ഒാസ്ട്രേലിയൻ പ്രസിദ്ധീകരണമായ 'മക്കെ ആൻഡ് വിറ്റ്സണ്ടെ ലൈഫ്' ആഗസ്റ്റ് 12 ന് ഇറക്കിയ പതിപ്പിന്റെ നാലാം പേജ് കണ്ടപ്പോൾ ശരിക്കും കണ്ണു തള്ളിയ അവസ്ഥയിലായിരുന്നു വായനക്കാർ. നാലാം പേജിൽ നിറഞ്ഞു നിൽക്കുന്ന മുഴുപേജ് പരസ്യം കണ്ടവർക്കൊക്കെയും സംശയങ്ങളോട് സംശയങ്ങളായിരുന്നു. അതുകൊണ്ടുതന്നെ രാവിലെ മുതൽ പത്രമോഫീസിലെ ഫോണുകൾക്കൊന്നും വിശ്രമമുണ്ടായിരുന്നില്ല. ഒടുവിൽ ഫേസ്ബുക്കിൽ ചെറിയൊരു വിശദീകരണം കുറിച്ചുകൊണ്ട് ആളുകളോടൊന്ന് 'അടങ്ങാൻ' അഭ്യർഥിക്കുകയായിരുന്നു പത്രകമ്പനി.
'പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു. നീ എന്തൊരു വൃത്തികെട്ട വഞ്ചകനാണെന്ന് ഇപ്പോൾ എല്ലാവരും അറിയട്ടെ : എന്ന് ജെന്നി' -വെണ്ടക്ക അക്ഷരത്തിൽ ഇത്രയുമായിരുന്നു ഒരു മുഴു പേജിൽ അച്ചടിച്ചു വന്നത്. നിന്റെ ക്രഡിറ്റ് കാർഡുപയോഗിച്ചാണ് ഞാനീ പരസ്യത്തിന്റെ ബില്ല് കൊടുക്കുന്നത് എന്നു കൂടി പരസ്യത്തിലുണ്ടായിരുന്നു.
ആരാണ് ജെന്നി, ആരാണ് സ്റ്റീവ് എന്നൊക്കെ അറിയാനായാണ് രാവിലെ മുതൽ പത്രമോഫീസിലേക്ക് ആളുകൾ വിളി തുടങ്ങിയത്. തന്നെ വഞ്ചിച്ച കാമുകനോട് മധുരപ്രതികാരം ചെയ്ത് ജെന്നിയെ അഭിനന്ദിക്കാനും സ്റ്റീവിനെയൊന്ന് ഉപദേശിക്കാനുമായാണ് ചിലയാളുകൾ വിളിച്ചത്. സ്റ്റീവ് ജെന്നിയെ വഞ്ചിച്ചെന്നും പുതിയ ബന്ധമുണ്ടാക്കി ജെന്നിയെ ഉപേക്ഷിച്ചെന്നും പരസ്യത്തിൽ വ്യക്തമാണ്.
സ്റ്റീവ് ആരാണെന്ന് ഞങ്ങൾക്കറിയില്ലെങ്കിലും അയാളൊരു മോശക്കാരനാണെന്നായിരുന്നു പത്ര കമ്പനി ഫേസ്ബുക്കിലെഴുതിയ വിശദീകരണം. ജെന്നിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടില്ലെന്നും അവർ ഫേസ്ബുക്കിലെഴുതി.
ജെന്നിക്ക് പിന്തുണ നൽകിയും സ്റ്റീവിനെ ചീത്ത വിളിച്ചും സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം കമൻറുകളും പോസ്റ്റുകളും നിറയുകയും ചെയ്തു. എന്നാൽ, അപൂർവം ചിലർ ഈ സംഭവത്തിൽ നിന്ന് മറ്റുള്ളവർക്ക് പാഠമാകാനുള്ള മറ്റൊരു 'ഗുണപാഠമാണ്' കമന്റു ചെയ്തത്. എത്ര അടുപ്പത്തിലായാലും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കരുതെന്നായിരുന്നു ആ 'ഗുണപാഠം'. സ്റ്റീവിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പരസ്യതുക നൽകിയതെന്ന ജെന്നിയുടെ പരസ്യവാചകത്തെ സൂചിപ്പിച്ചായിരുന്നു ഈ പരിഹാസം. സ്റ്റീവിന്റെ പണം കൊണ്ട് തന്നെ സ്റ്റീവിനുള്ളിലെ വഞ്ചകനെ തുറന്നുകാട്ടിയ ജെന്നിയാണ് യഥാർഥ താരമെന്നായിരുന്നു ഈ പരിഹാസത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തന്നെ വന്ന മറുപടി.
എന്നാൽ, സംശയമുള്ള ക്രെഡിറ്റ് കാർഡായതിനാൽ ഞങ്ങളതിൽ നിന്ന് പണമീടാക്കിയിട്ടില്ലെന്നായിരുന്നു പത്ര കമ്പനിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.