150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം തേടി ക്ലോക്ക് ബാലന്‍ അഹ്മദിന്‍െറ കുടുംബം

ഹൂസ്റ്റണ്‍: ക്ളാസ്മുറിയില്‍  കൊണ്ടുവന്ന ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹ്മദ് മുഹമ്മദും കുടുംബവും കോടതിയെ സമീപിക്കുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഇര്‍വിങ് സിറ്റി മേയറും പൊലീസും ചീഫും അഭിഭാഷകരും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് അഹ്മദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അഹ്മദ് ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. അതിനു പിന്നാലെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അഹ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബത്തിന്‍െറ അഭിഭാഷകന്‍ കത്തയച്ചു. ഇര്‍വിങ്-ടെക്സാസ്സിറ്റി ഭരണകൂടം 100 ലക്ഷം ഡോളറും ലോക്കല്‍ സ്കൂള്‍ ഡിസ്ട്രിക്ട് 50 ലക്ഷം ഡോളറും നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്.

കത്ത് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്നും കത്തില്‍ പറയുന്നു.
സംഭവം അഹ്മദിന്‍െറയും കുടുംബത്തിന്‍െറയും സല്‍പേരിന് കളങ്കമുണ്ടാക്കിയതായും കുടുംബം പറഞ്ഞു. ഇര്‍വിങ് സിറ്റിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം തുടര്‍പഠനത്തിന്‍െറ ഭാഗമായി അഹ്മദും കുടുംബവും ഖത്തറിലേക്ക് താമസം മാറിയിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അഹ്മദ് പെന്‍സില്‍ കെയ്സ് ഉപയോഗിച്ച് ക്ലോക്ക് നിര്‍മിച്ച് അധ്യാപികക്ക് കാണിച്ചു കൊടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
അഹ്മദ് നിര്‍മിച്ചത് ബോംബാണെന്ന് തെറ്റിദ്ധരിച്ച അധ്യാപിക പൊലീസ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഹ്മദിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
അഹ്മദിന്‍െറ സഹോദരി അഹ്മദിനെ വിലങ്ങുവെച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.