തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ മോചനം: ബോകോ ഹറാമുമായി ചര്‍ച്ചക്ക് തയാറെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബുജ: കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബോകോ ഹറാം തട്ടിക്കൊണ്ടുപോയ 200 പെണ്‍കുട്ടികളുടെ മോചനത്തിനായി ബോകോ ഹറാം തീവ്രവാദികളുമായി ചര്‍ച്ചക്കു തയാറെന്ന് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി.
സായുധസംഘം വിശ്വാസയോഗ്യമായ ഒരു പ്രതിനിധിയുമായി വന്നാല്‍ ഉപാധികളില്ലാതെ ചര്‍ച്ചക്കു തയാറെന്ന് അദ്ദേഹം വ്യക്തമാക്കി. 2014 ഏപ്രിലിലാണ് ബോകോ ഹറാം വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോകില്‍നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മുന്‍ പ്രസിഡന്‍റ് ഗുഡ്ലക് ജോനാഥനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ മേയിലാണ് ബുഹാരി ചുമതലയേറ്റത്. തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് തടവുകാരെ ബോകോ ഹറാം അടുത്തിടെ മോചിപ്പിച്ചിരുന്നെങ്കിലും ചിബോക് പെണ്‍കുട്ടികളെ വിട്ടയച്ചില്ല. സായുധസംഘത്തിനെതിരെ സൈന്യത്തിന്‍െറ നീക്കം വിജയംകണ്ടതായി ബുഹാരി പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം മെയ്ദുഗുരിയില്‍ ബോകോ ഹറാം നടത്തിയ ആക്രമണത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്‍െറ വടക്കന്‍മേഖലകളില്‍ സ്വയംഭരണമാവശ്യപ്പെട്ട് ആക്രമണം തുടരുന്ന ബോകോ ഹറാം, സ്ത്രീകളെയും കുട്ടികളെയുമടക്കം നിരവധിപേരെ കൊലപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.