ധാക്ക: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗ്ലാദേശിൽ സംഘടിപ്പിച്ച രാഷ്ട്രീയ റാലി അക്രമാസക്തമായി. റാലിക്കിടെയുണ്ടായ സംഘർഷത്തിൽ മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) പ്രവർത്തകനും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ധാക്ക ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. 2024 ജനുവരിയിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.എൻ.പിയും ഭരണകക്ഷിയായ അവാമി ലീഗുമാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്.
ഫകിറാപൂൾ ഭാഗത്ത് ബി.എൻ.പി പ്രവർത്തകരും പൊലീസുകാരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഈ സംഘർഷത്തിലാണ് രണ്ടുപേരുടെ ജീവൻ നഷ്ടമായത്. പൊലീസ് വെടിവെപ്പിലാണ് ബി.എൻ.പി പ്രവർത്തകൻ ഷമീം മുല്ല മരിച്ചത്. എന്നാൽ ഇക്കാര്യം നിഷേധിച്ച ബംഗ്ലാദേശ് പൊലീസ് മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണെന്ന് അവകാശപ്പെട്ടു. ഇയാളുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ അടയാളങ്ങളില്ലെന്നാണ് പൊലീസ് വാദം.
അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് അധികാരം കെയർടേക്കർ സർക്കാരിനെ ഏൽപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അവസരമൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തങ്ങളുടെ ആസ്ഥാനത്ത് നിന്നാണ് ബി.എൻ.പി റാലി തുടങ്ങിയത്. സമാന്തരമായി അവാമി ലീഗ് പ്രവർത്തകർ സമാധാന, വികസന റാലിയും സംഘടിപ്പിച്ചു. ബി.എൻ.പി പ്രവർത്തകർ റാലിയിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതോടെ അവാമി ലീഗ് പ്രവർത്തകർ റാലിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.