വത്തിക്കാനിലെ തടവുകാർ

മാർപാപ്പയു​െട ആസ്ഥാനം എന്ന നില​ക്ക്​ വിശ്വാസികൾക്ക്​ ഏറെ പ്രാധാന്യമുള്ള വത്തിക്കാനിലൂടെയുള്ള യാത്രയാണിത്​. അവിടുത്തെ ചരി​ത്രത്തിലൂടെയും ബസിലിക്കയിലൂടെയും സഞ്ചാരം നീളുന്നു.മുസോളിനി പണിത വഴിയങ്ങനെ നീണ്ടുകിടക്കുന്നു. അനുരഞ്ജനത്തിന്റെ വഴി എന്ന് അർഥമുള്ള ‘വിയ ഡെല്ലാ കോൺസിലിയാസോൺ’. അതുവഴി നടന്നാണ് പിയാസ സാൻ പിയെട്രോയിൽ എത്തിയത്. വത്തിക്കാനിലെ തടവുകാരെ മോചിപ്പിക്കാൻ മുസോളിനിയുടെ ഇടപെടൽ നിർണായകമായിരുന്നു. വഴിയുടെ തുടക്കത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കുംഭഗോപുരം വ്യക്തമായി കാണാമായിരുന്നെങ്കിലും, അടുത്തെത്തിയപ്പോൾ പള്ളിയുടെ മുൻവശം ഗോപുരത്തിനെ ഏറക്കുറെ പൂർണമായും മറച്ചിരുന്നതായി...

മാർപാപ്പയു​െട ആസ്ഥാനം എന്ന നില​ക്ക്​ വിശ്വാസികൾക്ക്​ ഏറെ പ്രാധാന്യമുള്ള വത്തിക്കാനിലൂടെയുള്ള യാത്രയാണിത്​. അവിടുത്തെ ചരി​ത്രത്തിലൂടെയും ബസിലിക്കയിലൂടെയും സഞ്ചാരം നീളുന്നു.

മുസോളിനി പണിത വഴിയങ്ങനെ നീണ്ടുകിടക്കുന്നു. അനുരഞ്ജനത്തിന്റെ വഴി എന്ന് അർഥമുള്ള ‘വിയ ഡെല്ലാ കോൺസിലിയാസോൺ’. അതുവഴി നടന്നാണ് പിയാസ സാൻ പിയെട്രോയിൽ എത്തിയത്. വത്തിക്കാനിലെ തടവുകാരെ മോചിപ്പിക്കാൻ മുസോളിനിയുടെ ഇടപെടൽ നിർണായകമായിരുന്നു. വഴിയുടെ തുടക്കത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കുംഭഗോപുരം വ്യക്തമായി കാണാമായിരുന്നെങ്കിലും, അടുത്തെത്തിയപ്പോൾ പള്ളിയുടെ മുൻവശം ഗോപുരത്തിനെ ഏറക്കുറെ പൂർണമായും മറച്ചിരുന്നതായി കണ്ടു. ഗോപുരത്തിന്റെ സ്ഥിതി ഇതാവും എന്ന് അത് വിഭാവനചെയ്ത മൈക്കലാഞ്ജലോ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

പതിനാറാം നൂറ്റാണ്ടിൽ 120 വർഷമെടുത്താണ് ബസിലിക്കയുടെ പണി പൂർത്തിയാക്കിയത്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിൾ പണിത ബസിലിക്കയുടെ രൂപം മാറ്റാൻ ഏൽപിച്ചത് ഡൊണാറ്റോ ഭ്രമന്റെ എന്ന വാസ്തുശിൽപിയെയായിരുന്നു. പിന്നീട് റാഫേൽ, മൈക്കലാഞ്ജലോ, മോഡെർണോസ്, ബെർണിനി തുടങ്ങിയവരും അവരവരുടേതായ ആശയങ്ങൾക്കനുസൃതമായി ഡിസൈൻ മാറ്റി. അങ്ങനെയാണ് പിന്നീട് വന്ന മോഡെർണോസ് പണിത മുഖപ്പ് ഗോപുരത്തെ മറച്ചത്.

