photo: AFP / Mahmud Hams
ഗസ്സ സിറ്റി: തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്പിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തോതിൽ നാശനഷ്ടങ്ങളാണ് പാർപ്പിടങ്ങൾക്ക് സംഭവിച്ചതെന്ന് റിപ്പോർട്ട്. ഗസ്സയിലെ 60 ശതമാനം പാർപ്പിടങ്ങളും ഇസ്രായേൽ ആക്രമണത്തിനിരയായെന്ന് റിപ്പോർട്ട് പറയുന്നു. ഇവയിൽ പലതും പൂർണമായും നശിപ്പിക്കപ്പെട്ടവയാണ്. ബാക്കിയുള്ള പാർപ്പിടങ്ങൾ ഭാഗികമായും തകർന്നു.
ലക്ഷക്കണക്കിനു പേർ തിങ്ങിപ്പാർക്കുന്ന ഗസ്സയിൽ ഇസ്രായേൽ ബോംബിങ്ങിന്‍റെ ആഘാതം അനുഭവിക്കാത്ത പാർപ്പിടങ്ങൾ കുറവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2,22,000-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ചെയ്തതായി ഫലസ്തീൻ പൊതുമരാമത്ത്, ഭവന വകുപ്പിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) പറയുന്നത്. ഗസ്സയിലെ 51 ശതമാനത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കപ്പെട്ടു. ഇതോടെ 6,25,000 വിദ്യാർഥികളുടെ പഠനമാണ് ചോദ്യചിഹ്നമാകുന്നത്.
വാസയോഗ്യമായ ഒരു കെട്ടിടം മാത്രമേ അവിടെ കണ്ടുള്ളൂ എന്നാണ് ഗസ്സയിലെ ബൈത്ത് ഹനൂൻ നഗരത്തിലേക്ക് ഇസ്രായേൽ സൈന്യത്തിനൊപ്പം പോയ ഒരു ഇസ്രായേലി റിപ്പോർട്ടർ നവംബർ 12-ന് വെളിപ്പെടുത്തിയത്. ഇസ്രായേൽ ആക്രമണത്തിന് മുമ്പ് 52,000-ത്തിലധികം ആളുകൾ താമസിച്ചിരുന്ന നഗരത്തിന്‍റെ അവസ്ഥയാണിത്.
47 നാൾ നീണ്ട ആക്രമണത്തിൽ 5,600 കുട്ടികളും 3,550 സ്ത്രീകളുമടക്കം 13,000ലധികം പേരാണ് കൊല്ലപ്പെട്ടത്. 31,000 പേർക്ക് പരിക്കേറ്റു.
ഇസ്രയേലും ഹമാസും അംഗീകരിച്ച വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ 24 മണിക്കൂറിനകം പ്രഖ്യാപിക്കും. വെടിനിർത്തൽ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10ന് പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം മൗസ അബൂ മർസൂക് അറിയിച്ചു. ഇസ്രായേലി വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. ലബനാനിലെ ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള ധാരണപ്രകാരം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം 150 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയക്കും. അധികമായി മോചിപ്പിക്കുന്ന 10 ബന്ദികൾക്ക് പകരമായി വെടിനിർത്തൽ ഓരോ ദിവസത്തേക്കുകൂടി ദീർഘിപ്പിക്കുമെന്നും കരാറിൽ പറയുന്നു. ഗസ്സയിലേക്ക് ഇന്ധനമടക്കം അടിയന്തര സഹായമെത്തിക്കാൻ അനുവദിക്കും.
യുദ്ധ മന്ത്രിസഭയുടെയും സുരക്ഷ മന്ത്രിസഭയുടെയും അംഗീകാരത്തെ തുടർന്ന് ആറു മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കുശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയത്. 35 പേർ കരാറിനെ അനുകൂലിച്ചപ്പോൾ തീവ്രവലതുപക്ഷക്കാരായ മൂന്നുപേർ എതിർത്തു. മോചനത്തിന് അർഹരായ 300 ഫലസ്തീനികളുടെ പട്ടിക ഇസ്രായേൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 150 പേരെയാകും ആദ്യഘട്ടത്തിൽ വിട്ടയക്കുക. ഹമാസിനെ ഇല്ലാതാക്കി എല്ലാ ബന്ദികളെയും മോചിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുംവരെ ആക്രമണം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
ഇസ്രായേൽ-ഹമാസ് സംഘർഷം യുദ്ധത്തിനും അപ്പുറത്തേക്ക് പോയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇതൊരു തീവ്രവാദപ്രവർത്തനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരൻമാരുടെ ബന്ധുക്കളുമായും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടെ ബന്ധുക്കളുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് മാർപാപ്പയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.