വാഷിങ്ടൺ: കുറച്ചുവർഷങ്ങൾക്കിടെ കാണാതാവുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ടുകൾ. സമീപ വർഷങ്ങളിൽ അമേരിക്കയിലും ചൈനയിലുമായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേരാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. പലരെയും കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനുപിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
യു.എസിലെ 11 ഉന്നത പ്രതിരോധ ശാസ്ത്രജ്ഞരാണ് ദുരൂഹമായി കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തത്. ഇത് അമേരിക്കയുടെ പ്രതിരോധരംഗത്ത് വൻ ചർച്ചയായിരുന്നു. വാഷിങ്ടണിലെ ഈ അലയൊലിക്കുശേഷം അന്വേഷണം ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ചൈനയടക്കമുള്ള പല രാജ്യങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ബഹിരാകാശ, പ്രതിരോധ, ആണവ സാങ്കേതികവിദ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കുറഞ്ഞത് ഒമ്പത് ചൈനീസ് ശാസ്ത്രജ്ഞരെങ്കിലും സമാനമായ, ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും യാദൃശ്ചികതയാണോ അതോ മറ്റെന്തെങ്കിലും സംഭവം ഇതിനുപിന്നിലുണ്ടോ എന്ന് ചർച്ചചെയ്യുകയാണ് രാജ്യങ്ങളിപ്പോൾ.
ഈ മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തുന്ന തരത്തിലുള്ള വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും, ഈ മരണങ്ങൾ നടന്ന സമയവും അവരുടെ പ്രവർത്തന മേഖലയും നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ചൈനയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ 38 കാരനായ പ്രഫസർ 2023 ജൂലൈ ഒന്നിന് പുലർച്ചെ ബീജിങ്ങിൽ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. സൈനിക രംഗത്തെ എ.ഐ മേഖലയിലും ഹൈപ്പർസോണിക് ആയുധങ്ങൾ, ബഹിരാകാശ പ്രതിരോധം എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ മരണങ്ങളുടെ ഒരു പരമ്പര തന്നെ ചൈനീസ് മാധ്യമങ്ങൾ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.
ചൈനയും യു.എസും തമ്മിലുള്ള സൈനിക-ബഹിരാകാശ-എ.ഐ മത്സരങ്ങൾ മുറുകുമ്പോൾ രണ്ടിടങ്ങളിലെയും മരണങ്ങൾക്ക് ഈ മത്സരവുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. സാമ്പത്തിക ശക്തിയിലും സൈനികശക്തിയിലും കരുത്തരായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അപ്രഖ്യാപിത ഏറ്റുമുട്ടലാണോ ഇതെന്നുമുള്ള ചർച്ചകളും പല കോണുകളിലും നടക്കുകയാണ്. ചൈനീസ് മാധ്യമങ്ങൾ പലപ്പോഴും ശാസ്ത്രജ്ഞരുടെ ഈ അപകട മരണങ്ങളെ റോഡപകടങ്ങളായി അവതരിപ്പിച്ചിട്ടില്ല. മരണങ്ങളുടെ കാരണങ്ങളും അവർ വ്യക്തമാക്കിയിട്ടില്ല. ഇതല്ലൊം സംശയങ്ങൾക്ക് വഴിവെക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ചൈനയിൽ മരണപ്പെട്ട ശാസ്ത്രജ്ഞരെല്ലാം 26നും 68നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.