ബസിലിക്കയുടെ ഇരുവശത്തും തൂണുകൾകൊണ്ടലങ്കരിച്ച ചന്ദ്രക്കലയുടെ ആകൃതിയിലുള്ള രണ്ടു കെട്ടിടങ്ങൾ. ബസിലിക്ക ഇരുകൈകളുംകൊണ്ട് പിയാസയെ കെട്ടിപ്പിടിക്കുന്ന പ്രതീതി. പിയാസക്ക് ഒത്തനടുവിൽനിന്ന ചുവന്ന ഗ്രാനൈറ്റിൽ തീർത്ത മൂന്നൂറ്റിയമ്പത് ടൺ ഭാരമുള്ള സ്മാരകസ്തംഭം പല അനിഷ്ടസംഭവങ്ങളെയും ഓർമിപ്പിച്ചു. വത്തിക്കാൻ നിന്നിരുന്ന പ്രദേശം ടിബർ നദിയുടെ പടിഞ്ഞാറു ഭാഗത്തുള്ള ചതുപ്പ് നിലമായിരുന്നു. റോമൻ ചക്രവർത്തിയായ കാലിഗുലയുടെ മാതാവായ അഗ്രിപ്പിനയുടെ നേതൃത്വത്തിൽ അവിടെ ആഡംബര വില്ലകൾ നിർമിക്കപ്പെട്ടു. തേരോട്ടമത്സര പ്രിയനായ കാലിഗുല അവിടെയൊരു സർക്കസ് പണിയാൻ ആരംഭിച്ചു.

മത്സരങ്ങളും മറ്റും നടത്താനായുള്ള നീണ്ട ഗ്രൗണ്ടിനെയാണ് സർക്കസ് എന്ന് വിളിച്ചിരുന്നത്. നീറോയാണ് അതിന്റെ പണി പൂർത്തീകരിച്ചത്. ശേഷം ഈജിപ്തിൽ ഉണ്ടായിരുന്ന മൂവായിരം വർഷം പഴക്കമുള്ള സ്മാരകസ്‌തൂപം സർക്കസിന്റെ നടുക്ക് സ്ഥാപിച്ചു. അതിനു മുകളിൽ ഒരു വെങ്കല പന്തിനുള്ളിൽ സീസറിന്റെ ചിതാഭസ്മം വെച്ചിരുന്നു. എ.ഡി 64ൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ റോമാ നഗരത്തിന്റെ ഭൂരിഭാഗവും നശിച്ചു. ക്രൂരനായ നീറോ ചക്രവർത്തി, അഗ്നിബാധയുടെ ഉത്തരവാദിത്തം ക്രിസ്ത്യാനികളുടെ തലയിൽ കെട്ടിവെച്ചു. പല ക്രിസ്ത്യാനികളെയും സർക്കസിൽവെച്ച് തീവെച്ചും കുരിശിൽ തറച്ചും കൊന്നു.

ക്രിസ്തുവിന്റെ പ്രഥമ ശിഷ്യനായ പത്രോസിനെ സ്മാരകസ്തംഭത്തിൽ തലകീഴായി തൂക്കിയിട്ടാണ് കൊന്നത് എന്നാണ് പറയപ്പെടുന്നത്. പുതിയ ബസിലിക്കയുടെ മുന്നിൽ സ്തംഭം സ്ഥാപിച്ചപ്പോൾ അതിനു മുകളിലുണ്ടായിരുന്ന പന്ത് നീക്കം ചെയ്ത് കുരിശു സ്ഥാപിച്ചു. കുരിശിനുള്ളിൽ യേശുവിനെ തറച്ച യഥാർഥ കുരിശിന്റെ കഷണങ്ങളുണ്ടത്രേ.

