കറാച്ചി: കഴിഞ്ഞ നാലുവർഷത്തിനിടെ രാജ്യത്ത് 42 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് പാകിസ്താൻൻ പാർലമെൻററികാര്യ മന്ത്രി മുർതസ ജാവേദ് പാർലമെന്റിനെ അറിയിച്ചു. പാകിസ്താൻ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15 മാധ്യമപ്രവർത്തകർ പഞ്ചാബിലും 11 പേർ സിന്ധിലും 13 പേർ ഖൈബർ പഖ്തുൻഖ്വയിലും മൂന്നുപേർ ബലൂചിസ്താനിലും കൊല്ലപ്പെട്ടു. വെടിയേറ്റു മരിക്കുകയോ തീവ്രവാദികളാൽ കൊല്ലപ്പെടുകയോ ചെയ്തവരാണ് ഇവരെല്ലാം.
കുറ്റക്കാർക്കെതിരെ സർക്കാർ വേഗത്തിൽ നടപടിയെടുക്കുമെന്നും മാധ്യമപ്രവർത്തകർക്ക് പ്രത്യേക സുരക്ഷ നൽകേണ്ടതുണ്ടെന്നും മുർതസ ജാവേദ് പറഞ്ഞു. വിഷയത്തിൽ ഏകീകൃത റിപ്പോർട്ട് തയാറാക്കി രണ്ട് മാസത്തിനകം സഭയിൽ അവതരിപ്പിക്കാൻ ആഭ്യന്തര, വിവര മന്ത്രാലയങ്ങളോട് അദ്ദേഹം നിർദേശിച്ചു.
പാകിസ്താനിലെ ലിംഗ വേതന വ്യത്യാസം, ലിംഗ വിവേചനം, സ്ത്രീ ജീവനക്കാരോടുള്ള അന്യായമായ പെരുമാറ്റം തുടങ്ങിയവയും വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന വിവേചനങ്ങളും അടുത്തിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഓൺലൈൻ ഇടങ്ങളിൽ ഉൾപ്പെടെ അഭിപ്രായസ്വാതന്ത്ര്യ സൂചികകളിൽ പാസ്താൻ സ്ഥിരമായി താഴ്ന്ന നിലയിലാണ്. രാജ്യത്തെ വനിതാ മാധ്യമപ്രവർത്തകർ അക്രമത്തിനും ഭീഷണികൾക്കും ഇരയാവാൻ കൂടുതൽ സാധ്യതയുള്ളവരാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.