അധ്യായം -1 ലൂസിയെ തേടി
ഏഴു വൻകരകളിലായി അറുപതിൽപരം രാജ്യങ്ങളിൽ സഞ്ചരിച്ചു. ഏറെയും ഒറ്റക്കുള്ള യാത്രകൾ. യാത്രക്ക് തയാറെടുക്കുമ്പോൾ അൽപസ്വൽപം ഭയമൊക്കെ തോന്നുമെങ്കിലും യാത്രയോടടുക്കുമ്പോൾ അതൊക്കെ മാറാറുണ്ട്. എന്നാൽ, ഇത്തവണത്തെ യാത്രയിൽ വല്ലാത്തൊരു ഭീതി മനസ്സിനെ പിടികൂടിയിട്ടുണ്ട്. കേട്ടുകേൾവിയുടെ പേരിൽ ഏതെങ്കിലും സ്ഥലത്തെപ്പറ്റി ആളുകൾ പറഞ്ഞു പേടിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവഗണിക്കാറാണ് പതിവ്. ആഫ്രിക്കയെക്കുറിച്ച് യാത്രികയായ റെനി, സുഹൃത്ത്് സന്തോഷ് എന്നിവർ പറഞ്ഞത് എന്തുകൊണ്ടോ എന്റെ ആത്മവിശ്വാസത്തെ പാടെ ചോർത്തിക്കളഞ്ഞു.
‘‘മിത്ര... ഞാൻ ഏതാണ്ട് 120 രാജ്യങ്ങളിൽ പോയി. ഏറ്റവും മോശമായ അനുഭവം ആഫ്രിക്കയിലാണുണ്ടായത്. എന്റെ കഴുത്തുളുക്കി ഞാൻ ആശുപത്രിയിൽ പോയി. കഴുത്തിൽ ബെൽറ്റിട്ട്, വീൽചെയറിൽ ഇരുത്തിയാണ് എന്നെ തിരികെ ഹോട്ടലിൽ എത്തിച്ചത്. ഞാൻ മുറിയിൽ അനങ്ങാൻ വയ്യാതെ ഇരിക്കുമ്പോൾ, ഹോട്ടലുകാരുടെ ഒത്താശയോടെ രണ്ടുപേർ എന്റെ മുറിയിൽ കടന്ന്, പാസ്പോർട്ട് അടക്കം വിലപിടിപ്പുള്ള എല്ലാ രേഖകളും ക്രെഡിറ്റ് കാർഡും ഡോളറും കൊള്ളയടിച്ചു. എനിക്ക് കണ്ണീരൊഴുക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഒരു ദയയുമില്ലാത്ത ആളുകളാണ് അവിടെയുള്ളതെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.’’
‘‘നിന്റെ എല്ലാ യാത്രകളും അങ്ങേയറ്റം അഭിമാനത്തോടെയാണ് ഞാൻ പിന്തുടർന്നത്. ആഫ്രിക്കയിൽ സഞ്ചരിക്കുന്നത് നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല. വളരെ സൂക്ഷിക്കണം. മലാവിയിൽ ജോലി ചെയ്യുന്ന എന്റെയൊരു ഇന്ത്യൻ സുഹൃത്തിന്റെ മാതാപിതാക്കൾ അവനെ സന്ദർശിക്കാൻ അങ്ങോട്ട് പോയി. എയർപോർട്ടിൽനിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാൻ ഒരു റിസോർട്ടിൽ കാർ നിർത്തി. അവനും അച്ഛനും വണ്ടി പാർക്ക് ചെയ്യാൻ നിന്നപ്പോൾ അവന്റെ ഭാര്യ അമ്മയുമായി റിസോർട്ടിലേക്ക് നടന്നു. പോകുന്ന വഴിക്ക് അവന്റെ ഭാര്യ തെന്നിവീണ് തല ഒരു കല്ലിൽ ഇടിച്ചു ബോധംകെട്ട് വീണു. കൂടെയുണ്ടായിരുന്ന അമ്മായിയമ്മ ബഹളം വെച്ചപ്പോൾ ഒരാൾ ഓടിവന്നു. എന്നാൽ സഹായിക്കുന്നതിന് പകരം അയാൾ രണ്ടു പേരുടെയും ബാഗ് തട്ടിപ്പറിച്ചു ഓടിക്കളഞ്ഞു. ഒടുവിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു.’’
യാത്രക്കായി ഒരുക്കം നടത്തുന്ന ഘട്ടത്തിലുടനീളം അവരുടെ ഈ വാക്കുകൾ ഇടക്കിടെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങൾ സന്ദർശിക്കാൻ ‘ഒരു ദേശി ഡ്രൈവ്’ പോയപ്പോൾ എന്നെ ഒരുപാടു പിന്തുണച്ച സുഹൃത്താണ് സന്തോഷ്. യാത്ര പകുതിയായപ്പോൾ കോവിഡ് മഹാമാരി ഉത്തരേന്ത്യയിൽ സംഹാരതാണ്ഡവമാടിത്തുടങ്ങി. തിരിച്ചുപോരാൻ ഒരുങ്ങിയെങ്കിലും എന്നെ പിന്തിരിപ്പിച്ചത് സന്തോഷായിരുന്നു. ‘‘യാത്ര പൂർത്തീകരിക്കൂ... എന്ത് സംഭവിച്ചാലും ഞങ്ങളൊക്കെ കൂടെയില്ലേ...’’
വരുന്നിടത്തുവെച്ച് കാണാമെന്നും ധൈര്യമായിരിക്കൂ എന്നും പറഞ്ഞു പ്രോത്സാഹിപ്പിച്ച സന്തോഷ്, ആഫ്രിക്കൻ യാത്രയിൽനിന്ന് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആവലാതിയായി. ഭയം കാരണമാണ് രണ്ടു വർഷത്തോളം യാത്ര മുടങ്ങിയത്. വ്ലോഗർമാരായ മഹീനും അരുണിമയും ഒറ്റക്ക് ഇത്യോപ്യ സന്ദർശിച്ചെന്നറിഞ്ഞപ്പോൾ ഞാനും എന്റെ സ്വപ്നയാത്രക്ക് ധൈര്യം സംഭരിച്ചു. ഒരു മാസമാണ് ഇത്യോപ്യ സന്ദർശിക്കാൻ മാറ്റിവെച്ചത്. സോമാലിയ/ സോമാലിലാൻഡ് സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടത്തെ രാഷ്ട്രീയ അസ്ഥിരതയും ഇടക്കിടെയുള്ള ബോംബാക്രമണങ്ങളും കാരണം അങ്ങോട്ടേക്ക് യാത്രചെയ്യേണ്ടെന്ന് തീരുമാനിച്ചു. ദൈവത്തിനു മറ്റു പദ്ധതിയുണ്ടെന്നും, തീരുമാനമെല്ലാം മാറ്റേണ്ടിവരുമെന്നും അപ്പോൾ അറിഞ്ഞില്ല.
2025 ജനുവരി 31ന് ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബബയിൽ കാലുകുത്തുമ്പോൾ എന്നെ കാർന്നുതിന്നിരുന്ന ഭയത്തിന് ഒരുവിധത്തിൽ കടിഞ്ഞാണിട്ടുകൊണ്ട് ശുഭാപ്തിവിശ്വാസം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു. ‘വൺ ഡേ അറ്റ് എ ടൈം’ എന്നത് ഇത്യോപ്യൻ യാത്രയുടെ ആദർശവചനമായി സ്വീകരിച്ചു. കിഴക്കൻ ആഫ്രിക്കയിലെ പ്രധാനപ്പെട്ട രാജ്യമാണ് ഇത്യോപ്യ. ഇത്യോപ്യ എന്നാണവർ വിളിക്കുക. പണ്ട് അബിസീനിയ എന്നും വിളിച്ചിരുന്നു. ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കുമ്പോൾ മനസ്സിൽ ഒരു ചിന്തയേയുണ്ടായിരുന്നുള്ളൂ –എങ്ങനെയെങ്കിലും ലൂസിയെ കാണണം. നാളെ വെളുപ്പിനാണ് ഇത്യോപ്യയുടെ വടക്കൻ ഭാഗമായ അംഹാറയിലേക്കുള്ള ഫ്ലൈറ്റ്. ഇന്ന് കണ്ടില്ലെങ്കിൽ ലൂസിയുമായുള്ള കൂടിക്കാഴ്ച അനന്തമായി നീളും.