രാവിലെ ഏഴു മണിക്ക് എത്തിയതുകൊണ്ട് പിയാസ ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന രണ്ടു ഫൗണ്ടയ്നുകളിൽനിന്ന് വെള്ളം ധാരയായി ഒഴുകിക്കൊണ്ടിരുന്നു. അറുനൂറു വർഷത്തിൽ കൂടുതൽ പഴക്കമുണ്ട് അവക്ക്. പണ്ട് എങ്ങനെയാകും ഇതു പ്രവർത്തിച്ചിട്ടുണ്ടാകുക എന്നാലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല. അടുത്ത് ആകെയുള്ള ജലാശയമായ ടിബെർ നദി താഴ്ന്ന നിലത്തുകൂടിയാണ് ഒഴുകുന്നത്. പരിശോധനക്കുശേഷം അകത്തേക്ക് കടത്തിവിട്ടു. ചെറിയ ചതുരക്കല്ലുകൾ പാകിയ വഴിയിലൂടെ പള്ളിയുടെ മുന്നിലേക്ക് നടന്നു.

റോമിലെ ക്രിസ്ത്യൻ ചരിത്രമായിരുന്ന മനസ്സിൽ ഓർത്തത്. ക്രിസ്തുമതം റോമൻ കാലഘട്ടത്തിലാണ് ഇറ്റലിയിൽ എത്തിയത്. ആദ്യമൊന്നും അംഗീകാരം കിട്ടിയില്ലെന്നു മാത്രമല്ല, ക്രിസ്തുമതം പിന്തുടരുന്നവരെ ഭരണകൂടം ക്രൂരമായി വേട്ടയാടുകയും ചെയ്തു. ഇതിന് അറുതിവന്നത് കോൺസ്റ്റാന്റിനോപ്പിൾ രാജാവായപ്പോഴാണ്. ഒരിക്കൽ യുദ്ധത്തിൽ പരാജിതനാകാൻ തയാറെടുത്തപ്പോൾ, രാജാവിന് മുന്നിൽ ആകാശത്തൊരു കുരിശു പ്രത്യക്ഷപ്പെടും. ‘‘നീ ജയിക്കും’’ എന്നൊരു അരുളൽ ഉണ്ടാകും. രാജാവ് ആ യുദ്ധത്തിൽ ജയിക്കുകയും, അനന്തരഫലമായി അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്യും. അങ്ങനെയാണ് റോമൻ സാമ്രാജ്യത്തിൽ ക്രിസ്തുമതത്തിന് അംഗീകാരം ലഭിക്കുന്നത്.

പതുക്കെ പതുക്കെ കൂടുതൽ ആളുകൾ മതവിശ്വാസികളായി. അവരുടെ സ്വത്തുക്കൾ പള്ളിക്കു സംഭാവനയായി കൊടുത്തുതുടങ്ങി. പള്ളിയുടെ സ്വത്തുവകകൾ ക്രമേണ കൂടി. റോമൻ സാമ്രാജ്യം തകർന്നപ്പോൾ പള്ളിയും പള്ളികളുടെ അധിപനായ പോപ്പും കൂടുതൽ ശക്തനായി. പോപ്പ് ഭരണകാര്യങ്ങളിലും ഇടപെട്ടുതുടങ്ങി. 756-1870 കാലഘട്ടത്തിൽ പള്ളിയുടെ കീഴിലുണ്ടായിരുന്ന സ്ഥലങ്ങളെ ‘പാപ്പൽ സ്റ്റേറ്റ്സ്’ എന്നായിരുന്നു വിളിച്ചിരുന്നത്. നാൽപത്തിനാലായിരം ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഇതിന്റെ വിസ്തീർണം. 1860ലെ റിസോർജിമെന്റോ കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു ‘റോമൻ ചോദ്യം’. മാർപാപ്പയുടെ സ്വാധീനം റോമിലേക്ക് പരിമിതപ്പെടുത്തണം എന്നായിരുന്നു പൊതുവികാരം.

