ഐ.സി.സിയില്‍ ആഫ്രിക്ക ഉയര്‍ത്തുന്ന വെല്ലുവിളി

നവംബര്‍ 16ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) 15ാമത് സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. റോം സ്റ്റാറ്റ്യൂട്ട് അംഗീകരിച്ച അംഗരാജ്യങ്ങള്‍ ഇത്തവണ സമ്മേളിക്കുമ്പോള്‍, ചരിത്രത്തില്‍ ഇതാദ്യമായി സംഘടനയില്‍ എതിര്‍പ്പിന്‍െറ സ്വരം ഉയരുകയാണ്. ഏതാനും ആഴ്ചകള്‍ക്കകമാണ് ഒരു ദശാബ്ദത്തിലേറെ കാലം അംഗങ്ങളായിരുന്ന മൂന്നു രാജ്യങ്ങള്‍ ഐ.സി.സിയില്‍നിന്ന് പിന്‍വലിയുന്നത്.

ഒക്ടോബര്‍ 12ന് റോം സ്റ്റാറ്റ്യൂട്ടില്‍നിന്ന് പിന്മാറുന്നതിന് ബുറുണ്ടി പാര്‍ലമെന്‍റ് വമ്പിച്ച പിന്തുണയോടെ നിയമം പാസാക്കി. ഒക്ടോബര്‍ 19ന് സംഘടനയില്‍നിന്ന് പിന്മാറുന്നതിനുള്ള രേഖയില്‍ ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി മയ്തെ എന്‍കൊഅന-മശബെയ്ന്‍ ഒപ്പുവെച്ചു. ഒക്ടോബര്‍ 26ന് ഐ.സി.സി പ്രോസിക്യൂട്ടറായ ഫതൂ ബിന്‍സൗദയുടെ സ്വന്തം നാടായ ഗാംബിയയും ഐ.സി.സിയില്‍നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

സ്വാഭാവികമായും ഈ സംഭവങ്ങള്‍ വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി. നീതി തേടുന്നവരും നിയമനടപടികളില്‍നിന്ന് സംരക്ഷണം തേടുന്നവരും തമ്മില്‍ നേര്‍ക്കുനേരെയുള്ള വാഗ്വാദമായിരുന്നു അത്. സംഭവത്തിനു പിന്നിലെ വിവിധ വശങ്ങളെ കാണാതെയുള്ള പ്രതികരണമായിരുന്നു അവയെല്ലാം.‘‘ലോകത്തെങ്ങുമുള്ള ദശലക്ഷണക്കിന് ഇരകളോടുള്ള വഞ്ചന’’ എന്നാണ് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ദക്ഷിണാഫ്രിക്കയുടെ നപടിയെ വിശേഷിപ്പിച്ചത്. ബുറുണ്ടി, ദക്ഷിണാഫ്രിക്ക, ഗാംബിയ എന്നീ രാജ്യങ്ങള്‍ക്ക് നീതിയോടുള്ള പ്രതിബദ്ധതയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ചോദ്യം ചെയ്തു.

ഈ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിക്കുന്നവരുടെ വികാരം മനസ്സിലാക്കാനാവും. എന്നാല്‍ ചൈന, റഷ്യ, യു.എസ് എന്നീ വന്‍ശക്തി രാജ്യങ്ങള്‍ ഐ.സി.സിയില്‍ അംഗങ്ങളാവാന്‍ വിസമ്മതിച്ചവരാണെന്ന വസ്തുത നമ്മള്‍ മറക്കരുത്. നീതി തേടുന്നവരും നിയമനടപടികളില്‍നിന്ന് സംരക്ഷണം തേടുന്നവരും തമ്മിലെ പ്രശ്നമായല്ല ഈ വിഷയത്തിലെ ചര്‍ച്ചകള്‍ പരിണമിക്കേണ്ടത്.ഐ.സി.സിയെ മൊത്തമായി തള്ളിക്കളയുകയല്ല ഈ രാജ്യങ്ങള്‍ ചെയ്തത്. അന്താരാഷ്ട്ര തലത്തില്‍ നീതി ലഭ്യമാക്കുക എന്നതിന്‍െറ പ്രമാണങ്ങളെയും അവര്‍ ചോദ്യംചെയ്യുന്നില്ല. പകരം, അന്താരാഷ്ട്ര നീതിന്യായ രംഗത്ത് നിലനില്‍ക്കുന്ന ഘടനാപരമായ പാളിച്ചകളോടുള്ള പ്രതികരണമാണത്. ചിലര്‍ മറ്റു ചിലരെക്കാള്‍ കൂടുതല്‍ സമന്മാരാണെന്ന ഓര്‍വീലിയന്‍ അനിമല്‍ ഫാമിലെ വ്യവസ്ഥയാണ് ഇപ്പോഴുള്ളത്.

ചില രാജ്യങ്ങളിലെ സംഭവങ്ങള്‍ ഐ.സി.സിയുടെ പരിഗണനക്കുവിട്ടും സഖ്യകക്ഷികളെയും സുഹൃത്തുക്കളെയും നിയമനടപടികളില്‍നിന്ന് സംരക്ഷിച്ചും യു.എന്‍ സുരക്ഷ കൗണ്‍സില്‍ ഒര്‍വീലിയന്‍ അനിമല്‍ ഫാമിന്‍െറ സ്വഭാവം കൂടുതല്‍ പ്രകടമാക്കി. 2013ല്‍ ചേര്‍ന്ന അസാധാരണ ആഫ്രിക്കന്‍ ഉച്ചകോടിയില്‍, നിലവില്‍ രാജ്യങ്ങളുടെ തലവനായിരിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുകയോ അന്വേഷണം തുടരുകയോ ചെയ്യരുതെന്ന് തീരുമാനിക്കുകയുണ്ടായി. ഭരണമാറ്റത്തിന് ഐ.സി.സിയെ ഉപയോഗിക്കുമെന്ന പരസ്പരഭീതി ഒഴിവാക്കപ്പെടണമെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.

കൂട്ട പിന്മാറ്റം എന്നതിനെക്കുറിച്ച് ആലോചനകളൊന്നുമില്ളെങ്കിലും, യുഗാണ്ട, ഛാദ്, കെനിയ, നമീബിയ തുടങ്ങിയ രാജ്യങ്ങളും ഐ.സി.സി അംഗത്വം രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണ്. ആഫ്രിക്കയുമായി ഐ.സി.സിയുടെ ബന്ധം തകര്‍ച്ചയുടെ വക്കിലാണ്. എന്നാല്‍, പ്രതിസന്ധിയുടെ ഈ ഘട്ടം സമഗ്രമാറ്റത്തെ കുറിച്ച്, ഏവരെയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ക്ക് സന്ദര്‍ഭമൊരുക്കിയിരിക്കുന്നു.

നിലവില്‍ അധികാരത്തിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന ആവശ്യം വളരെ കാലമായി ഉയരുന്നതാണ്. ഇത്തവണ, ഐ.സി.സി അംഗരാജ്യങ്ങള്‍ അത് ചര്‍ച്ചചെയ്യുമെന്ന് കരുതാം.  
കടപ്പാട്: അല്‍ജസീറ

Tags:    
News Summary - icc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.