ ക്ലബ്ബില്‍ വെടിവെപ്പ് നടക്കുകയാണെന്നും എഡ്ഡി പറഞ്ഞു.

പതുക്കെ ഉറക്കത്തിൽ നിന്നെണീറ്റ മിന നീ സുരക്ഷിതനാണോ എന്ന് ചോദിക്കുന്നു. ബാത്റൂമിൽ അകപ്പെട്ടിരിക്കുന്നു എന്നായിരുന്നു എഡ്ഡിയുടെ ഉത്തരം. ഏത് ക്ളബെന്ന മിനയുടെ ചോദ്യത്തിന് മറുപടിയായി പൾസ്, ഡൗൺ ടൗൺ എന്നും ഞാൻ മരിക്കാൻ പോകുകയാണെന്നും ഫ്രെഡ്ഡിയുടെ സന്ദേശം 2.08ന്.

അപകടം മനസ്സിലാക്കിയ മിന 911 എന്ന എമർജൻസി നമ്പറിലും പൊലീസിലും വിളിക്കുന്നു. പൊലിസിനെ വിളിക്കാൻ എഡ്ഡി അമ്മയോട് നിർദേശിക്കുന്ന സന്ദേശങ്ങൾ. കുറേ നേരത്തേക്ക് ഒരു വിവരവുമില്ല. പിന്നീട് 2.39ന് 'പൊലീസിനെ വിളിക്കൂ അമ്മേ' എന്ന സന്ദേശം.

ഇതിന് തൊട്ടുപിന്നാലെ അവര്‍ തന്‍റെ അരികില്‍ എത്തിക്കഴിഞ്ഞെന്നും താന്‍ മരിക്കാന്‍ പോകുകയാണെന്നും എഡ്ഡി പറഞ്ഞു. മിന നിരവധി സന്ദേശങ്ങള്‍ അയച്ചു നോക്കിയെങ്കിലും എഡ്ഡി മറുപടി നല്‍കിയില്ല. പിന്നെ മറുപടി വന്നത് 2.50 നായിരുന്നു. അയാൾ ഇവിടെയെത്തി ഞാൻ മരിക്കാൻ പോകുന്നു. അയാളൊരു ഭീകരനാണ്.. അതായിരുന്നു അവസാന സന്ദേശം. ഇതിന് ശേഷം എഡ്ഡി മെസേജ് ഒന്നും തന്നെ അയച്ചില്ല.

പൾസ് ഡൗൺ ടൗണിനടുത്ത് മകന്‍റെ എന്തെങ്കിലും വിവരങ്ങളുണ്ടോ എന്നറിയാനായി മിന ജസ്റ്റിസും കുടുംബാഗങ്ങളും കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുകളിൽ എഡ്ഡിയില്ല. എന്നാലും മോശപ്പെട്ടതെന്തോ സംഭവക്കുമെന്നൊരു തോന്നൽ തന്നെ അലട്ടുന്നുവെന്ന് മിന പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.