ഇന്ത്യൻ ശതകോടീശ്വരൻ സ്ഥാപകൻ ഗൗതം അദാനിയും മറ്റ് ഉദ്യോഗസ്ഥരും വൈദ്യുതി വിതരണ ഇടപാടുകൾ ഉറപ്പാക്കാൻ കൈക്കൂലി നൽകിയെന്ന് യു.എസ് അധികൃതർ നവംബറിൽ ആരോപിച്ചതിനെ തുടർന്ന് ശ്രീലങ്കയിലെ പുതിയ സർക്കാർ അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ അവലോകനം ചെയ്യാൻ തുടങ്ങിയിരുന്നു.
മൊത്തം 100കോടി ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതികളിൽ നിന്ന് വൈദ്യുതി ചെലവ് കുറക്കുന്നതിന് അദാനി ഗ്രൂപ്പുമായി ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ രണ്ട് നിർദിഷ്ട കാറ്റാടി പദ്ധതികളിൽനിന്ന് പിന്മാറുന്നുവെന്ന് അദാനി ഗ്രീൻ എനർജി ശ്രീലങ്കയെ അറിയിച്ചു.
സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രീലങ്കയോട് തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഭാവിയിൽ സഹകരിക്കാൻ തയ്യാറാണെന്നും അദാനി ഗ്രീൻ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ശ്രീലങ്കയുടെ നിക്ഷേപ ബോർഡ് പ്രതികരിക്കാൻ വിസമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കയുമായുള്ള അദാനി ഗ്രീനിന്റെ കരാർ പ്രകാരം, വടക്കൻ പട്ടണമായ മാന്നാറിലും പൂനേരിലെ ഗ്രാമത്തിലും രണ്ട് കാറ്റാടി വൈദ്യുത പദ്ധതികളും രണ്ട് ട്രാൻസ്മിഷൻ പദ്ധതികളും നിർമിക്കാനാണ് വിഭാവനം ചെയ്തത്.
കൊളംബോയിലെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്ത് 700 മില്യൺ ഡോളറിന്റെ ടെർമിനൽ പദ്ധതി നിർമ്മിക്കുന്നതിലും അദാനി ഗ്രൂപ്പിന് പങ്കുണ്ട്. 2022 ലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് വൈദ്യുതി തടസ്സങ്ങളും ഇന്ധനക്ഷാമവും നേരിട്ട ശ്രീലങ്ക, ഇറക്കുമതി ചെയ്ത ഇന്ധനച്ചെലവിലെ കുതിച്ചുചാട്ടത്തിൽ നിന്ന് രക്ഷനേടാൻ പുനഃരുപയോഗ ഊർജ പദ്ധതികൾ അതിവേഗം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.