ബുഗ്‌ന ഗ്രാമവും ഗ്രാമവാസികളും

ഒരു മാന്തും അൽപം കാപ്പി സൽക്കാരവും

 അധ്യായം -5

ഇത്യോപ്യൻ ഗ്രാമങ്ങളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. ചില കാഴ്ചകളും അനുഭവങ്ങളും അത്രമേൽ ഭീതിനിറഞ്ഞതും ആകാംക്ഷയുള്ളതുമാകുന്നു. ഒരു വെളിമ്പറമ്പിൽ മൂന്നാലു ബസുകൾ. അതായിരുന്നു ലാലിബെല്ലയിലെ ബസ് സ്റ്റാൻഡ്. ബുഗ്‌ന ഗ്രാമത്തിലേക്കുള്ള ബസിൽ പത്തു പതിനഞ്ചാളുകൾ ഇരിപ്പുണ്ട്. മുന്നിലത്തെ സീറ്റ് എനിക്കുവേണ്ടി പറഞ്ഞുവെച്ചിരുന്നു. ഞാൻ സന്തോഷത്തോടെ എന്റെ സീറ്റ് കൈയേറി. ഗ്രാമത്തിൽ തീവ്രവാദികൾ കാണുമോ എന്ന ചെറിയ ആശങ്ക മനസ്സിനെ അലട്ടുന്നുണ്ട്. തലേന്ന് അവരുടെ ചേഷ്ടകൾ കണ്ടപ്പോൾ പാവങ്ങളായിട്ടാണ് തോന്നിയത്. പേടിക്കേണ്ട കാര്യമൊന്നുമുണ്ടെന്നു തോന്നിയില്ല.

ഇന്നലെ കല്യാണത്തിന് പങ്കെടുക്കാനാകും അവർ ഒളിസങ്കേതത്തിൽനിന്ന് പുറത്തുവന്നത്. പട്ടാപ്പകൽ അവർ ഗ്രാമത്തിൽ കറങ്ങാൻ ധൈര്യപ്പെടാൻ സാധ്യതയില്ല. വസ്തുതകളെ യുക്തിസഹമായി വിലയിരുത്താതെ വികാരപരമായി സമീപിച്ചാണ് പല അപകടങ്ങളെയും ഞാൻ വിളിച്ചു വരുത്തിയിട്ടുള്ളത്. ഇത്തവണയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. യുക്തിപരമായി ചിന്തിച്ചാൽ ലാലിബെല്ല ഒഴിച്ചുള്ള സ്ഥലങ്ങൾ തീവ്രവാദികളുടെ കീഴിലാണ്. അങ്ങോട്ട് പോകാതിരിക്കുന്നതാണ് ബുദ്ധി. പക്ഷേ, വികാരം എന്റെ ചിന്തകളെ ബാധിച്ചു. ഗ്രാമത്തിൽ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം അപകടസാധ്യതകളെ ലഘൂകരിച്ചു. രണ്ടു ദിവസത്തെ ഉറക്കമാണ് ഞാൻ അതിന്റെ വിലയായി കൊടുക്കേണ്ടിവന്നത്.

എന്നെ ബസിലിരുത്തി മാസ് ചായ കുടിക്കാൻ പുറത്തുപോയി. പത്തു മിനിറ്റ് കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ബസിൽ ഇരുന്നവരെല്ലാം ഇറങ്ങിയോടുന്നു. ആർക്കും ഇംഗ്ലീഷ് മനസ്സിലാകാത്തതുകൊണ്ട് ഒന്നും ചോദിക്കാൻ സാധിച്ചില്ല. ഞാൻ അവിടിരുന്നു. കുറച്ചു കഴിഞ്ഞു മാസ് ഓടിക്കിതച്ചെത്തി. ആ ബസ് വേറെ വഴിക്ക് മാറ്റിവിട്ടത്രേ. അവർക്ക് ആ വഴിക്ക് കൂടുതൽ ആളുകളെ കിട്ടി. ബുഗ്‌നയിലേക്ക് അന്നേദിവസം ഒരു വാൻ മാത്രമേയുള്ളൂ. ഞങ്ങൾ വാൻ അന്വേഷിച്ചു പോയി. 14 സീറ്റുള്ള വാൻ. ഇത്യോപ്യക്കാരെല്ലാം മെലിഞ്ഞ ആളുകളാണ്. വാനിനുള്ളിൽ 27 പേരെ കുത്തിനിറച്ചിട്ടുണ്ട്‌. കേറിച്ചെല്ലുമ്പോൾ ഒരുവശത്ത് മൂന്നുനിരകളിലായി രണ്ടു പേർക്കുവീതമിരിക്കാവുന്ന സീറ്റുകളും. പിന്നിലേക്ക് ചെല്ലുമ്പോൾ ഇരുവശത്തും ഈ രണ്ടു പേർക്കിരിക്കാവുന്ന രണ്ടുനിര സീറ്റുകളുമാണുള്ളത്.