എയർപോർട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഗുരുവായൂർ സ്വദേശിയായ സന്ദീപേട്ടൻ കാത്തുനിൽപ്പുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലാണ് ഇന്നത്തെ താമസം. ഫേസ്ബുക്ക് സുഹൃത്ത് ജയപ്രകാശ് ചേട്ടനാണ് സന്ദീപേട്ടനെ പരിചയപ്പെടുത്തിയത്. ഇത്യോപ്യയിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ഡിജിറ്റൽ പേമെന്റ് ആണ് ആളുകൾക്ക് താൽപര്യം. നമ്മുടെ ഗൂഗ്ൾ പേയുടെ ഒരു ബദൽ സംവിധാനമായ എം പെസയാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേമെന്റ് ചെയ്യാൻ സഹായിക്കുന്ന ഒരാളെ തേടിയുള്ള അന്വേഷണം അവസാനിച്ചത് സന്ദീപേട്ടനിലാണ്. ഏഴെട്ടു കൊല്ലമായി അദ്ദേഹം ഇത്യോപ്യയിൽ ബിസിനസ് നടത്തുന്നു. നാട്ടിൽനിന്ന് പോരുന്നതിനു മുമ്പ് അദ്ദേഹത്തോടും ഭാര്യ നിമ്മിയോടും ഫോണിൽ സംസാരിച്ചിരുന്നു. എയർപോർട്ടിനടുത്തുള്ള വീട്ടിലെത്തിയപ്പോൾ മണി രണ്ടര കഴിഞ്ഞു. ലിഫ്റ്റ് പണിമുടക്കിയതിനാൽ ഏഴാം നിലയിലെ അപ്പാർട്മെന്റിലേക്ക് എന്റെ ഭാണ്ഡക്കെട്ടുമായി നടന്നുകയറേണ്ടിവന്നു. പക്ഷേ വിശ്രമിക്കാൻ സമയമില്ല.
ഞാൻ തിരക്കുകൂട്ടി, ‘‘സന്ദീപേട്ടാ... വേഗം വരൂ... അഞ്ചുമണി കഴിഞ്ഞാൽ ലൂസിയെ കാണാൻ പറ്റില്ല.’’
‘‘നീ ധൃതികൂട്ടിയിട്ട് യാതൊരു കാര്യവുമില്ല. അവൾ അത്ര പെട്ടെന്ന് പിടിതരുന്നവളല്ല. മിക്കവാറും അവൾ ഏതെങ്കിലും വിദേശ പര്യടനത്തിലാകും. ഞാൻ കൊണ്ടുപോയില്ലെന്ന പരാതി വേണ്ട. നമുക്ക് അവിടെവരെ പോയിനോക്കാം.’’
ലൂസിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. 1974ലാണ് അമേരിക്കൻ ശാസ്ത്രജ്ഞർ, ഇത്യോപ്യയുടെ കിഴക്കൻ പ്രദേശമായ അഫാർനിന്ന് മൂന്നര ദശലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂർവികനായ ‘ഓസ്ട്രലോപിത്തിക്കസ് അഫാറെൻസിസ്’ വംശത്തിന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ക്യാമ്പിൽ അന്ന് ബീറ്റിൽസിന്റെ പ്രശസ്തമായ പാട്ടായ ‘ലൂസി ഇൻ ദി സ്കൈ വിത്ത് ഡയമണ്ട്സ്’ എന്ന പാട്ടായിരുന്നു വെച്ചിരുന്നത്. അന്ന് കണ്ടുപിടിച്ച അസ്ഥികൂടത്തിനു ‘ലൂസി’ എന്ന പേര് നൽകാൻ ആ പാട്ട് നിമിത്തമായി.
അതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും പൂർണവുമായ അസ്ഥികൂടം എന്ന നിലക്ക് ലൂസിയെ കണ്ടെത്തിയത് നരവംശ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലായി. മനുഷ്യവംശം ആഫ്രിക്കയിൽനിന്നാണ് ഉത്ഭവപ്പെട്ടത് എന്ന സിദ്ധാന്തത്തിന് ആ കണ്ടെത്തൽ കൂടുതൽ പിന്തുണ നൽകി. നാൽക്കാലിയിൽനിന്ന് ഇരുകാലിയിലേക്കുള്ള മനുഷ്യവർഗത്തിന്റെ പരിണാമത്തിന്റെ തെളിവുകൂടിയായിരുന്നു ലൂസി. അതുകൊണ്ടുതന്നെ പല പാശ്ചാത്യ രാജ്യങ്ങളിലെ മ്യൂസിയങ്ങളും ലൂസിയെ പ്രദർശിപ്പിക്കാൻ മുൻകൈയെടുക്കാറുണ്ട്.
വീട്ടിൽനിന്ന് നഗരത്തിരക്കിൽക്കൂടി മുക്കാൽ മണിക്കൂർ ഡ്രൈവ് ചെയ്ത് ആഡിസ് അബബ യൂനിവേഴ്സിറ്റിയുടെ അടുത്തെത്തി. വണ്ടി പാർക്ക് ചെയ്യാൻ അടുത്തെങ്ങും സ്ഥലമില്ല. ഞാൻ ചാടി അവിടെയിറങ്ങി. സന്ദീപേട്ടൻ വണ്ടി പാർക്ക് ചെയ്യാൻ പോയി. പോകുന്നതിനു മുമ്പ് ലൂസിയെ പ്രദർശിപ്പിച്ചിട്ടുള്ള നാഷനൽ മ്യൂസിയം കെട്ടിടം കാണിച്ചുതന്നു. വലിയൊരു കോമ്പൗണ്ടിനുള്ളിലാണ് ആ കെട്ടിടം. ചുറ്റുമതിൽ പുനർനിർമാണ ഭാഗമായി പൊളിച്ചിട്ടിട്ടുണ്ട്. പ്രവേശന കവാടത്തിലേക്ക് റോഡിൽക്കൂടി നടന്നെത്തുന്നതിലും എളുപ്പമാണ് പൊളിച്ചിട്ട ഭാഗത്തുകൂടി ഉള്ളിൽ കടക്കാൻ. സമയം നാലേകാലായി. ഇനിയും വൈകിയാൽ വന്ന കാര്യം നടക്കില്ല. കൂടുതൽ ആലോചിക്കാതെ ഞാൻ ആ അതിക്രമം കാണിച്ചു -നുഴഞ്ഞുള്ളിലേക്ക് കയറി. അകത്തു പ്രവേശിച്ചതും കുറച്ചകലെയായി മൂന്നാലു പൊലീസുകാർ ഇരിക്കുന്നതു കണ്ടു. ഞാൻ അവരെ കാണാത്തപോലെ കെട്ടിടം ലക്ഷ്യമാക്കി നടന്നു.
ഒരു പൊലീസുകാരൻ എന്റെ പിന്നാലെ ഓടിവരുന്നുണ്ടെന്ന് മനസ്സിലാക്കിയതും ഞാൻ അവിടെ നിന്നു. ഇത്യോപ്യൻ ഭാഷയായ അംഹാറിക്കിൽ അയാൾ എന്തോ പറഞ്ഞു. ഞാൻ ‘‘ഇംഗ്ലീഷ് ഇംഗ്ലീഷ്’’ എന്ന് തിരിച്ചുപറഞ്ഞു. അതോടെ അയാൾ തന്റെ കൂട്ടുകാരനെ കൈകൊട്ടി വിളിച്ചു. കക്ഷിക്ക് എന്നെ അത്രക്കങ്ങോട്ടു പിടിച്ചിട്ടില്ല. അടുത്തെത്തിയതേ പൊളിഞ്ഞു കിടന്നടുത്തുകൂടി നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് ചീത്ത പറഞ്ഞു.
‘‘ഞാൻ ലൂസിയെ കാണാൻ ഇന്ത്യയിൽനിന്ന് വന്നതാണ്. ദയവു ചെയ്തു എന്നേ ഒന്ന് വിട്ടേക്കൂ. നാളെ രാവിലെ ഞാൻ ഇവിടന്നു പോകും. പിന്നെ എനിക്കവളെ കാണാൻ പറ്റില്ല. പ്ലീസ്...’’ ഞാൻ താണപേക്ഷിച്ചു.