1861ൽ ഇറ്റാലിയൻ രാജ്യം നിലവിൽ വന്നപ്പോൾ റോം ഒഴിച്ചുള്ള ഭാഗങ്ങളിലെ സ്ഥലങ്ങൾ ഇറ്റലി ഭരണകൂടം പിടിച്ചെടുത്തു. എന്നാൽ, 1870ൽ റോം ഇറ്റലിയുടെ ഭാഗമായപ്പോൾ, പോപ്പിന്റെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള സ്ഥലങ്ങളും ഇറ്റലി ഭരണകൂടത്തിന്റേതായി മാറി. പ​േക്ഷ മാർപാപ്പ ഇറ്റലിയുടെ ഭരണം അംഗീകരിച്ചില്ല. പ്രതിഷേധമായി 1870 മുതൽ 1929 വരെയുള്ള പോപ്പുമാർ വത്തിക്കാനിൽനിന്ന് പുറത്തിറങ്ങിയില്ല.

അതോടെ അവർക്ക് ‘വത്തിക്കാനിലെ തടവുകാർ’ എന്ന വിശേഷണം ലഭിച്ചു. 1929ൽ ലാറ്ററൻ ഉടമ്പടിപ്രകാരം വത്തിക്കാൻ സിറ്റിക്ക് സ്വതന്ത്രരാജ്യ പദവി ലഭിച്ചു. ഇറ്റലിയുടെ ഭാഗത്തുനിന്ന് മുസോളിനിയാണ് അനുരഞ്ജന നീക്കങ്ങൾക്ക് മുൻകൈ എടുത്തത്. പാപ്പൽ സ്റ്റേറ്റ്സിന്റെ വിലയായി 92 മില്യൺ ഡോളറും നൽകി. മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിന് പോപ്പിന്റെ പിന്തുണ അത്യാവശ്യമായിരുന്നു. ഇന്നിപ്പോൾ വത്തിക്കാൻ രാജ്യത്തിന്റെ ആകെ വിസ്തീർണം നൂറ്റിയൊമ്പത് ഏക്കറാണ്. മറ്റു രാജ്യങ്ങളിലായി 160 ഏക്കർ സ്ഥലം വേറെയുമുണ്ട്.

വത്തിക്കാൻ നഗരത്തിന്റെ ഭരണകൂടത്തെ ‘ഹോളി സീ’ എന്നാണ് വിളിക്കുന്നത്. പോപ്പാണ് പരമാധികാരി. അഞ്ചുവർഷത്തേക്ക് മാർപാപ്പ നിയമിക്കുന്ന കർദിനാൾമാരുടെ സമിതിയായ പോന്റിഫിക്കൽ കമീഷൻ ഭരണകാര്യങ്ങളിൽ പോപ്പിനെ സഹായിക്കും. ആയിരത്തിൽ താഴെയാണ് പൗരന്മാർ. കൂടുതലും വൈദികരും കന്യാസ്ത്രീകളും. ചുരുക്കം ചില ആളുകൾ മറ്റു ജോലികൾ ചെയ്യാനായിട്ടുണ്ട്. വത്തിക്കാനിൽ ജോലിയുള്ളപ്പോൾ പൗരത്വം ലഭിക്കും. ജോലി കഴിഞ്ഞാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം. അല്ലെങ്കിൽ ഇറ്റാലിയൻ പൗരത്വത്തിനു അപേക്ഷിക്കാം. സ്വന്തമായി ബാങ്കും പോസ്റ്റ് ഓഫിസും ഫാർമസിയും ന്യൂസ് പേപ്പറുമൊക്കെ ഉണ്ടെങ്കിലും ആഹാരസാധനങ്ങൾ, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയവക്കെല്ലാം ഇറ്റലിയെ ആശ്രയിച്ചേ മതിയാകൂ.