 

മുൻവശത്തെ സീറ്റുകൾക്ക് സമാന്തരമായി ചെറിയൊരു പലകയുടെ പടി ഘടിപ്പിച്ചിട്ടുണ്ട്. അതിലും ആളുകൾ ഇരിപ്പുണ്ട്. വാനിന്റെ മുകളിൽ വേറെയും അഞ്ചാളുകൾ. ഈ കൂട്ടപ്പൊരിച്ചിലിൽ സ്ഥൂലഗാത്രിയായ ഞാൻ എവിടെ ഇരിക്കാനാണ്? യാത്ര നടക്കില്ല എന്നുതന്നെ മനസ്സിൽ കരുതി. ഡ്രൈവർ ഇരിക്കുന്നവരെയൊക്കെ മാറ്റിയും തിരിച്ചുമിരുത്തി എന്റെ ഒരു ചന്തി വെക്കാനുള്ള സ്ഥലം കണ്ടെത്തിത്തന്നു. മറ്റേതിന് യാത്രയിലുടനീളം എയറിൽ തൂങ്ങാനായിരുന്നു വിധി. യോഗാ വിദ്വാന്മാർ ഇതുവരെ കണ്ടുപിടിക്കാത്ത പോസുകളിൽ കാലുകൾ വളച്ചൊടിച്ചുവെച്ച് ഞാൻ ഞെരിഞ്ഞിരുന്നു. ഏഴു മണിക്ക് യാത്ര ആരംഭിച്ചു. ബുഗ്‌നയിലേക്ക് മൂന്നു മണിക്കൂർ യാത്രയുണ്ട്. വരണ്ട പ്രദേശങ്ങളിലൂടെയാണ് യാത്ര. ജൂൺ, ജൂലൈ, ആഗസ്റ്റ് എന്നീ മൂന്നു മാസങ്ങളിലാണ് മഴ ലഭിക്കുക. ബാക്കി മാസങ്ങൾ വരൾച്ചയാണ്. കിലോമീറ്ററുകൾ താണ്ടിയാലാണ് വെള്ളം കിട്ടുക.

ഇടക്ക് കാടുപോലുള്ള സ്ഥലങ്ങൾ പ്രത്യക്ഷപ്പെടും. മാസ് ദൂരെ കാടിനുള്ളിലെ പള്ളി കാണിച്ചുതന്നു. ആ പള്ളിയുടെ മച്ചിൽ നിറയെ തേനീച്ചക്കൂടുകളാണ്. അതിൽനിന്ന് ഊറിവരുന്ന തേനിന് അത്ഭുതശക്തിയുണ്ടത്രേ. വഴിമധ്യേയുള്ള ഗ്രാമങ്ങളിൽ വണ്ടി നിർത്തുമ്പോൾ ചിലർ ഇറങ്ങും ചിലർ കയറും. ഒരിടത്തു നിർത്തിയപ്പോൾ 75 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധൻ വണ്ടിയിൽ കയറി. എന്റെ എതിർവശത്തായിരുന്നു അയാൾ ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കാലിൽ നഖം വെച്ചൊരു മാന്ത്. മാന്തിയതിന്റെ വേദനയെക്കാൾ അയാൾ അതിനു ധൈര്യപ്പെട്ടു എന്നത് എന്നെ ചൊടിപ്പിച്ചു. ഞാൻ കടുപ്പിച്ചു ഒരു നോട്ടം നോക്കി.

അയാൾ ചമ്മി ചൂളി. ഞാൻ നോട്ടം പിൻവലിക്കുന്നതിന് മുമ്പ് വീണ്ടും മാന്തു കിട്ടി. ഇത്തവണ ഞാൻ കാലിലോട്ട് നോക്കി. വൃദ്ധന്റെ പുതപ്പിനടിയിൽ, പ്ലാസ്റ്റിക് സഞ്ചിയിൽനിന്ന് ഒരു കുഞ്ഞു പൂച്ച എന്നെ രൂക്ഷമായി നോക്കുന്നു. വൃദ്ധൻ അതിനെ സഞ്ചിക്കകത്തേക്ക് ആക്കാൻ ശ്രമിച്ചെങ്കിലും അത് നഖശിഖാന്തം എതിർത്തു. വൃദ്ധനെ സംശയിച്ചതിൽ ചമ്മൽ തോന്നി. ഇന്ത്യ ഒഴിച്ച് മറ്റൊരു രാജ്യത്തും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. എങ്കിലും നാട്ടിലെ ദുരനുഭവങ്ങൾ കാരണം എല്ലാവരെയും മോശം കണ്ണുകൾകൊണ്ട് നോക്കാനാണ് ആദ്യം തോന്നാറുള്ളത്. മാസ് അയാളോട് വെറുതെ കുശലാന്വേഷണം നടത്തി. പാവം അയാൾ ബന്ധുക്കൾക്ക് സമ്മാനിക്കാനാണ് പൂച്ചക്കുഞ്ഞുമായി യാത്രക്ക് ഇറങ്ങിത്തിരിച്ചത്.