‘‘പക്ഷേ, അതിനു മ്യൂസിയം നവീകരണ പ്രവൃത്തികൾക്കായി ഒരു വർഷത്തേക്ക് അടച്ചിരിക്കുകയാണ്.’’
‘‘അങ്ങനെയെങ്ങനെ ഇത്രയും കാലമൊക്കെ അടച്ചിടാൻ പറ്റും? ഞാൻ ലൂസിയെ പുറത്തുനിന്ന് ഒരു നോക്ക് കണ്ടോട്ടെ?’’
‘‘അതൊന്നും സാധ്യമല്ല. മാത്രവുമല്ല ലൂസി ഇവിടില്ല. യൂറോപ്പിൽ പര്യടനത്തിനായി കഴിഞ്ഞമാസം കൊണ്ടുപോയി.’’
ആകെ നിരാശയായി. യാത്രയുടെ തുടക്കംതന്നെ പാളി. വൻ പ്രശ്നങ്ങളുമായി തുടങ്ങിയ മംഗോളിയ യാത്ര, ഓൾ ഇന്ത്യ യാത്ര എല്ലാം നല്ല രീതിയിലാണ് മുഴുമിപ്പിച്ചത്. അതൊക്കെ ഓർത്തു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും സന്ദീപേട്ടൻ അവിടെയെത്തി. ഞാൻ നിരാശപ്പെട്ടിരിക്കുന്നത് കണ്ടു സന്ദീപേട്ടൻ എന്നെ ഒരാളെ പരിചയപ്പെടുത്താൻ കൊണ്ടുപോകാമെന്ന് പറഞ്ഞു.
‘‘30 കൊല്ലം മുമ്പ് നിന്നെപ്പോലൊരു ആലപ്പുഴക്കാരി ഒറ്റക്ക് ഇത്യോപ്യയിൽ എത്തിച്ചേർന്നിരുന്നു. അവർ പക്ഷേ ഇവിടെ സ്ഥിരതാമസമായി. ലൂസിക്ക് പകരം അവരെ കണ്ടാലോ?’’
അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ സഹായത്തിനുണ്ടായിട്ടുപോലും ഒരുപാടു കാലത്തെ ചിന്തനത്തിനും പുനർവിചിന്തനത്തിനും ശേഷമാണു ഞാൻ യാത്ര തിരിച്ചത്. അപ്പോൾ 30 കൊല്ലം മുമ്പ് ഒരു മലയാളി എന്ത് ധൈര്യത്തിലായിരിക്കും ഇവിടെ എത്തി സ്ഥിരതാമസമാക്കാൻ തീരുമാനിച്ചത്? എന്തായിരിക്കും അവരുടെ അനുഭവങ്ങൾ? എന്നിൽ കൗതുകമുണർന്നു. അൽപം ദൂരെയായി പാർക്ക് ചെയ്ത കാറിന്റെയടുത്തേക്ക് നടന്നു. കുറച്ചുദൂരം നടന്നപ്പോൾതന്നെ ചെറിയ കിതപ്പനുഭവപ്പെട്ടു. എണ്ണായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആഡിസ് അബബ ലോകത്തിലെ ഏറ്റവും ഉയർന്ന തലസ്ഥാനങ്ങളിലൊന്നാണെന്ന് അപ്പോൾ ഓർത്തു.
എന്നെയും കൂട്ടി നേരെ പോയത് ഒരു പള്ളിയിലേക്കാണ്. പള്ളിയുടെ വലിയ കോമ്പൗണ്ടിൽ ഒരു സ്കൂളും ചാരനിറത്തിലെ മറ്റു ചില കെട്ടിടങ്ങളുമുണ്ട്. സന്ദീപേട്ടൻ ആരെയോ ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കന്യാസ്ത്രീ ചുണ്ടിൽ പുഞ്ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു. സന്ദീപേട്ടൻ പരിചയപ്പെടുത്തി. സിസ്റ്റർ ആശ. തൊട്ടടുത്തുള്ള സ്കൂളിന്റെ പ്രിൻസിപ്പൽ. ഒരു പ്രിൻസിപ്പലിന്റെ തനതു ഭാവവാഹാദികളൊന്നുമില്ലാതെയായിരുന്നു സിസ്റ്റർ പെരുമാറിയത്. നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. ഞങ്ങളെ സിസ്റ്റർ താമസിക്കുന്ന മഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീട്ടിലുണ്ടാക്കിയ പലഹാരവും ചെറുപഴവും തന്നു സ്വീകരിച്ചു. ഏറെനേരം ഞങ്ങൾ വിശേഷം പറഞ്ഞിരുന്നു. പാവപ്പെട്ടവർക്കുവേണ്ടി ജീവിക്കണം എന്ന ആഗ്രഹംകൊണ്ടാണ് എടത്വാക്കാരിയായ സിസ്റ്റർ തിരുവസ്ത്രം ധരിച്ചത്. നാട്ടിലെ സാഹചര്യങ്ങളെക്കാൾ മോശമാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ എന്ന് മനസ്സിലാക്കി കേരളത്തിന് പുറത്ത് ജോലിക്ക് ശ്രമിച്ചു. രാജസ്ഥാനിൽ ജോലി നോക്കുമ്പോഴാണ് ഇത്യോപ്യയിലേക്ക് കന്യാസ്ത്രീകളെ ആവശ്യമുണ്ടെന്നു അറിഞ്ഞത്. കൂട്ടത്തിലുള്ള ആരും പോകാൻ തയാറാകാതിരുന്നപ്പോൾ സിസ്റ്റർ മുന്നിട്ടിറങ്ങി.
‘‘ഇവിടത്തെ രാഷ്ട്രീയ സാഹചര്യമൊന്നും അന്നെനിക്കറിയില്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം എന്നുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. വന്നപ്പോൾ ആളുകളെ ഇഷ്ടമായി. ഇവിടത്തെ മനുഷ്യരെല്ലാം പാവങ്ങളാണ്. പള്ളിയിലെ ഉന്നതശ്രേണിയിലുള്ള വൈദികന്മാർപോലും ലളിതമായ ചെറിയ കെട്ടിടങ്ങളിലാണ് താമസിക്കുക. അവരെ കാണാൻ നാട്ടിലെപോലെ അപ്പോയിൻമെന്റോ ശിപാർശയോ ഒന്നും ആവശ്യമില്ല. ഞാൻ ആഗ്രഹിച്ചപോലെയുള്ള ജീവിതം എനിക്ക് ഇവിടെ നയിക്കാൻ സാധിച്ചു. ഐ ലിവ്ഡ് വാട്ട് ഐ വോവ്ഡ് ആൻഡ് ഐ ആം ഹാപ്പി വിത്ത് മൈ ഡിസിഷൻ.’’ സിസ്റ്ററുടെ വാക്കുകൾ ഇത്യോപ്യയെ കൂടുതൽ അറിയാനും കാണാനുമുള്ള എന്റെ ആഗ്രഹത്തിന് ഊർജം പകർന്നു.
അത്താഴത്തിന് ഒരു കൾചറൽ റസ്റ്റാറന്റിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത്യോപ്യൻ പാട്ടും ഡാൻസും ഭക്ഷണവുമാണ് അവിടത്തെ പ്രത്യേകത. പോകുന്ന വഴിക്ക് പല വലിയ കെട്ടിടങ്ങളും കണ്ടു. ദരിദ്ര രാജ്യങ്ങളിൽ ഒന്നായതുകൊണ്ട് വിദേശ എൻ.ജി.ഒകൾക്ക് പ്രവർത്തിക്കാനായി ഐക്യരാഷ്ട്ര സഭയുണ്ടാക്കിയ കെട്ടിടങ്ങളാണ് അവയിൽ ചിലത്. എല്ലാ ആഫ്രിക്കൻ രാജ്യങ്ങളുമുൾപ്പെടുന്ന ആഫ്രിക്കൻ യൂനിയനും ഇവിടെ ആസ്ഥാനമുണ്ട്. രണ്ടു വർഷത്തിൽ ഒരിക്കൽ കാര്യങ്ങൾ വിലയിരുത്താൻ നേതാക്കന്മാർ ഇവിടെ കൂടാറുണ്ട്. മെസ്കൽ സ്ക്വയറിനടുത്തുകൂടിയാണ് ഞങ്ങൾ കടന്നുപോയത്. കുഞ്ഞു മഞ്ഞ പൂക്കളുള്ള ചെടിയാണ് മെസ്കൽ. ഇത്യോപ്യയിൽ പുതുവർഷം തുടങ്ങുന്നത് സെപ്റ്റംബർ മാസത്തിലാണ്. ആ സമയമാണ് ഈ പൂക്കൾ വിരിയുന്നത്. പുതുവർഷ ആഘോഷ ഭാഗമായി മെസ്കൽ ഫെസ്റ്റിവൽ നടത്തുന്ന സ്ക്വയറാണ് നേരത്തേ കണ്ടത്.
