അമേരിക്കയിൽ ഗർഭഛിദ്ര ഗുളികകൾക്ക് നിയന്ത്രണം; തപാൽ വിതരണം തടഞ്ഞു, ഡോക്ടറെ നേരിട്ട് കാണൽ നിർബന്ധമെന്ന് കോടതി

വാഷിങ്ടൺ: അമേരിക്കയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഗർഭഛിദ്ര ഗുളികയായ 'മിഫിപ്രിസ്റ്റോൺ' (Mifepristone) വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് അപ്പീൽ കോടതി. ഗുളികകൾ തപാൽ വഴിയോ ഫാർമസികൾ വഴിയോ നേരിട്ട് അയക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞു. ഇനിമുതൽ ഈ ഗുളികകൾ ഡോക്ടറെ നേരിട്ട് കണ്ട് മാത്രമേ വാങ്ങാൻ സാധിക്കൂ.

ലൂസിയാന സംസ്ഥാനം നൽകിയ ഹരജിയിലാണ് ഫിഫ്ത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിന്റെ ഉത്തരവ്. ഡോക്ടറെ നേരിട്ട് കാണാതെ ടെലിമെഡിസിൻ വഴി ഗുളികകൾ നൽകാനും തപാൽ വഴി അയക്കാനും അനുമതി നൽകിയിരുന്ന 2023ലെ എഫ്.ഡി.എ (FDA) പരിഷ്കാരമാണ് കോടതി മരവിപ്പിച്ചത്. ഗർഭധാരണം നടന്ന നിമിഷം മുതൽ ഓരോ ശിശുവും നിയമപരമായ വ്യക്തിത്വമുള്ള മനുഷ്യനാണെന്ന ലൂസിയാനയുടെ നയത്തെ എഫ്.ഡി.എ നടപടി ലംഘിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധിക്ക് പിന്നാലെ അമേരിക്കയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള വിജയമാണിതെന്ന് ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ പറഞ്ഞു. ശാസ്ത്രത്തെയും നിയമത്തെയും വെല്ലുവിളിക്കുന്ന തീരുമാനമാണിതെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) പ്രതികരിച്ചു. എന്നാൽ ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനുള്ള അവകാശം തുടർന്നും സംരക്ഷിക്കപ്പെടുമെന്ന് അവിടത്തെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് മിഫിപ്രിസ്റ്റോൺ?

ഗർഭധാരണം തുടരാൻ ആവശ്യമായ പ്രോജസ്റ്ററോൺ ഹോർമോണിനെ തടയുകയാണ് മിഫിപ്രിസ്റ്റോൺ ചെയ്യുന്നത്. തുടർന്ന് 'മിസോപ്രോസ്റ്റോൾ' എന്ന രണ്ടാമത്തെ ഗുളിക കൂടി ഉപയോഗിച്ചാണ് ഗർഭഛിദ്രം പൂർത്തിയാക്കുന്നത്. 2000ൽ ആണ് അമേരിക്കയിൽ ഈ ഗുളികക്ക് അനുമതി നൽകിയത്. 95 ശതമാനത്തിലധികം ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നുമാണ് അമേരിക്കൻ കോളജ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നത്.

ഈ കോടതി വിധി നിലവിൽ വന്നതോടെ ഗർഭഛിദ്രം നിരോധിച്ച സംസ്ഥാനങ്ങളിൽ ഗുളികകൾ എത്തിക്കുന്നത് കൂടുതൽ പ്രയാസകരമാകും. കേസിന്റെ അന്തിമ വിധി വരുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും.

Tags:    
News Summary - US court limits mail-order access to abortion pill mifepristone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.