കാട്ടുതീയിൽ വെന്ത് ഗ്രീസ്; അയൽരാജ്യങ്ങളിലും ഭീഷണി

ലണ്ടൻ: ഉഷ്ണതരംഗവും കാട്ടുതീയും ദുരന്തമുഖത്താക്കിയ ഗ്രീസിൽ പലായനം ചെയ്ത് ആയിരങ്ങൾ. റോഡ്സ്, കോർഫു ദ്വീപുകളിൽനിന്നുമാത്രം പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോഡ്സിൽ തുടർച്ചയായ ഏഴാം ദിവസവും അഗ്നി നിയന്ത്രണാതീതമായി തുടരുകയാണ്. ഇവിടെനിന്നുമാത്രം 19,000 പേരെ ബസുകളിലും ബോട്ടുകളിലുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ എത്തിയ 10 വിമാനങ്ങൾ, 10 ഹെലികോപ്ടറുകൾ എന്നിവ ഉപയോഗിച്ച് തീകെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിജയിക്കാനായിട്ടില്ല. ഇവരിൽ ഏറെപ്പേരും വിനോദസഞ്ചാരികളാണ്. മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ കോർഫുവിൽനിന്ന് 2400 പേരെയാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ മാറ്റിപ്പാർപ്പിച്ചത്. ഇവിയ ദ്വീപിലും കുടിയൊഴിപ്പിക്കൽ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ക്രെറ്റെയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രീസിനു പുറമെ സിസിലി, ക്രൊയേഷ്യ, അൾജീരിയ, തുനീഷ്യ, ഇറ്റലി എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അൾജീരിയയിൽമാത്രം 10 സൈനികരടക്കം 34 പേർ ഇതിനകം കാട്ടുതീയിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇറ്റലിയിൽ അഗ്നിബാധ പടർന്നതിനെ തുടർന്ന് പാലർമോയിലെ ഒരു വിമാനത്താവളം അടച്ചിട്ടു.

മനുഷ്യൻ സൃഷ്ടിച്ച കാലാവസ്ഥ പ്രശ്നങ്ങളാണ് സ്ഥിതി സങ്കീർണമാക്കിയതെന്നും കൂടുതൽ ഗുരുതരമായി മാറിയേക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags:    
News Summary - 20,000 Flee Rhodes Island, Plane Fighting Fires Crashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.