‘‘കഴിഞ്ഞ ഒന്നൊന്നരക്കൊല്ലംകൊണ്ട് ഈ നഗരം ആകെ മാറി. ദുബൈ മാതൃകയിലുള്ള വികസനമാണ് പ്രധാനമന്ത്രി അബി അഹ്മദ് ലക്ഷ്യമിടുന്നത്. അറേബ്യയിൽനിന്ന് കൊണ്ടുവന്ന പനകൾ നഗരത്തിലെ പല ഭാഗങ്ങളിലും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. വെള്ള അല്ലെങ്കിൽ ചാരനിറം മാത്രമേ കെട്ടിടത്തിനടിക്കാൻ അനുമതിയുള്ളൂ. ലൈറ്റിങ് നിർബന്ധമാണ്. തട്ടുകടകളും ചെറിയ കടകളുമെല്ലാം ഒഴിപ്പിച്ചു. ഈ റോഡ് ആറുവരി പാതയായത് വികസനത്തിന്റെ ഭാഗമായാണ്’’ –സന്ദീപേട്ടൻ വിശദീകരിച്ചു.
‘‘രാജ്യത്തിലെ ഭൂരിഭാഗം ആളുകളും പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ നഗരത്തിൽ ഇത്രയും ആഡംബരം കാണിക്കേണ്ട കാര്യമുണ്ടോ? ജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടേ ശ്രദ്ധ കേന്ദ്രീകരിക്കാൻ?’’
‘‘അബി അഹ്മദ് പറയുന്നത് നഗരത്തിന്റെ വികസനം വിദേശ നിക്ഷേപകരെ ആകർഷിക്കുമെന്നാണ്. അങ്ങനെ നിക്ഷേപങ്ങൾ കിട്ടിത്തുടങ്ങുമ്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. ചൈനയും സൗദി അറേബ്യയും പല നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ രാജ്യത്തിന്റെ 80 ശതമാനം ജി.ഡി.പിയും തലസ്ഥാന നഗരത്തിൽനിന്ന് മാത്രമാണ്. ആളുകൾ ഗ്രാമങ്ങളിൽനിന്ന് ഇങ്ങോട്ടേക്ക് ചേക്കേറുകയാണ്.’’
‘‘മലർപ്പൊടിക്കാരന്റെ സ്വപ്നം പോലാകാതിരുന്നാൽ മതി!’’
ഞങ്ങൾ 2000 ഹബേഷ റസ്റ്റാറന്റിൽ എത്തി. എന്നെ ഇറക്കി സന്ദീപേട്ടൻ കാർ പാർക്ക് ചെയ്യാൻ പോയി. റസ്റ്റാറന്റിന്റെ കതക് അടഞ്ഞു കിടക്കുന്നു. മുന്നിൽ പാറാവുകാരുണ്ട്. അങ്ങോട്ട് ചെന്നതും അവർ മുറി ഇംഗ്ലീഷിൽ ‘‘ഓപണിങ് വൺ തേർട്ടി. കം ലേറ്റർ’’ എന്ന് പറഞ്ഞു. സമയം ഏഴേകാൽ ആയിട്ടേ ഉള്ളൂ. രാത്രി ഒന്നരക്കാണോ ഇവിടത്തെ മനുഷ്യർ അത്താഴം കഴിക്കുന്നത്. ഞാൻ ആശയക്കുഴപ്പത്തിലായി.
അധ്യായം - 2 ആഫ്രിക്കൻ ജറൂസലമിലേക്ക്
സന്ദീപേട്ടൻ വന്നപ്പോഴാണ് കാര്യം മനസ്സിലായത്. ഇവിടത്തെ സമയം രാത്രി ഒന്നര എന്നാൽ നമ്മുടെ വൈകീട്ട് ഏഴരയാണ്. 24 മണിക്കൂർ ക്ലോക്കിന് പകരം, ഇത്യോപ്യക്കാർ പ്രത്യേകമായ സമയക്രമമാണ് പിന്തുടരുന്നത്. അവരുടെ ദിവസം ആരംഭിക്കുന്നത് രാവിലെ ആറു മണിക്കാണ്. നമ്മുടെ ഏഴു മണി അവർക്ക് രാവിലെ ഒരു മണിയാണ്! വൈകീട്ട് ആറു മണിക്കാണ് അവരുടെ ഉച്ചക്ക് പന്ത്രണ്ടു മണി. അതായത് ആ ഗാർഡ് പറഞ്ഞ പ്രകാരം ഒന്നര മണിക്ക് എന്നയാൾ ഉദ്ദേശിച്ചത് വൈകീട്ട് ഏഴരയാണ്. അതുപോലെ വർഷക്കണക്കും വ്യത്യാസമുണ്ട്. ഇപ്പോൾ ഇത്യോപ്യയിൽ 2017 ആണ്. നമ്മളെക്കാൾ എട്ടു കൊല്ലം പിന്നിൽ. ഇത്യോപ്യയിൽ 13 മാസത്തെ കലണ്ടറാണ് ഉപയോഗിക്കുന്നത്. അതിൽ മുപ്പതു ദിവസമുള്ള പന്ത്രണ്ടു മാസവും, അഞ്ചോ ആറോ ദിവസമുള്ള പതിമൂന്നാം മാസവുമാണുള്ളത്. പുരാതന കോപ്റ്റിക് കലണ്ടറിൽനിന്നാണ് 13 മാസത്തെ സമ്പ്രദായം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.
ഞങ്ങൾ ഹോട്ടലിനുള്ളിൽ പ്രവേശിച്ചു. വലിയൊരു ഹാൾ. ഒരറ്റത്തായിട്ട് സ്റ്റേജ് സജ്ജീകരിച്ചിരിക്കുന്നു. അവിടെ കുറച്ചു സ്ത്രീകളും പുരുഷന്മാരുമുണ്ട്. സ്റ്റേജിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് പൊക്കം കുറഞ്ഞ മേശകൾ ഇട്ടിട്ടുള്ളത്. മേശക്ക് ചുറ്റും ചെറിയ സോഫകൾ. ഞങ്ങൾ മുന്നിൽത്തന്നെ സീറ്റ് പിടിച്ചു. ഒരു സ്ത്രീ, രസതന്ത്രം ലാബിലെ ഗോളാകൃതിയിലുള്ള ടെസ്റ്റ് ട്യൂബിന്റെ രൂപത്തിലുള്ള ചെറിയ ചില്ലു ജഗിൽ നേർത്ത മഞ്ഞനിറമുള്ള ദ്രാവകം കൊണ്ടുവെച്ചു. അവർ പുഞ്ചിരിച്ചുകൊണ്ട് എന്റെ ഗ്ലാസിലേക്ക് അത് പകർന്നുകൊണ്ട് പറഞ്ഞു.
‘‘ഇത് തെജ് ആണ്. തേനിൽനിന്നുണ്ടാക്കുന്ന ഞങ്ങളുടെ പാനീയം. ഗെഷോ എന്ന ഔഷധസസ്യവും തേനും വെള്ളവും മാത്രമാണ് ഇതിന്റെ ചേരുവകൾ. ധൈര്യമായി കുടിക്കാം’’. ഉടൻ സന്ദീപേട്ടൻ സ്വരംതാഴ്ത്തി എന്നെ താക്കീത് ചെയ്തു, ‘‘പത്തു ശതമാനം മദ്യമുണ്ട്. കൂടുതൽ കുടിക്കാൻ നിൽക്കണ്ട.’’ ഞാൻ അൽപം രുചിച്ചുനോക്കി. ചെറിയ പുളിപ്പും നല്ല മധുരവും.
