ബോകോഹറാം കലാപത്തില്‍ സ്കൂളില്‍ നിന്ന് പുറത്തായത് ദശലക്ഷം കുട്ടികള്‍ –യുനിസെഫ്

യുനൈറ്റഡ് നേഷന്‍സ്: ബോകോ ഹറാം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ നൈജീരിയയിലും സമീപ മേഖലകളിലും 10 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം നിഷേധിക്കപ്പെട്ടതായി യുനിസെഫ്. സായുധകലാപം തുടങ്ങിയതോടെ നൈജീരിയ, കാമറൂണ്‍, ഛാദ്, നൈജര്‍ മേഖലകളില്‍ 2000 സ്കൂളുകള്‍ അടച്ചുപൂട്ടി. അവയില്‍ ചിലത് തീവ്രവാദികള്‍ കൊള്ളയടിച്ചു. മറ്റു ചിലത് തീയിട്ടുനശിപ്പിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം പാപമാണെന്നാരോപിച്ചാണ് ബോകോ ഹറാം സ്കൂളുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത്.

പുതിയ തലമുറക്ക് വിദ്യയുടെ വെളിച്ചം അന്യമായാല്‍ എളുപ്പത്തില്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നല്‍കി. 2014 ഏപ്രിലില്‍ ചിബോകില്‍ സ്കൂള്‍ ആക്രമിച്ച് വാര്‍ഷിക പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന 276 പെണ്‍കുട്ടികളെ ബോകോ ഹറാം തട്ടിക്കൊണ്ടുപോയിരുന്നു. ഡിസംബറോടെ  ബോകോ  ഹറാമിനെ രാജ്യത്തുനിന്ന് തുരത്തിയോടിക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബാരി പ്രഖ്യാപിച്ചിരുന്നെങ്കിലും സൈനികനീക്കത്തെ അതിജീവിച്ച് തീവ്രവാദികള്‍ മുന്നേറുകയാണ്.  

ചിലയിടങ്ങളില്‍ തീവ്രവാദികളെ പ്രതിരോധിച്ച് സൈന്യം സ്കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രവാഹമായിരുന്നു. എന്നാല്‍,  അവരെ പഠിപ്പിക്കാന്‍ ആവശ്യത്തിന് അധ്യാപകരുണ്ടായിരുന്നില്ല. ജീവന് ഭീഷണിയുള്ളതിനാലാണ്  അധ്യാപകര്‍ സ്കൂളിലേക്ക് വരാതായതെന്നും അധികൃതര്‍ പറയുന്നു. കലാപത്തെ തുടര്‍ന്ന് 20,000 പേര്‍ കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ കണക്ക്. ലക്ഷക്കണക്കിന് പേര്‍ മേഖലയില്‍നിന്ന് പലായനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.