ഫോട്ടോ കടപ്പാട് എൻ.ഡി.ടി.വി
വാഷിങ്ടൺ: 9/11 ഭീകരാക്രമണത്തിനിടയിൽ 18 പേരുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിത്വം വരിച്ച വെല്ലസ് റെമി ക്രൗതറിന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' മരണാനന്തര ബഹുമതിയായി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.
2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലെക്ക് ഭീകരർ വിമാനം ഇടിച്ചുകയറ്റുമ്പോൾ 24 വയസ്സുകാരനായ വെല്ലസ് ക്രൗതർ, വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിലെ 104-ാം നിലയിൽ ഒരു ഇക്വിറ്റി ട്രേഡറായി ജോലി ചെയ്യുകയായിരുന്നു. മുൻപ് വോളന്റിയർ ഫയർ ഫൈറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള വെല്ലസ്, സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ അവിടെത്തന്നെ തുടർന്നു.
ടവറിൽ പുക നിറഞ്ഞപ്പോൾ ശ്വാസമെടുക്കാൻ അദ്ദേഹം തന്റെ ചുവന്ന ബന്ദാന (തൂവാല) ഉപയോഗിച്ചിരുന്നു. പുക നിറഞ്ഞ ഗോവണികളിലൂടെ അദ്ദേഹം മൂന്ന് തവണയാണ് കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പോയത്. പരിക്കേറ്റ സ്ത്രീകളെ പുറകിൽ ചുമന്നുകൊണ്ടും വഴിതെറ്റിയവരെ സുരക്ഷിതമായി താഴത്തെ നിലകളിൽ എത്തിച്ചും അദ്ദേഹം 18 പേരുടെ ജീവൻ രക്ഷിച്ചു.
ഒടുവിൽ കൂടുതൽ ആളുകളെ രക്ഷിക്കാനായി മറ്റ് ഫയർ ഫൈറ്റർമാർക്കൊപ്പം മുകളിലേക്ക് പോകുന്നതിനിടയിലാണ് സൗത്ത് ടവർ തകർന്നുവീഴുന്നതും വെല്ലസ് മരണപ്പെടുന്നതും. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഫയർ ഫൈറ്റർമാരുടെ മൃതദേഹങ്ങൾക്കൊപ്പം വെല്ലസിന്റെ ഭൗതികശരീരവും കണ്ടെത്തിയത്.
ദുരന്തമുഖത്ത് ചുവന്ന തൂവാല കെട്ടി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ലോകമെമ്പാടും "മാൻ ഇൻ ദി റെഡ് ബന്ദാന" എന്നാണ് വെല്ലസ് ക്രൗതർ അറിയപ്പെടുന്നത്. പ്രഖ്യാപന ചടങ്ങിൽ വെല്ലസിന്റെ മാതാവ് ആലിസൺ ക്രൗതർ ട്രംപിനൊപ്പം വേദി പങ്കിട്ടു. "25 വർഷങ്ങൾക്ക് ശേഷവും എന്റെ മകന്റെ ഓർമ്മകൾ ലോകത്തിന് വെളിച്ചം നൽകുന്നു എന്നത് കാണുമ്പോൾ ഒരു അമ്മയെന്ന നിലയിൽ അഭിമാനമുണ്ട്. ചെറുപ്പം മുതലേ അവൻ കാണിച്ച മാനവികതയുടെയും ഭയമില്ലായ്മയുടെയും തെളിവാണ് ഈ ആദരവെന്ന് അവർ പറഞ്ഞു. വെല്ലസിനെ ഇത്രയും മികച്ച രീതിയിൽ വളർത്തിയതിന് അമ്മ ആലിസണെ ട്രംപും വേദിയിൽ വെച്ച് പ്രത്യേകം അഭിനന്ദിച്ചു.
വെല്ലസ് ക്രൗതറിന്റെ ധീരതയുടെ പ്രതീകമായ ആ ചുവന്ന തൂവാല ഇന്ന് ന്യൂയോർക്കിലെ ഔദ്യോഗിക 9/11 മെമ്മോറിയൽ & മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം പഠിച്ചിറങ്ങിയ ബോസ്റ്റൺ കോളേജ് എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്മരണക്കായി 'റെഡ് ബന്ദാന ഫുട്ബോൾ ഗെയിം' നടത്തുകയും ആരാധകർക്ക് ചുവന്ന തൂവാലകൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.