ഇതിനിടയിൽ വേദിയിൽ പരിപാടികൾ ആരംഭിച്ചു. ആദ്യം ഒരു പെൺകുട്ടി അംഹാറിക്കിൽ ഗാനങ്ങൾ ആലപിച്ചു. ശേഷം സ്ത്രീകളും പുരുഷന്മാരും ചേർന്ന് ഇത്യോപ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൃത്തം അവതരിപ്പിച്ചു. ഓരോ നൃത്തത്തിന്റെയും ചലനങ്ങൾക്കായി ഓരോ ശരീര ഭാഗമായിരുന്നു ഉപയോഗിച്ചത്. ചില നൃത്തത്തിൽ ചുമലും മാറും മാത്രം അനങ്ങിയപ്പോൾ, മറ്റു ചിലത് ഇടുപ്പ് ഉപയോഗിച്ചുള്ളതായിരുന്നു. ഏറ്റവും രസം തോന്നിയത് സ്ത്രീകൾ തിരിഞ്ഞുനിന്ന് അവരുടെ നിതംബംമാത്രം അനക്കി ഡാൻസ് കളിച്ചതാണ്. നൃത്തത്തിനിടയിൽ നർത്തകിമാർ സ്റ്റേജിൽനിന്നും താഴേക്കിറങ്ങി വന്ന് അതിഥികളെ ഒപ്പം നൃത്തംചെയ്യാൻ ക്ഷണിക്കുകയും, അവരുടെ ടേബിളിന്റെ അരികിൽ നൃത്തം ചെയ്യുകയും ചെയ്തു.
ഹോട്ടലിൽ നൃത്ത പരിപാടി അവതരിപ്പിക്കുന്നവർ
ടിപ് പ്രതീക്ഷിച്ചാണ് അവർ അത് ചെയ്യുന്നത്. ഇന്ത്യക്കാർ പൊതുവെ പൈസ കൊടുക്കാറില്ലാത്തതുകൊണ്ട് അവർ ഞങ്ങളെ ഗൗനിച്ചില്ല. പെട്ടെന്ന് ശബ്ദം നിലച്ചു. എല്ലാവരുടെയും കണ്ണുകൾ വേദിയിൽ നിന്ന സ്ത്രീയിലേക്കായി. അവർ കഴുത്തു മെല്ലെ കറക്കുകയാണ്. പശ്ചാത്തലത്തിൽ ആരോ വളരെ സാവധാനം വീണ പോലുള്ള ഉപകരണം വായിച്ചുതുടങ്ങി. വായനയുടെ സ്പീഡ് കൂടുന്നതനുസരിച്ചു അവളുടെ തലയുടെ കറക്കത്തിന്റെ വേഗതയും കൂടി. അത് കണ്ടുകൊണ്ട് നിന്ന എനിക്ക് തലകറങ്ങുന്നപോലെയും ഛർദിക്കാൻ വരുന്നതുപോലെയും തോന്നി. പക്ഷേ, അവൾക്ക് ഒരു കൂസലുമില്ലായിരുന്നു. തല കറക്കുന്നതിന്റെ വേഗതയാൽ മുഖംപോലും വ്യക്തമായി കാണാൻ സാധിക്കുന്നില്ല. കാണികൾ ആവേശഭരിതരായി. പലരും വേദിക്കരികിൽ ചെന്ന് നോട്ട് കെട്ടുകൾ അവൾക്ക് നേരെ എറിഞ്ഞുകൊടുത്തു.
ഡാൻസിനിടയിൽ ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുതന്നു. വലിയ പ്ലേറ്റിൽ വലിപ്പമുള്ള ദോശ. അതായിരുന്നു അവരുടെ ‘ഇഞ്ചിറ’ എന്ന വിഭവം. തലസ്ഥാനം വിട്ടാൽ എല്ലായിടത്തും ഇതു മാത്രമേ കിട്ടൂ എന്ന് സുഹൃത്ത് താക്കീത് ചെയ്തിരുന്നു. എത്ര പേരുണ്ടെങ്കിലും ഒറ്റ പ്ലേറ്റിലാണ് ഭക്ഷണം വിളമ്പുക. ചെറിയ പാത്രത്തിൽ ഷിറോ കൊണ്ടുവെച്ചു. കടലപ്പൊടി, മസാലയും ചേർത്ത് കുറുക്കിയുണ്ടാക്കുന്നതാണ് അത്. ഷിറോയിൽ മുക്കി വേണം ഇഞ്ചിറ കഴിക്കാൻ. അത്യാവശ്യം പുളിയുണ്ടായിരുന്നു ദോശക്ക്. പുളിയെപ്പറ്റി സന്ദീപേട്ടനോട് സൂചിപ്പിച്ചപ്പോൾ ‘‘ഇതൊന്നും ഒരു പുളിയേ അല്ല. യഥാർഥ ഇഞ്ചിറക്ക് ഇതിലും പുളിപ്പാണ്. തെഫ് എന്ന മില്ലെറ്റിന്റെ പൊടി വെള്ളത്തിൽ കലക്കി, മൂന്നു ദിവസം പുളിപ്പിച്ചാണ് ‘ഇഞ്ചിറ’ ഉണ്ടാക്കുക. ഇവിടെ വിദേശികൾ ധാരാളം വരുന്നതുകൊണ്ടാണ് അധികം പുളിക്കാത്ത ഇഞ്ചിറ കിട്ടിയത്’’ എന്നായിരുന്നു മറുപടി.
തുടർന്ന് ഷക്ല ടിബ്സ് പരീക്ഷിച്ചു. ആടിന്റെ ഇറച്ചി ചെറിയ കഷണങ്ങളാക്കി, അധികം മസാലയില്ലാതെ ചെറിയ തീയിൽ പൊരിച്ചെടുത്തതാണ്. അത് ഒരു മൺപാത്രത്തിലാണ് വിളമ്പുന്നത്. ചൂട് കനലിന്റെ പുറത്തു പാത്രം വെച്ച്, കനലിനൊപ്പമാണ് ഞങ്ങളുടെ മേശപ്പുറത്ത് എത്തിച്ചത്. നല്ല രുചിയായിരുന്നു. ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങിയപ്പോൾ അത്യാവശ്യം തണുപ്പ് അനുഭവപ്പെട്ടു. കൂടുതൽ കറങ്ങാൻ നിൽക്കാതെ നേരെ വീട്ടിലേക്ക് പോയി.
ലാലിബെല്ലയിലേക്ക് പോകുന്നതിന്റെ ആവേശത്തിൽ രാവിലെ എഴുന്നേറ്റു. ‘ആഫ്രിക്കൻ ജറൂസലം’ എന്നാണ് ലാലിബെല്ലയെ വിശേഷിപ്പിക്കുന്നത്. ലോകത്തിൽ അവിടെ മാത്രമാണ് ഏക ശിലാ പള്ളികൾ കാണാൻ സാധിക്കുക. നമ്മുടെ നാട്ടിൽ അജന്ത, എല്ലോറ, അമർനാഥ് തുടങ്ങിയ ധാരാളം ഏകശില ക്ഷേത്രങ്ങളുണ്ടല്ലോ. പള്ളിയുടെ ഫോട്ടോ ഇന്റർനെറ്റിൽ കണ്ടപ്പോൾ എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരുന്നതായി തോന്നി. അത് തേടിപ്പോകണമെന്ന് മനസ്സ് മന്ത്രിച്ചു. പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തുമതം പ്രചരിപ്പിച്ചത് അവരെ കോളനിവത്കരിച്ചവരായിരുന്നു. എന്നാൽ, ഇത്യോപ്യയിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അവിടെ ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുമതം ആളുകൾ പിന്തുടർന്നിരുന്നു. വിശുദ്ധ ഫിലിപ്പോസ് ഇത്യോപ്യയിലെ ഒരു ഷണ്ഡനെ പരിവർത്തനം ചെയ്യാൻ സഹായിച്ചതായി പുതിയ നിയമത്തിൽ പറയുന്നുണ്ട്.