 

ബസിലിക്കയിൽ മാർപാപ്പയുടെ കല്ലറക്ക്​ മുന്നിൽ പ്രാർഥിക്കുന്നവർ, സെ​ന്റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്കയുടെ ഉൾവശം

ലോകമെമ്പാടുമുള്ള കത്തോലിക്കക്കാരുടെ സംഭാവനയാണ് മൂലധനം. സ്റ്റാമ്പും കോയിനും വിറ്റാൽ ചെറിയ തുക ലഭിക്കും. മറ്റൊരു വരുമാനം ടൂറിസ്റ്റ് ഫീസ് ഇനത്തിൽ ലഭിക്കുന്നതാണ്. വത്തിക്കാന് സ്വന്തമായി രണ്ടു വാനനിരീക്ഷണ കേന്ദ്രമുണ്ട്. ആദ്യത്തേത് റോമിലാണ്. നാൽപതുവർഷം മുമ്പ് അമേരിക്കയിലെ അരിസോണയിൽ രണ്ടാമത്തെ കേന്ദ്രം തുറന്നു. എന്തിനാണ് വത്തിക്കാന് വാനനിരീക്ഷണ കേന്ദ്രം എന്ന് തലപുകഞ്ഞാലോചിച്ചു, ആകാശത്തു നോക്കി നടന്നത് കാരണം തറയിൽ കല്ലിളകി നിന്നതു ശ്രദ്ധിച്ചില്ല.

80 കിലോ നിലത്തു പതിക്കാതിരിക്കാൻ കൈപ്പത്തി വെച്ച് താങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്ന് മാത്രമല്ല വിരലുകൾ കല്ലിൽ ഇടിച്ചു ചതഞ്ഞുപോയി. കാർട്ടൂണിൽ വീഴുമ്പോൾ തലക്കു മുകളിൽ വരക്കുന്ന നക്ഷത്രം യാഥാർഥ്യമാണെന്ന് ബോധ്യപ്പെട്ടു. വേദനയുടെ കാഠിന്യം കാരണം വിരലൊടിഞ്ഞെന്നാണ് കരുതിയത്. പതുക്കെ അനക്കി നോക്കിയപ്പോൾ വലിയ ബുദ്ധിമുട്ടില്ല. എഴുന്നേറ്റു പടികൾ കയറി പള്ളിയുടെ മുന്നിലെത്തി.

ആദ്യം കണ്ടത് അടഞ്ഞു കിടക്കുന്ന വിശുദ്ധ വാതിലായിരുന്നു. വെങ്കലത്തിൽ തീർത്ത കതകിൽ പാപിയായ മനുഷ്യനെ വീണ്ടെടുക്കുന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. ജൂബിലി വർഷങ്ങളിൽ മാത്രമാണ് അത് തുറക്കുക. സാധാരണ ഇരുപത്തിയഞ്ചു കൊല്ലം കൂടുമ്പോഴാണ് റോമൻ കത്തോലിക്കാ നിയമപ്രകാരം വിശുദ്ധവർഷം ആചരിക്കുന്നത്. ആ വർഷം വിശ്വാസികൾ ഈ വാതിലിൽക്കൂടി അകത്തു പ്രവേശിച്ചാൽ അവർക്ക് പാപങ്ങളിൽനിന്ന് പൂർണ മോചനം ലഭിക്കുമത്രേ. അല്ലാത്ത വർഷങ്ങളിൽ കതകു തുറക്കാതിരിക്കാൻ അതിനു പിന്നിലായി ഒരു ഭിത്തി പണിതു വെക്കും. വിശുദ്ധ വർഷം തുടങ്ങുന്ന ദിവസം, പോപ്പ് നേരിട്ടെത്തി വെള്ളി ചുറ്റികകൊണ്ട് ഈ ഭിത്തിയിൽ തട്ടും. ശേഷം ഭിത്തി പൊളിച്ചുമാറ്റപ്പെടും.