ബുഗ്‌ന വലിയൊരു ഗ്രാമമാണ്. കുറച്ചു കടകളുള്ള സ്ഥലത്ത് പത്തുമണിക്ക് ഞങ്ങൾ ഇറങ്ങി. ചുറ്റും കണ്ണോടിച്ചപ്പോൾ എന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചത് പോലെയായി. റോഡിൽ നിറയെ തോക്കു പിടിച്ചു തീവ്രവാദികൾ. വന്ന വണ്ടിയിൽ കയറി തിരികെ പോകാനാണ് തോന്നിയത്. നിർഭാഗ്യവശാൽ ഗ്രാമത്തിൽനിന്ന് ലാലിബെല്ലയിലേക്ക് ആകെ ഒരു വണ്ടിയേയുള്ളൂ. അത് രാവിലെ 9.30ന് പുറപ്പെടും. പിറ്റേന്ന് വരെ കാക്കാതെ നിവൃത്തിയില്ല. ഫോണിന് റേഞ്ചുമില്ല. തീവ്രവാദികളുടെ ശല്യം കാരണം പ്രദേശത്തെ ഇന്റർനെറ്റ് മൊത്തം സർക്കാർ വിച്ഛേദിച്ചിരിക്കുകയാണ്. ഒരു തീവ്രവാദി മാസിനെ വന്നു കെട്ടിപ്പിടിച്ചു.

മാസ് എന്നെ പരിചയപ്പെടുത്തി. അവന്റെ പേര് മരാഗു. സ്പ്രിങ് പോലുള്ള ചുരുണ്ട മുടി. സീരിയലിലെ ‘മുടിയനെ’ ഓർമ വന്നു. നരച്ച മിലിറ്ററി യൂനിഫോമിന് ചേരുന്ന പ്ലാസ്റ്റിക് ചെരിപ്പാണ് കാലിൽ ധരിച്ചിട്ടുള്ളത്. ഒരു കറുത്ത ഷാളുകൊണ്ട് പുതച്ചിട്ടുണ്ട്. തീവ്രവാദി എന്ന് പറയുമ്പോൾ മനസ്സിലേക്ക് വരുന്ന ക്രൂരമുഖമൊന്നും അവനില്ല. പ്രച്ഛന്നവേഷത്തിന് പങ്കെടുക്കാനെത്തിയ കോളജ് കുട്ടിയെ പോലെയാണ് തോന്നിച്ചത്. നിഷ്‌കളങ്കമായ ചിരിയോടെ അവൻ എനിക്ക് കൈ തന്നു. അവന് പണ്ട് ലാലിബെല്ല പള്ളി സന്ദർശിക്കുന്ന വിദേശികളുടെ ഷൂസ് കാക്കുന്ന ജോലിയായിരുന്നു. അന്ന് മാസ് അവനെ ധാരാളം സഹായിച്ചിട്ടുണ്ട്. അതിന്റെ സ്‌നേഹവും നന്ദിയും അവന്‍റെ കണ്ണുകളിൽ സ്ഫുരിച്ചു. അവൻ ഞങ്ങൾക്കൊപ്പം അടുത്തുള്ള ഹോട്ടലിൽ വന്നു.

ഫെറി എന്ന സ്ത്രീയുടെ ഹോട്ടലായിരുന്നു അത്. ചിരപരിചിതരെപ്പോലെയാണ് അവർ എന്നോട് പെരുമാറിയത്. എന്റെ ബാഗ് വാങ്ങി താഴെ വെച്ചു. ഞാനും അവളും മാത്രമേ സ്ത്രീകളായി അവിടെയുണ്ടായിരുന്നുള്ളൂ. ഫ്രഷാകാനായി ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു കുളിമുറിയിൽ വെച്ചുതന്നു. അവളുടെ ഹൃദ്യമായ പെരുമാറ്റം എനിക്ക് വലിയ ആശ്വാസമാണ് നൽകിയത്. അന്ന് രാത്രി അവളുടെ വീട്ടിൽ താമസിക്കാൻ അവൾ ക്ഷണിച്ചു. എന്റെ സമ്മതത്തിന് കാക്കാതെ അവളെന്റെ ബാഗെടുത്ത് അകത്തെ ഒരു മുറിയിൽ സുരക്ഷിതമായി കൊണ്ടു​െവച്ചു. അവൾ താമസിക്കുന്നത് അൽപം ദൂരെയാണ്. അങ്ങോട്ടേക്ക് അവൾ ബാഗ് എത്തിച്ചോളാമെന്നു പറഞ്ഞു. തിരികെ ഹോട്ടലിൽ എത്തിയപ്പോൾ മരാഗുവും മാസും സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. അവൻ തോക്ക് എടുത്ത് മടിയിൽ വെച്ചിട്ടുണ്ട്. നീങ്ങിക്കിടന്ന ഷാളിന്റെ ഉള്ളിൽനിന്ന് നെഞ്ചിൽ കെട്ടിവെച്ചിരിക്കുന്ന കത്തി പുറത്തേക്ക് തള്ളിനിന്നു.

 

‘‘നിന്റെ വീട്ടുകാർ ഇവിടുണ്ടോ?’’

‘‘ഇല്ല... അവർ ലാലിബെല്ലയിലാണ്. എനിക്ക് അവരെ കാണാൻ അങ്ങോട്ട് പോകാൻ സാധിക്കില്ല. അവർ എന്നേ കാണാൻ ഇടക്ക് ഇങ്ങോട്ട് വരും. അതാണ് സുരക്ഷിതം.’’

