വാഷിങ്ങ്ടൺ: ഇറാന്റെ നിയന്ത്രണത്തിലുള്ള ഹുർമുസ് കടലിടുക്കിൽ ഇറാനിയൻ എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുന്ന യു.എസ് നടപടിയെ 'കടൽക്കൊള്ള'യോട് ഉപമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അമേരിക്കൻ നാവികസേനയുടെ ഈ ഓപ്പറേഷനുകളെ ട്രംപ് പരസ്യമായി പ്രശംസിച്ചത്.
'ഞങ്ങൾ കപ്പലിന് മുകളിൽ വന്നിറങ്ങുന്നു, അത് കീഴടക്കുന്നു. കപ്പലും അതിലെ ചരക്കുകളും എണ്ണയും ഞങ്ങൾ സ്വന്തമാക്കുന്നു. ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണ്. ഇതൊരു ലാഭകരമായ ബിസിനസ്സാണ്,' ട്രംപ് പറഞ്ഞു. യു.എസ് നാവികസേന കപ്പലുകൾ പിടിച്ചെടുക്കുന്ന രീതിയെക്കുറിച്ച് ട്രംപ് ആവേശത്തോടെയാണ് റാലിയിൽ സംസാരിച്ചത്.
ട്രംപിന്റെ പ്രസ്താവനക്കും യു.എസ് നടപടിക്കുമെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ആരോപിച്ച ഇറാൻ, ഇത് 'കടലിലെ സായുധ കവർച്ച' (Armed Robbery) ആണെന്ന് വിശേഷിപ്പിച്ചു. യു.എസ് നടപടിയെ വിമർശിച്ചുകൊണ്ട് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് രംഗത്തെത്തയിരുന്നു. 'ലോകം കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ്. നിയമവിരുദ്ധമായ പിടിച്ചെടുക്കലുകളെ നിയമപരമെന്ന് വരുത്തിത്തീർക്കുക വഴി കടൽക്കൊള്ളയെ നിയമവിധേയമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്' -അദ്ദേഹം പറഞ്ഞു.
യുദ്ധം തുടങ്ങിയത് മുതൽ സ്വന്തം കപ്പലുകളൊഴികെ മറ്റെല്ലാ കപ്പലുകളെയും ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിൽ നിന്ന് ഇറാൻ തടഞ്ഞിരിക്കുകയാണ്. ഇതിന് മറുപടിയായാണ് ഹുർമുസിലും ഇറാന്റെ തുറമുഖങ്ങളിലും അമേരിക്ക പ്രത്യേക ഉപരോധം ഏർപ്പെടുത്തിയതെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ച 45 കപ്പലുകളെ വെള്ളിയാഴ്ച വരെ വഴിതിരിച്ചുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 'എത്രകാലം വേണമെങ്കിലും ഉപരോധം തുടരും' എന്നാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയത്. ഏത് രാജ്യത്തിന്റെ കപ്പലായാലും ഇറാന്റെ തുറമുഖങ്ങളിലേക്ക് പോവുകയോ വരികയോ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് ജനറൽ ഡാൻ കെയ്നും മുന്നറിയിപ്പ് നൽകി.
അമേരിക്ക തുറമുഖ ഉപരോധം തുടരുന്നിടത്തോളം കാലം ഹുർമുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയെയും ആഗോള എണ്ണ വിതരണത്തെയും ഈ തർക്കം വരുംദിവസങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.