324ൽ സെന്റ് ഫ്രുമെന്റയ്സ് സഞ്ചരിച്ച കപ്പൽ അപകടത്തിൽപെട്ട് അദ്ദേഹം ഇത്യോപ്യയിൽ എത്തിച്ചേർന്നു. ഇത്യോപ്യയിലെ അക്സം സാമ്രാജ്യത്തിന്റെ രാജകുമാരനായ ഇസാനയെ സ്വാധീനിക്കാൻ ആ വിശുദ്ധന് സാധിച്ചു. ഇസാന രാജ്യഭരണം ഏറ്റെടുത്തോടെ 330ൽ ക്രിസ്തുമതത്തെ രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അതിന് അമ്പതു വർഷങ്ങൾക്ക് ശേഷമാണ് റോമാക്കാർ ക്രിസ്തുമതത്തിന് ഔദ്യോഗിക അംഗീകാരം നൽകിയത്. ഏഴാം നൂറ്റാണ്ടിനുശേഷം ചുറ്റുമുള്ള രാജ്യങ്ങൾ ഇസ്ലാം മതം സ്വീകരിച്ചപ്പോഴും ഇത്യോപ്യയിൽ ആളുകൾ ക്രിസ്തുമതമാണ് പിന്തുടർന്നത്. ജറൂസലം പള്ളി വരെ ആളുകൾക്ക് തീർഥാടനത്തിനു പോകാൻ പ്രയാസമായിരുന്നു. അങ്ങനെയിരിക്കെ രാജാവിന്റെ സ്വപ്നത്തിൽ യേശുദേവൻ പ്രത്യക്ഷപ്പെട്ട്, പള്ളികൾ നിർമിക്കാൻ നിർദേശം നൽകി പോലും. അപ്രകാരം പണിതതാണ് ലാലിബെല്ല പള്ളികൾ.
ഓർത്തഡോക്സ് വിഭാഗത്തിന്റെ ഭാഗമായ ഇത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റി ആണ് ഇവർ പിന്തുടരുന്നത്. മറ്റു ക്രിസ്തീയ രാജ്യങ്ങളിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതുകൊണ്ട് ഇവരുടെ ആചാരങ്ങൾ വളരെ വ്യത്യസ്തമാണ്. 16ാം നൂറ്റാണ്ടിൽ യൂറോപ്യൻ മിഷനറികൾ ഇവരെ കത്തോലിക്കാ സഭയുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചു. സാ ഡെങ്കൽ, സുസാനിയോസ് തുടങ്ങിയ ഇത്യോപ്യൻ രാജാക്കന്മാർ മതപരിവർത്തനത്തിനു തയാറായി. എന്നാൽ, ബാക്കി പുരോഹിതന്മാരും ജനങ്ങളും വിസമ്മതിച്ചു. ഇതിന്റെ പേരിൽ ഡെങ്കൽ രാജാവ് കൊല്ലപ്പെടുകപോലും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ എല്ലാ മിഷനറികളെയും അന്നത്തെ രാജാവായ ഫസിൽഡാസ് രാജ്യത്തുനിന്ന് പുറത്താക്കി. പിന്നീടുള്ള ഇരുനൂറു വർഷം പുറംലോകവുമായി ബന്ധമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം, ആഫ്രിക്കയിൽ പണ്ട് നിലനിന്ന ഗോത്ര മതം തുടങ്ങിയവയുടെ ആചാരങ്ങളുടെ സങ്കരമാണ് ഇവർ അനുഷ്ഠിക്കുന്നത്.
വ്യത്യസ്തമായ ആ സംസ്കാരവും ആചാരങ്ങളും പള്ളികളും കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലിബെല്ല സ്ഥിതി ചെയ്യുന്ന അംഹാര പ്രദേശത്ത് ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സുരക്ഷാ കാരണങ്ങളാൽ സർക്കാർ സന്ദർശകർക്ക് ഇടക്കിടെ വിലക്ക് ഏർപ്പെടുത്തും. സ്ഥിതിഗതികൾ കുറച്ചൊക്കെ ശാന്തമായെന്ന് ലാലിബെല്ലയിലെ ഗൈഡായ മാസ് അറിയിച്ച ശേഷമാണ് ടിക്കറ്റ് പോലും എടുത്തത്. ഇപ്പോൾ ലാലിബെല്ല പട്ടണം സർക്കാർ നിയന്ത്രണത്തിലും, ബാക്കി ഭാഗങ്ങൾ വിമതരുടെ കൈയിലുമാണ്. ഫ്ലൈറ്റിൽ നേരെ പോയി ലാലിബെല്ലയിൽ ഇറങ്ങുക. അതുപോലെ തിരികെ വരുക. ഇതായിരുന്നു പദ്ധതി. തീവ്രവാദികളുടെ നടുക്ക് രണ്ടുദിവസം ചെലവാക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽപോലും ഞാൻ കരുതിയിരുന്നില്ല.
ഒമ്പതു മണിക്ക് എയർപോർട്ടിൽ എത്തി. മറ്റൊരു നിവൃത്തിയുമില്ലാതെ ഇത്യോപ്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടിവന്നു. റേറ്റ് നല്ല കൂടുതലാണ്. ആദ്യമായിട്ടാണ് ഒരു റൂട്ടിൽ പല നിരക്കുകൾ കാണുന്നത്. തദ്ദേശവാസികൾ കൊടുക്കുന്നതിലും മൂന്നിരട്ടി പൈസയാണ് വിദേശികളിൽനിന്ന് വാങ്ങുന്നത്. വിദേശി ഇത്യോപ്യയിൽ എത്തുന്നത് ഇവരുടെ ഫ്ലൈറ്റിലാണെങ്കിൽ ചെറിയ ഇളവുണ്ട്. വേറെ ഒരു എയർലൈൻസും ഇത്യോപ്യയിൽ ആഭ്യന്തര സർവിസ് നടത്തുന്നില്ല. അതുകൊണ്ട് ഇവരുടെ നയങ്ങളെ ചോദ്യംചെയ്തിട്ട് കാര്യമില്ല.
രാഷ്ട്രീയ അസ്ഥിരതയുള്ള പ്രദേശങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് യാത്ര ചെയ്ത പലരും അവരുടെ ബ്ലോഗുകളിൽ എഴുതിയിരുന്നു. ഞാൻ ഇതുവരെ സഞ്ചരിച്ചതിൽ വെച്ച് ഏറ്റവും ചെറിയ പ്ലെയ്നിലാണ് ലാലിബെല്ലയിലേക്കുള്ള യാത്ര. ഒരു വരിയിൽ നാല് സീറ്റ് മാത്രം. എല്ലാം കൂടി നൂറുപേർക്ക് സഞ്ചരിക്കാം. എന്റെ അടുത്ത സീറ്റിൽ സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു. മിക്കായേസ് എന്നാണ് അവന്റെ പേര്. അഡിസിൽ ജോലി ചെയ്യുന്നു. അവന്റെ ജ്യേഷ്ഠന്റെ വിവാഹത്തിനായിട്ടാണ് അവൻ ലാലിബെല്ലയിലേക്ക് പോകുന്നത്. അവനുമായി യാത്രയിലുടനീളം സംസാരിച്ചു. ഒരു മണിക്കൂർ കത്തിവെച്ചതിന്റെ ഫലമായി ജ്യേഷ്ഠന്റെ കല്യാണത്തിനുള്ള ക്ഷണം ഒപ്പിച്ചെടുത്തു!