‘‘അവരുടെ ചെലവിനുള്ള പൈസ നീ എങ്ങനെ എത്തിക്കും?’’

‘‘എനിക്ക് ശമ്പളമൊന്നുമില്ല. എന്റെ നാടിനെ സംരക്ഷിക്കാൻ എന്നാലാവുന്നത് ചെയ്യുന്നു. പട്ടണത്തിലുള്ള സുഹൃത്തുക്കളുടെ കാരുണ്യംകൊണ്ട് വീട്ടിലെ ചെലവ് നടക്കുന്നു’’

‘‘എന്താണ് ഇവിടത്തെ സ്ഥിതി? നിന്റെ ജീവിതം അപകടത്തിലാണോ?’’

അവൻ ചിരിച്ചു. ‘‘ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചാൽ അതിനെപ്പറ്റി മാത്രം ചിന്തിക്കുക. അതാണ് എന്റെ നയം. കഴിഞ്ഞ ഒരു മാസമായി കാര്യങ്ങൾ പുറമെ ശാന്തമാണ്. ഞങ്ങൾ തിരിച്ചടിക്കാൻ അവസരം കാത്തിരിക്കുന്നു. ഒരു മാസം മുമ്പുള്ള ഡ്രോൺ ആക്രമണത്തിൽ ഞങ്ങളുടെ 60 പോരാളികളാണ് വീരമൃത്യു വരിച്ചത്. അതിന് അധികാരികളെക്കൊണ്ട് മറുപടി പറയിക്കും.’’

വളരെ പതിഞ്ഞ സ്വരത്തിലാണ് അവൻ സംസാരിച്ചത്. എപ്പോഴും പുഞ്ചിരിക്കുന്ന അവനെ ഒരു കൊലയാളിയായി സങ്കൽപിക്കാൻ പ്രയാസമായിരുന്നു.

‘‘സത്യം പറ. നീ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?’’

‘‘ശത്രുക്കളെ കൊല്ലാതിരിക്കാൻ പറ്റുമോ? നിലനിൽപിന്റെ പ്രശ്‌നമല്ലേ?’’

‘‘നിനക്ക് ശരിക്കും ഈ തോക്കൊക്കെ ഉപയോഗിക്കാൻ അറിയുമോ?’’

മാസ് ആണ് ഉത്തരം തന്നത്: ‘‘അവനെ നിങ്ങളിങ്ങനെ തരംതാഴ്ത്താതെ. ആയിരം പേരുടെ ബറ്റാലിയൻ ഇവനാണ് നയിക്കുന്നത്.’’

‘‘നിങ്ങൾക്ക് തോക്കുപയോഗിക്കാൻ പഠിക്കണോ?’’ അവൻ എന്നോട് ചോദിച്ചു.

‘‘ഉപയോഗിക്കാനൊന്നും പഠിക്കണ്ട. പക്ഷേ, പ്രവർത്തിപ്പിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്.’’

അവൻ എന്റെ അരികിലുള്ള കസേരയിൽ വന്നിരുന്നു. തോക്കിനകത്തെ വെടിയുണ്ടകൾ പുറത്തെടുത്ത് എന്റെ കൈയിൽ തന്നു. തോക്കുപയോഗിക്കുന്ന രീതി കാണിച്ചു. ലോക്ക് ഇടാനും ഊരാനും വെടിയുണ്ട ലോഡ് ചെയ്യാനും ഒക്കെ പഠിപ്പിച്ചു. എന്നിട്ട് അതെല്ലാം ചെയ്യിപ്പിച്ചു. അപ്പോഴേക്കും ഫെറി ചൂട് ഭക്ഷണം കൊണ്ടുവെച്ചു. ഞങ്ങൾ ഒരു പ്ലേറ്റിൽനിന്ന് ഭക്ഷണം കഴിച്ചു.

 

പിന്നീട് ഗ്രാമം കാണാനിറങ്ങി. ചുറ്റും കുന്നുകളാണ്. വെള്ളമില്ലാത്ത പ്രദേശത്ത് തെളിഞ്ഞുകാണുന്ന പച്ചപ്പ് ആശ്ചര്യപ്പെടുത്തി. നിറയെ വൃക്ഷങ്ങൾ നിന്ന പറമ്പിലൂടെ ഞങ്ങൾ ഗ്രാമത്തിലെ പുരാതനമായ പള്ളി കാണാൻ പോയി. വഴിയിൽ കള്ളിമുള്ളിന്റെ വലിയ ചെടികൾ നിൽപുണ്ട്. കുറച്ചു കുട്ടികൾ മുള്ള് കൈയിൽ കൊള്ളാതെ അതിന്റെ ഇലകൾ മുറിച്ചു ചാക്കിലാക്കുന്നു. വീട്ടിൽ കൊണ്ടുപോയി മുള്ളുകൾ ചെത്തിക്കളഞ്ഞു കാലികൾക്ക് തിന്നാൻ കൊടുക്കും.