പോപ്പ് തന്നെയാണ് വാതിൽ തുറന്നു വിശ്വാസികളെ പ്രവേശിപ്പിക്കുക്ക. റോമിലെ മറ്റു മൂന്ന് ബസിലിക്കകളിലും ഇതേപോലെ വിശുദ്ധ വാതിലുണ്ട്. സന്ദർശകർക്ക് പ്രവേശിക്കാവുന്ന വാതിലിൽകൂടി പള്ളിക്കകത്തു കയറി. പള്ളിയെ പറ്റി ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും, അതിനകത്തുള്ള ഗംഭീരമായ അലങ്കാരങ്ങൾ അത്ഭുതപ്പെടുത്തി. മേൽക്കൂര സ്വർണത്തിന്റെ തകിട് കൊണ്ടായിരുന്നു അലങ്കരിച്ചത്. മച്ച് താങ്ങിനിർത്താൻ മാർബിൾകൊണ്ടലങ്കരിച്ച കൂറ്റൻ തൂണുകൾ. ഭിത്തിയിൽ പലതരം പ്രതിമകൾ. അവയുടെ നീളം ആറടി മുതൽ 24 അടി ആയിരുന്നു. ശിൽപിയുടെ മികവ് കാരണം കാഴ്ചക്കാർക്ക് താഴെയുള്ള പ്രതിമകൾക്കും മുകളിലുള്ള പ്രതിമകൾക്കും ഒരേ വലുപ്പം അനുഭവപ്പെടും.

ഞങ്ങൾ അൾത്താരയിലേക്ക് നടന്നു. മൈക്കലാഞ്ജലോ പണിത താഴികക്കുടത്തിനു നേരെ താഴെയായിരുന്നു അൾത്താര. അതിന്റെ താഴെ വിശുദ്ധ പത്രോസിന്റെ ശവകുടീരം. താഴികക്കുടത്തിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്. പതിനാറായി തിരിച്ച് ഓരോന്നിലും ചിത്രങ്ങൾ വരച്ചിരുന്നു. 450 അടി പൊക്കത്തിലായിരുന്നതിനാൽ വരച്ചതെന്താണെന്നു കൃത്യമായി മനസ്സിലാകില്ല. അവിടെ യേശുവിന്റെ പ്രശസ്ത വചനം ലാറ്റിനിൽ എഴുതിവെച്ചിരുന്നു: ‘‘നീ പത്രോസാണ്, ഈ കല്ലിന്മേൽ ഞാൻ എന്റെ പള്ളി പണിയും, സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്ക് തരും.’’ യേശുവിന്റെ ആഗ്രഹപ്രകാരമാണ് കോൺസ്റ്റാന്റിനോപ്പിൾ പത്രോസിന്റെ കല്ലറക്കു മുകളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക നിർമിക്കാൻ തീരുമാനിച്ചത്.

അൾത്താരക്കും താഴികക്കുടത്തിനുമിടയിൽ ‘ബാൽഡാക്കിൻ’ എന്നുള്ള മേലാപ്പ് കണ്ടു. പത്തുനില കെട്ടിടത്തിന്റെ നീളമുള്ള മേലാപ്പ് ബെർണിനി പൂർണമായും വെങ്കലത്തിലായിരുന്നു ഉണ്ടാക്കിയത്. അതുണ്ടാക്കാൻ വേണ്ടിയിരുന്ന 90 ടൺ വെങ്കലത്തിനായി റോമിലെ പന്തിയോൺ കെട്ടിടം കൊള്ളയടിച്ചു. മേലാപ്പിനെ താങ്ങിനിർത്തിയ വളഞ്ഞുപിണഞ്ഞ തൂണുകൾ, ആദ്യമുണ്ടായിരുന്ന ബസിലിക്കയിലേതുപോലെയായിരുന്നു. അതാകട്ടെ, കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രത്യേക നിർദേശപ്രകാരം പണിതതാണ്.

അദ്ദേഹം ഇത്തരം തൂണുകൾ ജറൂസലമിലെ സോളമൻ പള്ളിയിൽ കണ്ടിരുന്നു. വിശുദ്ധനാടുമായി ബന്ധം സ്ഥാപിക്കാനായിരുന്നു അതേ ആകൃതിയിലുള്ള തൂണുകൾ പണിയിച്ചത്. ആ അൾത്താരയിൽ പോപ്പിന് മാത്രമേ ചടങ്ങുകൾ നടത്താൻ അധികാരമുണ്ടായിരുന്നുള്ളൂ. അതിനു പിറകിൽ ഭിത്തിയോട് ചേർന്ന് പത്രോസിന്റെ കസേര അൽപം പൊക്കത്തിൽ തൂക്കി നിർത്തിയിരുന്നു. പത്രോസ് ഉപയോഗിച്ച തടിക്കസേരയുടെ മാതൃകയിൽ ബെർണിനി നിർമിച്ച വെങ്കല കസേരയായിരുന്നു അവിടെ കണ്ടത്.