മഞ്ഞനിറത്തിലെ ചെറിയ ഒറ്റനില കെട്ടിടമാണ് എയർപോർട്ട്. അതിന്റെ ഒത്ത നടുക്കായി വാച്ച് ടവർ പോലൊന്നുണ്ട്. ബാഗ് ശേഖരിക്കാനായി ഹാളിൽ പ്രവേശിച്ചു. പുറമെനിന്ന് ആളുകളെ സ്വീകരിക്കാൻ എത്തിയവർക്കും ആ ഹാളിലേക്ക് വരാം. സെക്യൂരിറ്റി ഒന്നുമില്ല. ഗൈഡ് മാസ് എന്റെയരികിലേക്ക് ഓടിയെത്തി കൈ തന്നു. അദ്ദേഹത്തിന്റ കാഴ്ചയില്ലാത്ത ഇടതു കണ്ണിന്റെ കൃഷ്ണമണി വെള്ളാരംകല്ലു പോലെ തിളങ്ങി. അത് മറയ്ക്കാൻ മിക്കസമയവും കറുപ്പ് കണ്ണട ധരിച്ചാണ് നടപ്പ്. ബാഗുമായി പുറത്തുള്ള മിനി വാനിൽ കയറി. വാനിൽ ആളുകൾ നിറഞ്ഞതോടെ 30 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലേക്ക് യാത്ര തിരിച്ചു. ചുറ്റും വരണ്ട മലകളാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽനിന്ന് പൊടി അന്തരീക്ഷത്തിൽ പടരുന്നതിനാൽ മൊത്തം പൊടിമയമായിരുന്നു. ഇരുവശങ്ങളിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ. കച്ചി കൂട്ടിക്കെട്ടി വെച്ചിട്ടുണ്ട്. ഞാൻ താമസിക്കേണ്ട ഹോട്ടലിനു മുന്നിൽ എന്നെ ഇറക്കി.
ശനിയാഴ്ച ചന്തയുള്ള ദിവസമാണ്. ഉച്ച കഴിയുമ്പോൾ ചന്ത പിരിയും. അതിനുമുമ്പ് അത് കാണാനുള്ള തത്രപ്പാടിലായിരുന്നതിനാൽ ബാഗ് റൂമിൽ വെച്ച് വേഗം പുറത്തിറങ്ങി. ഞങ്ങൾ ആദ്യം ഒരു ഓട്ടോയിൽ കാലി മാർക്കറ്റിലേക്ക് പോയി. വിശാലമായ മൈതാനത്തിൽ പശു, കാള, കഴുത, ആട് എന്നിവയെ പല മൂലകളിലായി വിൽപനക്ക് നിർത്തിയിരിക്കുന്നു. ആടുകൾക്ക് നീളമുള്ള ഊശാൻ താടിയുണ്ട്. ഒന്നിനെയും കെട്ടിയിട്ടില്ല. അവ തമ്മിൽ തമ്മിൽ ഇടക്കിടക്ക് പോര് കൂടുന്നുണ്ട്. പ്രശ്നക്കാരിൽനിന്ന് അകന്നുമാറി ഞാൻ അവിടെ ചുറ്റിനടന്നു. കന്നിനെ വാങ്ങാൻ എത്തിയവർ വായ തുറന്ന് പല്ലും മറ്റും പരിശോധിക്കുന്നു. നിറയെ പൂടയുള്ള കഴുതകൾ എന്നെ ആകർഷിച്ചു. അവയെ ‘ജറൂസലം കഴുതകൾ’ എന്നാണ് വിളിക്കുക. രോമത്തിന്റെ നിറവ്യത്യാസം കാരണം അതിന്റെ പുറംകഴുത്തിൽ കുരിശിന്റെ അടയാളം പോലെയാണ് രോമങ്ങളുള്ളത്.
ഒരു വൃദ്ധൻ പ്ലാസ്റ്റിക് ചാക്കിന്റെ ചരടുകൾ വേർതിരിച്ചെടുത്തു, പിരിച്ചു നീളമുള്ള കയറുണ്ടാക്കി വിൽക്കുന്നു. കന്നിനു പൊരിവെയിലത്ത് കാവൽ നിൽക്കുന്നതാകട്ടെ പത്തും പതിനഞ്ചും വയസ്സിനിടയിലുള്ള ആൺകുട്ടികൾ. മുതിർന്നവരെല്ലാം അൽപം മാറിയുള്ള ചായ്പിലിരുന്നു ചാരായം കുടിക്കുന്നു. ചാരായം വിൽക്കുന്നത് ഒരു സ്ത്രീയാണ്. മറ്റു സ്ത്രീകളെ പ്രദേശത്തെങ്ങും കാണാനായില്ല. ഇറങ്ങാൻ നേരം രണ്ടു പെൺകുട്ടികൾ എന്റെ ശ്രദ്ധയിൽപെട്ടു. ഒരു കുട്ടി അവളുടെ ആട്ടിൻകൂട്ടത്തിനൊപ്പമാണ് നിന്നത്.
അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തീക്ഷ്ണത അനുഭവപ്പെട്ടു. തലയിൽ കെട്ടൊക്കെ കെട്ടി ഒന്നിനെയും കൂസാത്ത മിടുക്കി. ആൺകുട്ടികളിൽനിന്നകന്ന് വിൽപനക്കു വെച്ച അവളുടെ ആടുകളെ പരിപാലിച്ചുകൊണ്ടാണ് നിൽപ്. മറ്റേ പെൺകുട്ടിയുടെ മുഖത്തു ദയനീയ ഭാവമാണ്. മുടി പറ്റെ വെട്ടിയിട്ടുണ്ട്. നിലത്തു കിടന്നിരുന്ന ഉണങ്ങിയ ചാണകം അവളുടെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കിലേക്ക് പെറുക്കി ഇടുന്നതു കണ്ടു. ഇത്യോപ്യയുടെ രണ്ടു മുഖങ്ങളും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു -പ്രതിസന്ധികളെ അതിജീവിക്കാൻ മിടുക്കുള്ള ഒന്നും, വിധിക്കു കീഴടങ്ങിയ മറ്റൊരു മുഖവും.
അവിടെനിന്ന് സാധാരണ മാർക്കറ്റിലേക്ക് പോയി. ഒരു കുന്നിന്റെ അടിവാരത്താണ് മാർക്കറ്റ്. ഓട്ടോ മുകളിലാണ് നിർത്തുക. കുത്തനെയുള്ള ഇറക്കം ഇറങ്ങിപ്പോകണം. താഴോട്ടു നടക്കുമ്പോൾ, ചുമലിൽ വലിയ ചാക്കുകളും കെട്ടിവെച്ച് മടങ്ങുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും കണ്ടു. കഴുതകൾ ഉള്ളവർ ഭാഗ്യവാന്മാർ. കഴുതപ്പുറത്തു ചുമട് കെട്ടിവെച്ചു ഒപ്പം നടന്നാൽ മതി. ആളുകൾ പൊതുവെ മെലിഞ്ഞ പ്രകൃതക്കാരാണ്. എല്ലാവരുടെയും കഴുത്തിലെ കറുത്ത ചരടിൽ വലിയ കുരിശു തൂക്കിയിട്ടുണ്ട്. അവിടെയൊരു സ്ത്രീ പല വലുപ്പത്തിലെ കുരിശുകൾ വിൽക്കുന്നു. ലോഹ കുരിശുകളിൽ മനോഹരമായ കൊത്തുപണികളുണ്ട്. യൂക്കാലി മരത്തിന്റെ കഴകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതാണ് ചന്തയിലെ കടകൾ. സുഗന്ധ വ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, മുളക് തുടങ്ങിയവ ചാക്കുകളിലായിരുന്നു വിൽപനക്കു വെച്ചത്. ആരും സാധനങ്ങൾ തൂക്കിയല്ല വിറ്റിരുന്നത്. തകര പാട്ടകളായിരുന്നു അവരുടെ അളവുപാത്രം.
നാട്ടിൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് അലങ്കരിക്കാൻ ഉപയോഗിക്കുന്ന മുന്തിയ ഇനം ചെറി വളരെ നിസ്സാര വിലക്ക് അവിടെനിന്ന് ലഭിച്ചു. പത്തു രൂപക്ക് അറുപതെണ്ണം. പരിചിതമല്ലാത്ത രണ്ടു സാധനങ്ങൾ കാണാനായി. ഒന്ന് ഇഞ്ചിറ ഉണ്ടാക്കുന്ന തെഫ് എന്ന മില്ലെറ്റും മറ്റൊന്ന് കാപ്പിക്കുരുവിന്റെ തോടും. കാപ്പിക്കുരുവിനു വില കൂടുതലായതിനാൽ തോട് തിളപ്പിച്ചാണ് ഇവർ കാപ്പിയുണ്ടാക്കിയിരുന്നത്. കാപ്പി ഉത്ഭവിച്ച നാട്ടിൽ ആളുകൾക്ക് അത് കുടിക്കാൻ നിവൃത്തിയില്ല എന്നത് ഒരു വിരോധാഭാസംതന്നെ. പള്ളിയിൽ പോകുമ്പോൾ വെള്ള കൈത്തറി വസ്ത്രങ്ങൾ ധരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. തുണികൾ വിൽക്കുന്ന കടയും അക്കൂട്ടത്തിൽ കണ്ടു. രണ്ടു പെൺകുട്ടികൾ വലിയ ചാക്ക് ചുമലിൽ കെട്ടിവെച്ചുകൊണ്ടു പോകുന്നു. 60-70 കിലോ ഭാരം കാണും.
