വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍നിന്നുള്ള പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ യു.എസും ചൈനയും തമ്മില്‍ ധാരണയിലത്തെിയതായി റിപ്പോര്‍ട്ട്. ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തര കൊറിയ കഴിഞ്ഞദിവസം അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് വിയോജിപ്പുകള്‍ മാറ്റിവെച്ച് ഉത്തര കൊറിയക്കെതിരെ ഒന്നിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതെന്നറിയുന്നു.
വ്യാഴാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീയുമായി ടെലിഫോണില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്നാണ്, അന്താരാഷ്ട്രീയതലത്തില്‍തന്നെ ഭീഷണിയായേക്കാവുന്ന ഉത്തര കൊറിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ചുനീങ്ങാന്‍ തീരുമാനിച്ചത്.
നേരത്തേ, അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ചൈനീസ് അംബാസഡറുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തയാഴ്ച ചേരുന്ന യു.എന്‍ രക്ഷാസമിതിയില്‍ വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ യു.എസും ചൈനയും ഒന്നിച്ചുനില്‍ക്കാന്‍ ധാരണയായതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
ഉത്തര കൊറിയയുമായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് കെറി വാങ് യീയോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം രാജ്യങ്ങളും ഒറ്റപ്പെടുത്തിയിട്ടുള്ള ഉത്തര കൊറിയയുമായി ചൈന നയതന്ത്ര, വ്യാപാര ബന്ധം പുലര്‍ത്തുന്നുണ്ട്. ഉത്തര കൊറിയയുടെ കയറ്റുമതിയില്‍ 90 ശതമാനവും സ്വീകരിക്കുന്നത് ചൈനയുമാണ്. പുതിയ സാഹചര്യത്തില്‍ ഇതെല്ലാം അവസാനിപ്പിക്കണമെന്ന് കെറി പറഞ്ഞു. മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വാങ് യീയുടെ ഓഫിസ് വൃത്തങ്ങള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര കൊറിയന്‍ വിഷയത്തില്‍ ദക്ഷിണ കൊറിയ സഹായം അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് അമേരിക്ക ചൈനയുമായി ധാരണക്കൊരുങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.