ഞങ്ങൾ വൃത്താകൃതിയിലുള്ള പള്ളിയുടെ മുന്നിലെത്തി. 700 വർഷം പഴക്കമുണ്ട്. കളിമണ്ണുകൊണ്ടാണ് ഭിത്തി പണിതിരിക്കുന്നത്. മുകളിൽ ഷീറ്റു വിരിച്ചിട്ടുണ്ട്. ഒറ്റത്തടികൊണ്ട് പണിത കൂറ്റൻ വാതിലുകൾ ആനപ്പല്ലുകൊണ്ടാണ് അലങ്കരിച്ചിരുന്നത്. പുരോഹിതൻ വന്നു പള്ളിക്കകത്തേക്ക് ഞങ്ങളെ കൂട്ടി. പള്ളി മൂന്നു വൃത്തങ്ങളായി തിരിച്ചിട്ടുണ്ട്. ഏറ്റവും അകത്തെ വൃത്തം സാറ്റിൻ തുണികൊണ്ട് മറച്ചിരിക്കുന്നു. അതിനുള്ളിൽ പുരോഹിതർക്ക് മാത്രമാണ് പ്രവേശം. അടുത്ത വൃത്തത്തിൽ വിശുദ്ധ കുർബാന സ്വീകരിച്ചവർക്ക് പ്രവേശിക്കാം. ബാക്കിയുള്ളവർ പുറത്തെ വൃത്തത്തിൽ വേണം നിൽക്കാൻ. വർഷങ്ങൾ പഴക്കമുള്ള വാദ്യോപകരണങ്ങളും ചിത്രങ്ങളുമെല്ലാം അദ്ദേഹം കാണിച്ചു.

തൊട്ടടുത്തുള്ള അവരുടെ അടുക്കളയിലേക്ക് ഞങ്ങളെ ക്ഷണിച്ചു. കളിമണ്ണും കച്ചിയും കുഴച്ചുണ്ടാക്കിയ ഭിത്തിയുള്ള വലിയൊരു മുറി. മതിലിനോട് ചേർത്തുണ്ടാക്കിയ തിട്ടയിലും എതിരെയുള്ള ബെഞ്ചിലുമായി കുറേ പുരോഹിതർ. അവർക്കൊപ്പം ഇരിക്കാൻ എന്നെയും ക്ഷണിച്ചു. അവർ നാടൻ ബിയർ ആണ് കുടിക്കുന്നത്. എനിക്കും ബിയറൊഴിക്കാൻ തുനിഞ്ഞെങ്കിലും വയറിന് സുഖമില്ലെന്ന് പറഞ്ഞൊഴിഞ്ഞു. പുരോഹിതരെല്ലാം പള്ളിയിൽ തന്നെയാണ് കഴിയുന്നത്. നമ്മുടെ നാട്ടിലെ പോലെ പള്ളിക്ക് ആരും വലിയ സംഭാവന ഒന്നും കൊടുക്കാറില്ല. പള്ളിക്ക് ചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്താണ് അവർ ജീവിക്കുന്നത്. ഊഴമനുസരിച്ചു പാടത്തെ പണിക്ക് പോകും. ഇത്യോപ്യയിലെ പത്തു ശതമാനത്തോളം ആളുകൾ ക്രിസ്ത്യൻ പുരോഹിതരാണ്.

മുപ്പത്തയ്യായിരം പള്ളികളുണ്ട്. അതിൽ ഭൂരിഭാഗം പള്ളികൾക്ക് ചുറ്റും കാടാണ്. പള്ളികളെ ദൈവത്തിന്റെ വീടായിട്ടാണ് ആളുകൾ സങ്കൽപിക്കുന്നത്. ചുറ്റുമുള്ള കാട് ഏദൻ തോട്ടവും. കാടില്ലാത്ത പള്ളി, താടിയില്ലാത്ത പുരോഹിതനെപ്പോലെയാണത്രേ. പൂർവികർ കൈമാറിയ സ്വത്തെന്ന നിലക്കും കാടുകൾ ഇവർക്ക് പ്രധാനമാണ്. മരാഗു എല്ലായിടത്തും ഞങ്ങൾക്കൊപ്പം വന്നു. മാസ് എന്റെ പേഴ്സനൽ ബോഡിഗാർഡാണെന്നും പറഞ്ഞ് അവനെ കളിയാക്കി. എല്ലാത്തിനും അവന്റെ മറുപടി പുഞ്ചിരിയാണ്. എനിക്ക് അവനോട് കുഞ്ഞനുജനോടെന്നപോലെ വാത്സല്യം തോന്നി.

