വാഷിംഗ്ടൺ: കരിബിയൻ കടലിൽ ലഹരിക്കടത്തിന് ശ്രമിച്ച അന്തർവാഹിനി ആക്രമിച്ച് തകർത്ത് യു.എസ് സൈന്യം. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു, രക്ഷപ്പെട്ട രണ്ടുപേരെ സ്വദേശമായ ഇക്വാഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
കരീബിയൻ കടലിലെ കുപ്രസിദ്ധമായ ലഹരിക്കടത്ത് പാതയിലൂടെ നീങ്ങുകയായിരുന്ന വലിയ അന്തർവാഹിനി തകർത്തത് അഭിമാനകരമാണെന്ന് ട്രംപ് കുറിച്ചു. അന്തർവാഹിനിയിൽ ഫെന്റനിൽ അടക്കം മാരക ലഹരിവസ്തുക്കളാണ് ഉണ്ടായിരുന്നത്. ഇത് കരക്കടുത്തിരുന്നുവെങ്കിൽ കുറഞ്ഞത് 25,000 അമേരിക്കക്കാർ ലഹരി അടിമത്വത്തിൽ മരിക്കുമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
പ്രതികളെ യു.എസ് തിരിച്ചയക്കുന്നത് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കയിൽ നിന്നുള്ള ലഹരിയൊഴുക്കിന് തടയിടാൻ യു.എസ് സൈന്യം നീക്കം ശക്തമാക്കി വരികയാണ്. സെപ്റ്റംബർ മുതൽ സ്പീഡ് ബോട്ടുകളടക്കം ആറോളം ലഹരിക്കടത്ത് ശ്രമങ്ങൾ സൈന്യം ആക്രമിച്ച് പരാജയപ്പെടുത്തിയിരുന്നു. ഇവയിൽ പലതിനും വെനിസ്വേലയുമായി ബന്ധമുണ്ടെന്നാണ് യു.എസ് ആരോപിക്കുന്നത്.
ഇതിനിടെ, കുറ്റകൃത്യം സംശയിക്കുന്ന സാഹചര്യത്തിൽ പോലും ആളുകളെ ആക്രമിച്ച് കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് വിമർശനമുയരുന്നുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ യു.എസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവിധ സൈനീക നടപടികളിലായി 27 പേരിലധികം കൊല്ലപ്പെട്ടിരിക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.