ദൈവ ദർശനത്തിനായി കാട്ടിൽ പോയി പട്ടിണി കിടന്ന നാല് പേർ മരിച്ചു

നെയ്റോബി: പാസ്റ്ററുടെ വാക്ക് കേട്ട് ദൈവ ദർശനത്തിനായി കാട്ടിൽ പോയി പട്ടിണി കിടന്ന സംഘത്തിലെ നാല് പേർ മരിച്ചു. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്. അവശ നിലയിലായ 11 പേരെ ആശുപത്രിയിൽ എത്തിച്ചു.കെനിയയിലെ കിലിഫി കൗണ്ടിലെ വനത്തിനുള്ളിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്.

യേശുവിനായുള്ള കാത്തിരിപ്പിൽ ഉപവസിക്കണമെന്ന പാസ്റ്ററുടെ നിർദ്ദേശത്തെ തുടർന്ന് ദിവസങ്ങളോളമായി ഇവർ വനത്തിൽ താമസിക്കുകയായിരുന്നു. വനത്തിനുള്ളിൽ പ്രാർഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അങ്ങോട്ട് എത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മഹാദുരന്തം ഒഴിവാക്കി കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കണം എന്നായിരുന്നു പാസ്റ്ററുടെ നിർദേശം. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് മേധാവി പോൾ മകെൻസി ന്തേംഗേയാണ് സംഘത്തെ കാട്ടിലേക്ക് അയച്ചത്. നേരത്തെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ ഇപ്പോൾ ജാമ്യത്തിലാണ്.

മരണം ആ കുട്ടികളെ ഹീറോ ആക്കുമെന്നായിരുന്നു പാസ്റ്റർ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് രണ്ട് കുഞ്ഞുങ്ങളെയും അവിടുത്തെ കുഴിമാടത്തിൽ അടക്കം ചെയ്തുവെന്നും പൊലീസ് പറഞ്ഞു.വനത്തിനുള്ളിൽ സമുദായ പുരോഹിതരുൾപ്പെടെയുള്ളവരെ അടക്കം ചെയ്തിരിക്കുന്ന ഒരു കൂട്ട ശവക്കുഴിയുണ്ടെന്നും അധികൃതർ പറയുന്നു.

Tags:    
News Summary - 4 People Found Dead In Kenyan Forest, Were Fasting To "Meet Jesus"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.