കൊയ്ത്തു കഴിഞ്ഞ സമയമായതിനാൽ തെഫിനൊക്കെ വില കുറവാണ്. അതാണ് അവർ ഇത്രയുമധികം ഒന്നിച്ചു വാങ്ങുന്നത്. കയറ്റം കയറി, ഏഴു കിലോമീറ്റർ നടന്നുവേണം അവർക്കു വീട്ടിലേക്ക് പോകാൻ. ദുരിതജീവിതമാണ്! കൊച്ചു പെൺകുട്ടികൾ ഉഴുന്നുവടയുടെ ആകൃതിയും അതിന്റെ മൂന്നിരട്ടി വലുപ്പവുമുള്ള ബോംബൊലിനോ വിൽക്കുന്നു. മൈദമാവ് കുഴച്ചു വറുത്തതാണ്. ഡെബോ ചുട്ടെടുത്ത ബ്രെഡാണ്. ഫുൽ എന്ന ബീൻസ് കറി ചേർത്താണ് അത് കഴിക്കുക. ചെറിയ അലൂമിനിയം പിഞ്ഞാണത്തിൽ ഫുൽ നിറച്ച് ചൂട് കനലിന്റെ മുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മാസിന്റെ ഭാര്യ ബിസ്റത് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതുകൊണ്ട് അവിടെനിന്നും ഒന്നും രുചിക്കാൻ നിന്നില്ല.
ഇതിനിടയിൽ പത്തു വയസ്സുള്ള ഒരു കൊച്ചു ചെക്കൻ എനിക്കൊപ്പംകൂടി. അവൻ അറിയാവുന്ന ഇംഗ്ലീഷിൽ എന്റെ പേരും, നാടുമൊക്കെ ചോദിച്ചു. ചന്തയിൽ എനിക്കും മാസിനുമൊപ്പം അവനും നടന്നു. കാഴ്ചകൾ കാണാനും, ആളുകളുമായി സംവദിക്കാനും മാസിനൊപ്പം അവനും എന്നെ സഹായിച്ചു. ചന്ത കണ്ടു തീരാറായപ്പോൾ എന്നോട് പുസ്തകം വാങ്ങിക്കൊടുക്കുമോ എന്ന് ചോദിച്ചു. പഠിക്കാനുള്ള അവന്റെ ആഗ്രഹം കണ്ട് ഞാൻ അതിനു തയാറായി. പുസ്തകക്കട ചന്തയിലല്ല. കുറച്ചകലെയാണുള്ളത്. അപ്പോളവൻ പൈസ തന്നാൽ വാങ്ങിക്കോളാമെന്നു പറഞ്ഞു. ഞാനൊരു അമ്പതു രൂപയെടുത്തു കൊടുത്തു. അത്രേം നേരം പാവത്തെപ്പോലെ നിന്ന അവന്റെ ഭാവം മാറി. അവന് അഞ്ഞൂറ് രൂപ വേണമത്രേ. ഞാൻ വിസമ്മതിച്ചപ്പോൾ അവൻ കണക്കുപറയാൻ തുടങ്ങി. ചന്ത കൊണ്ടുനടന്നു കാണിച്ചതിന് അവനു പൈസ കൊടുക്കണമെന്നായി. മാസ് ഇടപെട്ട് അവനെ ഓടിച്ചുവിട്ടു.
പുസ്തകത്തിനു വേണ്ടിയൊന്നുമല്ല അവൻ പൈസ ചോദിക്കുന്നത്. പുസ്തകം വാങ്ങിക്കൊടുത്താൽ അത് തിരിച്ചു കടയിൽ കൊണ്ടുകൊടുത്തു പൈസ വാങ്ങും. ഭിക്ഷാടനത്തിന്റെ ഇത്യോപ്യൻ രീതി. മാസിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് എ.ടി.എമ്മിൽനിന്ന് പൈസ എടുക്കാൻ നോക്കി. ഒരുദിവസം നാലായിരം രൂപയേ എടുക്കാൻ അനുവാദമുള്ളൂ. ലാലിബെല്ലയിലെ പള്ളികളുടെ പ്രവേശനത്തിനു മാത്രം എണ്ണായിരം രൂപയാണ്. സന്ദീപേട്ടൻ രക്ഷകനായി. മാസിന്റെ അക്കൗണ്ടിലേക്ക് അദ്ദേഹം പൈസ ഡിജിറ്റലി ട്രാൻസ്ഫർ ചെയ്തു. ഞങ്ങൾ മാസിന്റെ ഭാര്യ ബിസ്റതിന്റെ കുടുംബവീട്ടിലേക്ക് പോയി. ഇടിഞ്ഞുവീഴാറായ ഒരു രണ്ടുനില കെട്ടിടം. നൂറുവർഷം പഴക്കമുണ്ട്. അകത്തു ചെറിയ മുറികൾ. താഴത്തെ നിലയിൽ ആടുകളെ കെട്ടിയിട്ടുണ്ട്.
തൊട്ടടുത്തുള്ള അടുക്കളയിൽ ഒരു സ്ത്രീ ഇഞ്ചിറ ഉണ്ടാക്കുന്നു. ബിസ്റത് ചെറിയൊരു ഹോട്ടൽ നടത്തുന്നുണ്ട്. അവിടെ വിൽപനക്ക് കൊണ്ടുപോകാനാണ്. മുകളിലത്തെ നിലയിലെ സ്വീകരണമുറിയിൽ ഞങ്ങൾ മൂന്നുപേരും ഭക്ഷണം കഴിക്കാനിരുന്നു. ബിസ്റത്തിന്റെ സഹോദരി കൈ കഴുകാൻ വെള്ളം പാത്രത്തിൽ കൊണ്ടുതന്നു. ഞാനിരിക്കുന്നിടത്തു കൈകഴുകാൻ വെള്ളം കൊണ്ടുവന്നിൽ എനിക്കൽപം ജാള്യതതോന്നി. പക്ഷേ, വേറെ നിവൃത്തിയില്ല. അവിടെ പൈപ്പ് എന്ന സംവിധാനമില്ല. വെള്ളം കന്നാസിൽ വിലക്ക് വാങ്ങുന്നതാണ്. 25 ലിറ്റർ വെള്ളത്തിന് അഞ്ചുരൂപയാണ്. ഇഞ്ചിറയും ഷിറോയും കൊണ്ടുവെച്ചു.
ബിസ്റത് ഒരു കഷണം മുറിച്ചു കറിയിൽ മുക്കി എന്റെ വായിൽ വെച്ചു തന്നു. അതാണ് അവരുടെ രീതി. അതിന് ഗുർഷ എന്നാണ് പറയുക. ഒരുമിച്ചു ഒരു പ്ലേറ്റിൽ ആഹാരം കഴിക്കുന്നതും, അങ്ങോട്ടുമിങ്ങോട്ടും ആഹാരം വായിൽ വെച്ച് കൊടുക്കുന്നതും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമാണ്. ഞാനും അവൾക്ക് വായിൽ വെച്ചുകൊടുത്തു. അറിയാതെതന്നെ അവരുമായി ഒരു ഹൃദയബന്ധമുണ്ടായി. മനുഷ്യർ തമ്മിൽ കെട്ടിപ്പിടിക്കുന്നതും വായിൽ ഭക്ഷണം വെച്ച് കൊടുക്കുന്നതുമൊക്കെ എത്ര ചെറിയ കാര്യങ്ങളാണ്. പക്ഷേ, അപരിചിതർക്കിടയിൽപോലും ബന്ധങ്ങളെ ദൃഢപ്പെടുത്താൻ ഇത്തരം നിസ്സാര കാര്യങ്ങൾ മതിയെന്ന് ഓരോ യാത്രകളും എന്നെ ഓർമിപ്പിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.