 

ഒരു മാർപാപ്പയുടെ ശവകുടീരം

ഞങ്ങൾ ചുറ്റിനടന്നു പള്ളി കണ്ടു. മാർബിളിൽ തീർത്ത പ്രതിമകൾ വിസ്മയമായിരുന്നു. മനസ്സിനെ ഏറ്റവുമധികം സ്പർശിച്ചത് മൈക്കലാഞ്ജലോയുടെ ‘പിയേറ്റ’യായിരുന്നു. ബുള്ളറ്റ് പ്രൂഫ് ചില്ലുകൂട്ടിലായിരുന്നു അത് സൂക്ഷിച്ചിരുന്നത്. അമ്പതു വർഷങ്ങൾക്ക് മുമ്പ് ഒരു സന്ദർശകൻ ചുറ്റിക കൊണ്ടടിച്ചു പ്രതിമ തകർക്കാൻ ശ്രമിച്ചു. അതിനുശേഷമാണു ചില്ലുകൂട്ടിലേക്ക് പ്രതിമ മാറ്റേണ്ടിവന്നത്. ഒറ്റക്കല്ലിൽ, ഒരു വർഷമെടുത്തായിരുന്നു അദ്ദേഹം കുരിശിൽനിന്നും താഴെയിറക്കിയ യേശുവിനെ മടിയിൽ താങ്ങിക്കിടത്തിയിരുന്ന മാതാവിന്റെ ശിൽപം കൊത്തിയെടുത്തത്.

ആണി തറച്ച പാടുകളും എഴുന്നുനിന്ന ഞരമ്പുകളും, എല്ലുന്തിനിന്ന ശരീരവും കൃത്യമായി കാണാമായിരുന്നു. മറ്റൊരു കാഴ്ച വിരലുകൾ തേഞ്ഞ പത്രോസിന്റെ വെങ്കല പ്രതിമയായിരുന്നു. വിരലുകൾ തലോടിയാൽ പത്രോസിന്റെ അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസത്തിൽ വർഷങ്ങളായി സന്ദർശകർ വിരലുകൾ തൂത്തതിനാൽ തേഞ്ഞുപോയതാണ് പ്രതിമയുടെ വിരലുകൾ. പള്ളിയുടെ വശത്തുണ്ടായിരുന്ന കടയിൽ കയറി സുഹൃത്തുക്കൾക്ക് പോസ്റ്റ് കാർഡ് അയച്ചു. സ്റ്റാമ്പ് അവിടെ തന്നെ ലഭ്യമായിരുന്നു.

പള്ളിയിൽനിന്നിറങ്ങാൻ നിന്നപ്പോഴാണ് പ്രസാദ് ചേട്ടൻ ഞങ്ങളെ ഭൂഗർഭ സെമിത്തേരി കാണിക്കാൻ കൊണ്ടുപോയത്. പള്ളിയിൽ രണ്ടുമൂന്ന് പോപ്പുകളുടെ മൃതദേഹം പ്രദർശനത്തിന് വെച്ചിരുന്നു. അക്കൂട്ടത്തിൽ ഇന്നസെന്റ് പതിനൊന്നാമൻ പോപ്പിനെ കണ്ടിരുന്നു. മുഖം, കൈവിരലുകൾ മറച്ചിരുന്നു. 17ാം നൂറ്റാണ്ടിലെ അറിയപ്പെട്ട പോപ്പ് ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടൽ കാരണമാണ് ഓട്ടോമൻ സാമ്രാജ്യത്തിന് ഇറ്റലിയിൽ വേരുറപ്പിക്കാൻ സാധിക്കാതിരുന്നത്. തൊണ്ണൂറ്റി ഒന്നോളം പോപ്പുമാരെ അവിടെ അടക്കംചെയ്തിരുന്നു. ഏറിയപങ്കും ഭൂഗർഭ സെമിത്തേരിയിലായിരുന്നു.

