കിയവ്: തലസ്ഥാനത്തടക്കം നിരവധി യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. 367 ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്.
മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുക്രെയ്ൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു. 69 മിസൈലുകളും ഇറാൻ നിർമിച്ച ഷാഹിദ് ഡ്രോണുകൾ ഉൾപ്പെടെ 298 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. യുക്രെയ്ൻ കിയവ് ദിനം ആചരിച്ച ദിവസമാണ് റഷ്യയുടെ സൈനിക നടപടി. 110 യുക്രെയ്ൻ ഡ്രോണുകൾ രാത്രി വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
റഷ്യൻ മിസൈലുകളും ഡ്രോണുകളും 30 ലേറെ നഗരങ്ങളിലും ഗ്രാമങ്ങളിലും പതിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആരോപിച്ചു. റഷ്യക്കെതിരെ പാശ്ചാത്യൻ രാജ്യങ്ങൾ ഉപരോധം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് നേരെയുള്ള ബോധപൂർവമായ ആക്രമണമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.