 

പള്ളിയിൽനിന്ന് ഗ്രാമത്തിലേക്ക് നടന്നു. എവിടെ നോക്കിയാലും കഴുതകളെ കാണാൻ സാധിക്കും. അവയുടെ ചുമലിൽ വലിയ പ്ലാസ്റ്റിക് കന്നാസുകൾ കെട്ടിവെച്ചിട്ടുണ്ട്. ദൂരെ എവിടന്നോ ആണ് വെള്ളം കൊണ്ടുവരുക. കല്ല് കെട്ടിയുണ്ടാക്കിയ വീടുകളാണ് ഏറെയും. വഴിയിൽ കന്നാസുകളുടെ നീണ്ടനിരയാണ്. മൂന്നുദിവസം കൂടുമ്പോൾ അമേരിക്കയിൽനിന്നുള്ള ഏതോ എൻ.ജി.ഒ ലോറിയിൽ വെള്ളം എത്തിക്കും. മാസ് എന്നെ കോഫി സെറിമണിക്കായി പുള്ളിയുടെ പരിചയക്കാരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇത്യോപ്യയിൽനിന്നാണ് കാപ്പി ഉത്ഭവിച്ചത്. കെഫ എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് കാട്ടുകാപ്പിച്ചെടികൾ ആദ്യം കണ്ടെത്തിയത്. എ.ഡി. 850ൽ കാൽഡി എന്ന ആട്ടിടയൻ തന്റെ ആടുകൾ കാപ്പി തിന്നതിനുശേഷം ഊർജസ്വലരാകുന്നത് ശ്രദ്ധിച്ചപ്പോഴാണ് കാപ്പിയുടെ ഉത്തേജക ഫലങ്ങൾ ആദ്യമായി തിരിച്ചറിയപ്പെട്ടത്.

അയാൾ അടുത്തുള്ള പുരോഹിതനെ വിവരം അറിയിച്ചു. ചുമന്ന പഴങ്ങൾ കഴിക്കാൻ പുരോഹിതന് ധൈര്യമില്ലായിരുന്നു. എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ പോകട്ടെ എന്ന് കരുതി അതെടുത്തു തീയിൽ ഇട്ടു. കുരു കരിഞ്ഞപ്പോൾ അവിടെയെല്ലാം സുഗന്ധം പരന്നു. പുരോഹിതൻ കരിഞ്ഞ കുരു എടുത്തു വെള്ളം തിളപ്പിച്ച് കുടിച്ചു. അന്നത്തെ ദിവസം ബൈബിൾ വായിക്കാൻ അദ്ദേഹത്തിന് കൂടുതൽ ഉത്തേജനം കിട്ടിയത് കണ്ടു പള്ളിക്കാർ വലിയതോതിൽ ഇതു കൃഷി ചെയ്തു. അങ്ങനെയാണ് കാപ്പി പിറന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇത്യോപ്യയിൽനിന്ന് കാപ്പി തെക്കൻ അറേബ്യയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് വ്യാപാരപാതകളിലൂടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കാപ്പി എത്തിച്ചേർന്നു. കാപ്പി കയറ്റുമതിയിൽ ബ്രസീൽ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇത്യോപ്യക്കാണ് അടുത്ത സ്ഥാനം. ഇത്യോപ്യയുടെ കയറ്റുമതിയുടെ പകുതിയോളം കാപ്പിയാണ്. ജനസംഖ്യയുടെ നാലിലൊന്ന് പേർക്ക് നേരിട്ടോ അല്ലാതെയോ തൊഴിൽ നൽകുന്ന മേഖലയാണത്.

കാപ്പിയുണ്ടാക്കുന്നത് ഒരു കലയായിട്ടാണ് ഇത്യോപ്യക്കാർ കൊണ്ടുനടക്കുന്നത്. തനതുരീതിയിൽ കാപ്പിയുണ്ടാക്കാനുള്ള ഒരു സ്ഥലം വീടുകളിലും ഹോട്ടലുകളിലും എല്ലാം മാറ്റിവെച്ചിരിക്കും. നമ്മൾ പൂജാമുറിവെക്കുന്നതുപോലെയാണ് അവർ സ്വീകരണമുറിയിൽ കാപ്പിയുണ്ടാക്കാനുള്ള അടുപ്പും, കുടിക്കാനുള്ള ചെറിയ കപ്പുകൾകൊണ്ട് അലങ്കരിച്ച ചെറിയ മേശയും വെക്കുന്നത്. ഒരു കോമ്പൗണ്ടിൽ രണ്ടു ചെറിയ കുടിലുകളാണുള്ളത്. ഒന്നിൽ 45 വയസ്സുള്ള മുസ്ബ്രിതും മറ്റൊന്നിൽ 55 വയസ്സുള്ള എണ്ടായേവയുവുമാണ് കുടുംബമായി താമസം. അവിടേക്കാണ് പരമ്പരാഗത രീതിയിൽ കാപ്പി ഉണ്ടാക്കുന്നത് കാണാൻ ഞാൻ പോയത്. അവരുടെ വീട്ടിലെത്തുന്ന ആദ്യത്തെ വിദേശിയായിരുന്നു ഞാൻ. അതിന്റെ അമ്പരപ്പും സ്‌നേഹപ്രകടനവും കഴിഞ്ഞ് മാസ് അവരോടു കാര്യം പറഞ്ഞു. അവർ മുറ്റത്തു ആട്ടിൻതോൽ വിരിച്ചു എന്നെ ഇരുത്തി. മുസ്ബ്രിത് നിലത്തു കുറച്ച് കച്ചി ഇട്ടു.

