ഇരുട്ടിലാവുന്ന കേരളം

സംസ്ഥാനം വൈദ്യുതിയുടെ കാര്യത്തിൽ ഗുരുതര പ്രതിസന്ധിയിലാണെന്ന് ഭരണാധികാരികളുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. അടുത്തകാലത്തൊന്നും നേരിടേണ്ടിവരാത്ത വിധത്തിലുള്ള വൈദ്യുതി പ്രതിസന്ധിയാണിപ്പോഴുള്ളത്. ഉടനടി പരിഹാരം സാധ്യമാകാത്ത വിധം സ്ഥിതി സങ്കീർണമായതിനാൽ ഈ മാസം പൂർണമായും നിയന്ത്രണം തുടരുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്നെ വ്യക്തമാക്കുന്നത്. ദിവസം ഒന്നര മണിക്കൂർ വരെ പലതവണയായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ട് നിലവിൽ.

മുമ്പ്, പവർ കട്ട് ജനങ്ങളെ മുൻകൂട്ടി അറിയിക്ക​ുമായിരുന്നു. ഇപ്പോഴതില്ല. അതിനാൽ, ആളുകൾക്ക് മുൻകരുതലെടുക്കാൻ സാധിക്കുന്നില്ല. ഇത് ആശുപത്രികളടക്കമുള്ള അടിയന്തര-അവശ്യ സേവന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ട്. അത്യുഷ്ണ കാലാവസ്ഥ തുടരുമ്പോൾ രാത്രി തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങൾക്ക് പരീക്ഷണമാണ്.

നിലവിലെ പ്രതിസന്ധി പല കാരണങ്ങളുടെ സമ്മിശ്രമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് അതിൽ ഒന്ന്. മൺസൂൺ മഴയി​െല കുറവ് ഒരുവശത്ത്. മറുവശത്ത് കനത്ത ചൂട്. കാലാവസ്ഥ മാറ്റത്തിന്റെ മുഖ്യഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന എൽനിനോ പ്രതിഭാസം കാരണം രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നുനിൽക്കുകയാണ്. അതിനാൽതന്നെ വൈദ്യുതി ഉപയോഗവും കൂടുതലാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 3600-3700 മെഗാവാട്ടായിരുന്ന പരമാവധി വൈദ്യുതി ആവശ്യം. ഇത്തവണ അത് 5000 മെഗാവാട്ട് കടന്നു. പ്രതിദിനം ശരാശരി 900 മെഗാവാട്ടിന്റെ കുറവാണുള്ളത്. കേന്ദ്ര ഉൽപാദന നിലയങ്ങൾ, ദീർഘകാല കരാറുകൾ, ഇടക്കാല കരാറുകൾ എന്നിവ വഴി സംസ്ഥാനത്തിന് സാധാരണയായി പ്രതിദിനം 65 ദശലക്ഷം യൂനിറ്റോളം വൈദ്യുതി ലഭിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് മധ്യത്തോടെ ഇത് ഏകദേശം 50 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. സെപ്റ്റംബർ അഞ്ചിന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂനിറ്റിലെത്തി.

അന്ന് വിവിധ സ്രോതസ്സുകളിൽനിന്നായി ലഭിച്ചത് 53 ദശലക്ഷം യൂനിറ്റ് മാത്രമാണ്. തുറന്ന വിപണിയിൽനിന്ന് 7.7 ദശലക്ഷം യൂനിറ്റും ഹ്രസ്വകാല കരാറുകളിലൂടെ നാല് ദശലക്ഷം യൂനിറ്റിൽ താഴെയും മാത്രമാണ് കണ്ടെത്താനായത്. മഴയിൽവന്ന കുറവ് സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചു. ഈ നിലയങ്ങളിൽനിന്ന് പ്രതിദിനം ശരാശരി 25 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിലവിലുള്ള വെള്ളം ഉപയോഗിച്ച് 1384 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. കഴിഞ്ഞ വർഷം ഇതേസമയത്ത് 1680 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള ജലശേഖരമുണ്ടായിരുന്നു.

പ്രതിസന്ധി മുൻകൂട്ടിക്കണ്ട് ഉണർന്ന് പ്രവർത്തിക്കാൻ കെ.എസ്.ഇ.ബി പരാജയപ്പെട്ടു. ഹ്രസ്വകാല കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും ടെൻഡറിനുപോലും ആരും തയാറായില്ല. 2017ലും സമാനമായ സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, കൃത്യമായ ആസൂത്രണ മികവിലൂടെ അന്നത്തെ സർക്കാർ അതിനെ മറികടന്നു. സത്യത്തിൽ, എൽനിനോ ഉൾപ്പെടെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും തദനുസൃതമായ നടപടികൾ വൈദ്യുതി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഗുരുതര വീഴ്ചയാണ്. ഇപ്പോൾ മുൻ സർക്കാറിനെ പഴിപറയുകയാണ് സർക്കാർ. എന്നാൽ, അതിൽ വലിയ യാഥാർഥ്യമില്ല. കേരളം ഇരുട്ടിലാകാതിരിക്കാനുള്ള പ്രായോഗിക നടപടികളാണ് ആവശ്യം. വൈദ്യുതി ഉൽപാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കാൻ കഴിയുന്ന പുതിയ ശാസ്ത്രീയ പദ്ധതികളെക്കുറിച്ച ആലോചനകളും അനിവാര്യമാണ്.

Tags:    
News Summary - Kerala Faces Worst Power Crisis in Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.