അവസാനം അടക്കിയ ബെൻഡിക്ട് ആറാമൻ മാർപ്പാപ്പയുടെ മൃതപേടകത്തിനു മുന്നിൽ രണ്ടു കന്യാസ്ത്രീകൾ പ്രാർഥനാനിരതരായി ഇരിക്കുന്നത് കണ്ടു. സ്‌കൂൾ കാലഘട്ടത്തിൽ ഏറെ സ്പർശിച്ച, എന്നും പ്രസന്നവദനനായി കണ്ടിരുന്ന പോപ്പ് ജോൺ പോൾ രണ്ടാമന്റെ പേടകത്തിന് മുന്നിൽ കുറച്ചുസമയം ചെലവഴിച്ചു. അടക്കിയവരുടെ കൂട്ടത്തിൽ ആറ് സ്ത്രീകൾ ഉണ്ടായിരുന്നു എന്നത് പുതിയ അറിവായിരുന്നു. കൗണ്ടസ് മട്ടിൽഡ, സ്വീഡനിലെ ക്രിസ്റ്റീന രാജ്ഞി, മറിയ ക്ലമന്റീന, സെന്റ് പെട്രോണില്ല, സൈപ്രസിലെ ഷാർലറ്റ് രാജ്ഞി, ആഗ്നസീന കൊളോന കെയ്റ്റാനി എന്നിവരുടെ അവശിഷ്ടങ്ങളായിരുന്നു പള്ളിയിൽ ഉണ്ടായിരുന്നത്.

 

പത്രോസി​ന്റെ കല്ലറ

പുറത്തിറങ്ങിയപ്പോഴാണ് വിചിത്രവസ്ത്രങ്ങൾ ധരിച്ച പാറാവുകാർ ശ്രദ്ധയിൽപെട്ടത്. പ്രസാദേട്ടനാണ് പറഞ്ഞുതന്നത് അത് സ്വിസ് ഗാർഡാണെന്ന്. 1506 മുതൽ മാർപാപ്പയുടെ സ്വകാര്യ അംഗരക്ഷകരാണവർ. 2018 വരെ 80 പേരായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 135 ആയി ഉയർത്തി. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറത്തിലെ നീളമുള്ള തുണിക്കഷണങ്ങൾ ചേർത്തുവെച്ചുണ്ടാക്കിയ അവരുടെ വസ്ത്രം സർക്കസിലെ കോമാളിയുടെ വേഷംപോലെ തോന്നിപ്പിച്ചു. പിന്നീടാണ് മനസ്സിലാക്കിയത് 154 കഷണം തുണികൾ ചേർത്തുവെച്ചാണ് ആ വസ്ത്രം തുന്നിയെടുക്കുന്നതെന്ന്. മൂന്നര കിലോയാണത്രെ അതിന്റെ ഭാരം. ഞാൻ അതിലൊരാളുമായി ലോഹ്യംകൂടി കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കി.

സ്വിസ് മിലിട്ടറിയുടെ ഭാഗമാണവർ. മിലിട്ടറി പരിശീലനത്തിനുശേഷം തിരഞ്ഞെടുത്ത കുറച്ചുപേർ രണ്ടു വർഷവും രണ്ടു മാസവും വത്തിക്കാനിലെ ഡ്യൂട്ടിക്കായി എത്തും. കല്യാണം കഴിച്ചിട്ടില്ലാത്ത റോമൻ കത്തോലിക്കക്കാരായ പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ആണുങ്ങളെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. സ്ത്രീകളെ മാറ്റിനിർത്തുന്ന നടപടിയിൽ സാധാരണ ആത്മരോഷം കൊള്ളാറാണ് പതിവ്. മൂന്നര കിലോ വസ്ത്രവും ധരിച്ചു ബഫൂണിനെപ്പോലെ നിൽക്കേണ്ട ഗതികേട് സ്ത്രീകൾക്കില്ലല്ലോ എന്ന ആശ്വാസമാണ് തോന്നിയത്.

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-22 05:00 GMT