എന്നിട്ട് കുന്തിരിക്കം പുകക്കാൻ കൊണ്ടുവന്നു. ദൃഷ്ടിദോഷം മാറാനാണ് അങ്ങനെ ചെയ്യുന്നത്. അവർ വീടിന്റെ അകത്തുനിന്ന് പെട്ടിപോലെ തോന്നിക്കുന്ന ചെറിയൊരു പ്ലാസ്റ്റിക് മേശ എടുത്തു പുറത്തിട്ടു. അതിനുള്ളിൽ വെച്ചിരുന്ന കപ്പുകൾ മേശപ്പുറത്തു നിരത്തി. എണ്ടായേവ ഇരുമ്പിന്റെ ഒരു ചെറിയ അടുപ്പിൽ കനലുമായി എത്തി. പ്ലാസ്റ്റിക് പാത്രത്തിൽ വെച്ചിരുന്ന ഉണങ്ങിയ കാപ്പിക്കുരുകൾ എടുത്ത് വെള്ളത്തിൽ കഴുകി ഒരു ഇരുമ്പു പ്ലേറ്റിൽ അടുപ്പത്തു വെച്ചു. കരിഞ്ഞുപോകാതിരിക്കാൻ വടികൊണ്ട് ഇളക്കിക്കൊ ണ്ടിരുന്നു. തവിട്ടുനിറമായപ്പോൾ അത് താഴെയെടുത്തു തണുക്കാൻ വെച്ചു. എന്നിട്ട് എനിക്ക് മണപ്പിക്കാൻ തന്നു.

വറുത്ത കാപ്പിക്കുരു കല്ലിൽ വെച്ച് ഇടിച്ചു പൊടിച്ചെടുത്തു. അവിടെ മൊത്തം കാപ്പിയുടെ സുഗന്ധം പടർന്നു. ഇതിനിടയിൽ എവിടുന്നോ ‘ജബ്ന’ പ്രത്യക്ഷപ്പെട്ടു. കാപ്പി തിളപ്പിക്കുന്ന മണ്ണിന്റെ പാത്രമാണ് ജബ്ന. കൂജയുടെ ആകൃതിയും കോഫിപോട്ടുപോലെ നീളമുള്ള മൂക്കുമുള്ള ജബ്നക്കകത്ത് വെള്ളം തിളപ്പിച്ചു. അതിൽ കാപ്പിപ്പൊടി ചേർത്ത് അൽപനേരം കൂടി അടുപ്പത്തുവെച്ചു. എന്നിട്ട് ചെറിയ കപ്പുകളിലാക്കി എല്ലാവർക്കും വിതരണംചെയ്തു. നല്ല കടുപ്പമുള്ള, പ്രത്യേക സ്വാദുള്ള കടുംകാപ്പി. അത് കുടിച്ചു തീരാറായപ്പോൾ കുറച്ചു വെള്ളംകൂടി ജബ്നയിൽ ചേർത്ത് തിളപ്പിച്ച് ഒഴിച്ച് തന്നു. ഇനി വേണ്ടെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല.

മൂന്നുതവണ കുടിക്കുന്നതാണ് ചടങ്ങെന്ന് മാസ് വിശദീകരിച്ചു. അവർക്കിതൊരു ആത്മീയ പ്രക്രിയയാണ്. ആദ്യം കിട്ടുന്ന കാപ്പിയെ അബോൾ എന്നാണ് പറയുക. രണ്ടാമത്തേത് ടോണാ. മൂന്നാമത്തേത് ബേറെക. അനുഗ്രഹിക്കപ്പെട്ടത് എന്നാണ് ബേറെകയുടെ അർഥം. മൂന്നുതവണ കാപ്പി കുടിക്കുമ്പോഴാണ് ആത്മീയ ശാന്തി ലഭിക്കുക. ഒന്ന് രണ്ടു മണിക്കൂർ ചെലവിട്ട് ബന്ധുക്കളും കൂട്ടുകാരുമൊക്കെ ചേർന്നിരുന്നാണ് കാപ്പി നിർമാണവും കുടിക്കലുമൊക്കെ നടത്തുക. കാപ്പി ഒരു സാംസ്‌കാരിക ചിഹ്നംകൂടിയാണ്.

രാജ്യത്തിന്‍റെ ഫുട്‌ബാൾ ക്ലബിന്റെ പേര് ഇത്യോപ്യൻ കോഫി എന്നാണ്. ഞങ്ങൾ കുറെയേറെ നേരം അവിടെ വിശ്രമിച്ചശേഷം ഫെറിയുടെ കടയിൽ പോയി അവളെയും കൂട്ടി അവളുടെ വീട്ടിൽ പോയി. രണ്ടു മുറികളുള്ള ചെറിയ ഒരു വീട്. ഒരു മുറി എനിക്ക് തന്നു. ഒരു ചായ്പുപോലെ അടുക്കള വീടിനു പുറത്താണ്. അവിടെ ഫെറിയെ സഹായിക്കാൻ ആലം എന്ന് പേരുള്ള ഒരു 11 വയസ്സുകാരിയുണ്ടായിരുന്നു. ഞങ്ങൾ ചെന്നയുടനെ അവൾ സ്വീകരണമുറിയിൽ വെച്ച് കാപ്പി ഉണ്ടാക്കിത്തന്നു. ഫെറി മറ്റൊരു അടുപ്പെടുത്തു സ്വീകരണമുറിയിൽ വെച്ചശേഷം പൊക്കം കുറഞ്ഞ സ്റ്റൂളിൽ ഇരുന്ന് പാചകവും വാചകവും ഒന്നിച്ചു നടത്തി.

 

ഫെറി എൻജിനീയറിങ് ബിരുദധാരിയാണ്. അംഹാര പ്രദേശത്തു പ്രശ്നങ്ങൾ തുടങ്ങിയിട്ട് രണ്ടു വർഷമായി. ഇന്‍റർനെറ്റ് ഇല്ലാത്തതുകൊണ്ട് ജോലി പോയി. അങ്ങനെയാണ് അവൾ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചത്. രാവിലെ ആറു മണിക്ക് ഹോട്ടലിൽ പോയാൽ തിരികെ വരുമ്പോൾ രാത്രിയാകും. വെള്ളത്തിന്റെ ദൗർലഭ്യമാണ് ഏറ്റവും വലിയ പ്രശ്‌നം. ദിവസവും അമ്പതു രൂപ കൊടുത്താണ് അവൾ നാലു കന്നാസുകളിലായി നൂറു ലിറ്റർ വെള്ളം വാങ്ങുന്നത്. ആ വെള്ളംകൊണ്ടാണ് ഹോട്ടലിലെ പാചകവും, പാത്രം കഴുകലും എല്ലാം നടത്തുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് കുളിക്കുക. തുണികൾ മാസത്തിൽ രണ്ടുതവണ അലക്കും. ഒരുദിവസം പൈപ്പിൽ വെള്ളമില്ലെങ്കിൽ നമ്മൾ പെടാപ്പാട് പെടുന്നത് ഓർത്തു. വെള്ളത്തിന്റെ കടുത്ത ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ആളുകൾ അതുമായി പൊരുത്തപ്പെട്ടു ജീവിക്കും. അവർക്കാകുമെങ്കിൽ നമുക്കും ആകും.

അവളുടെ വീട്ടിൽ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന വെണ്ണ കാണിച്ചുതന്നു. എന്തൊക്കെയോ ഇലകൾ ചേർത്താണ് അത് വെച്ചിരുന്നത്. അങ്ങനെ വെച്ചാൽ മാസങ്ങളോളം അത് കേടുവരില്ലത്രേ. അവളെന്നെ ഇഞ്ചിറ ഉണ്ടാക്കാൻ പഠിപ്പിച്ചു. നേർത്ത മാവ് പ്ലാസ്റ്റിക് മഗിൽ എടുത്താണ് ദോശക്കല്ലിൽ ഒഴിക്കുന്നത്. ദോശ പരത്താൻ അത്യാവശ്യം സ്‌കിൽ ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ഞാൻ ഇഞ്ചിറ പരത്തുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഒഴിക്കുന്നതിന്റെ സ്പീഡ് ശരിയാകാത്തതുകൊണ്ട് നേർത്ത ഇഞ്ചിറക്ക് പകരം മെത്തപോലെ ഇരുന്ന ഒരു സാധനമാണ് ഞാൻ പരത്തിച്ചുട്ടത്. പാചകം കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഫെറിയും മാസും ബോളിവുഡ് സിനിമകളുടെ കടുത്ത ആരാധകരാണ്. ചില ഹിന്ദി പാട്ടുകളുടെ വരികൾ അറിയാം.

രണ്ടാളും കൂടി ‘കുച്ച് കുച്ച് ഹോത്താ ഹേ’ പാടി. ഫെറി ഇന്ത്യയെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും ഒരുപാടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കഥകൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആരോ കതകിൽ മുട്ടി. ഫെറി കതകു തുറന്നു. മൂന്നു തീവ്രവാദികൾ തോക്കും പിടിച്ച് അകത്തേക്ക് കയറി. മുന്നിൽനിന്ന തീവ്രവാദി ഞാൻ ഇതുവരെ കണ്ടതിൽനിന്നും വ്യത്യസ്തനായിരുന്നു. തലയിൽ ചുവന്ന മിലിറ്ററി തൊപ്പിയും കാലിൽ ബൂട്‌സുമുണ്ട്. അയാളുടെ കൈയിൽ കൂടിയ ഇനം ഓട്ടോമാറ്റിക് റൈഫിളായിരുന്നു ഉണ്ടായിരുന്നത്. അരയിൽ ഒരു വാക്കിടോക്കിയുമുണ്ട്. ഞാൻ ആകെ പേടിച്ചുപോയി. തീവ്രവാദികൾ പണം കണ്ടെത്താനായി ആളുകളെ തട്ടിക്കൊണ്ടു പോകാറുണ്ട്. അതിനാകുമോ അവർ വന്നത്. എന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂടി. എനിക്ക് കരച്ചിൽ വന്നു.

(തുടരും)

Tags:    
News Summary - Ethiopia and Somalia travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.