അമേരിക്കയിൽനിന്നുള്ള കവിയും നോവലിസ്റ്റുമായ ബെൻ ലെർണറുടെ പുതിയ ‘നോവൽ ‘ട്രാൻസ്‌ക്രിപ്‌ഷൻ’ (Transcription) വായിക്കുന്നു. പേര് വെളിപ്പെടുത്താത്ത ആഖ്യാതാവാണ് ഇതിലെ മുഖ്യകഥാപാത്രങ്ങളിൽ ഒരാൾ.
സ്വാനുഭവങ്ങളുടെ ഊർജവും സത്തയുംകൂടി ഉൾക്കൊണ്ടാണ് ഫിക്ഷൻ രൂപമെടുക്കുന്നത്. ഭാവുകത്വത്തിന്റെയും ഭാവനയുടെയും അപാരതലങ്ങളിലും എഴുത്തുകാരുടെ സ്വന്തം അനുഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട് എന്നതും എടുത്തുപറയണം. ഇതിന്റെ തുടർച്ചയെന്നോണം സ്വന്തം ജീവിതത്തെ ആസ്‍പദമാക്കി സർഗാത്മക എഴുത്തുകാർ രചിക്കുന്ന ഓട്ടോഫിക്ഷന് പ്രചാരമേറുകയാണ്. എഴുത്താൾതന്നെ കഥാപാത്രമായി തീരുകയും ഇരുവരും അഭിമുഖീകരിക്കുന്ന അനുഭവങ്ങൾക്കും സംഘർഷങ്ങൾക്കും ഒരേ തരംഗദൈർഘ്യം ഉണ്ടാകുകയും ചെയ്യുന്നതോടെ കഥാഗാത്രത്തിൽ അവർ പൂർണമായും താദാത്മ്യം പ്രാപിക്കുകയാണ്.
ഭാവനയും യാഥാർഥ്യവുമായുള്ള അന്തരം എങ്ങനെ ഉണ്ടാവുന്നു/ ഇല്ലാതാവുന്നു എന്ന ആലോചന ഈ സന്ദർഭത്തിൽ മുഖ്യമായി തീരുന്നുണ്ട്. ഒരേ സമയം യാഥാർഥ്യവും മിഥ്യയുമായുള്ള ഉടമ്പടിയിൽ ആഖ്യാതാവ് എങ്ങനെ ഒപ്പുവെക്കുന്നു എന്നത് പ്രസക്തമായ വിഷയമാണ്. ജീവിതവുമായി ചേർന്ന് നിൽക്കുന്ന ആഖ്യാനങ്ങൾ ആത്മ നോവലുകളായി (Autofiction) അവതരിപ്പിക്കുമ്പോൾ അവ കഥയായും അതികഥയായും വായിക്കപ്പെടുന്നു.
ആത്മകഥയിലെ പോലെ വസ്തുതാഖ്യാനത്തിന്റെ മാത്രം ശൈലിയല്ല ആത്മനോവലുകളിലേത് എന്ന് ചുരുക്കം. ഭാവനയുടെ പുതിയ ഇടങ്ങൾ നിർമിക്കുന്നതിനേക്കാൾ എഴുത്താളിന്റെ ജീവിതയാഥാർഥ്യവുമായി ചേർന്നിരിക്കുന്ന അംശങ്ങളെ യുക്തിപരമായി വായനക്കാരിലേക്ക് എത്തിക്കാൻ ആത്മനോവലിനു സാധിക്കുന്നു. വസ്തുനിഷ്ഠമായ ഘടകങ്ങളുടെ പ്രാധാന്യം കുറയുന്നതോടെ സമകാല യാഥാർഥ്യങ്ങളെ വ്യാഖ്യാനിക്കാനായി എഴുത്തുകാർ സ്വന്തം അനുഭവങ്ങളിൽ കൂടുതൽ അഭിരമിക്കാൻ തുടങ്ങി. ആത്മകഥയും ഫിക്ഷനും ഒത്തുചേരുന്ന ഓട്ടോഫിക്ഷൻ ഈ മാറ്റത്തിന് അഭികാമ്യമായി അനുഭവപ്പെട്ടു.
സമകാലലോകത്തിന്റെ പുതിയ ചലനങ്ങളെ പകർത്തിയെഴുതാൻ ഓട്ടോഫിക്ഷൻ ഫലപ്രദമാണ് എന്ന വാദത്തിൽ കഴമ്പില്ലാതില്ല. ഓട്ടോഫിക്ഷനിലെ സാങ്കൽപികത സന്ദർഭാനുസരണം രൂപംകൊള്ളുന്ന ഒരു പ്രവണതയാണ്. അനുഭവങ്ങൾക്കിടയിലെ വിടവുകൾ വികസിപ്പിക്കാൻ കാൽപനികത സഹായകമാവുന്നു. അതുപോലെ സമകാല പ്രതിസന്ധികളെയും അസ്ഥിരതകളെയും അഭിമുഖീകരിക്കാൻ ചില എഴുത്തുകാർ സ്വാനുഭവങ്ങളുടെ ആഖ്യാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നും പറയാം.
യഥാർഥ സംഭവങ്ങൾ ഫിക്ഷനേക്കാൾ ഭാവനാത്മകമായി പരിണമിച്ചത് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ നാം കണ്ടു. പരമ്പരാഗത നോവലുകൾ യാഥാസ്ഥിതിക ചട്ടക്കൂടിലും ആത്മകഥകൾ വസ്തുതകളിലും മാത്രം അഭിരമിക്കുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല. എന്നാൽ, ലോകസാഹിത്യത്തിൽ ഓട്ടോഫിക്ഷൻ എന്ന വിഭാഗം ഇക്കാലത്താണ് പൊതുവെ സജീവമാകുന്നത്. നവ ഉദാരവത്കരണത്തിന്റെ നാളുകളിലാണ് എഴുത്തുകാർ മേൽപറഞ്ഞ തരത്തിലുള്ള ഭാവന കലർന്ന ആത്മപരമായ കൃതികൾ എഴുതിയതെന്ന് സാഹിത്യചരിത്രം സൂചിപ്പിക്കുന്നു.
2008ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ഓട്ടോഫിക്ഷന്റെ സാധ്യത വർധിപ്പിച്ചു എന്ന ചിന്തകരുടെ നിരീക്ഷണം അതിനാൽ പൂർണമായും തള്ളിക്കളയാനാവില്ല. നഷ്ടപ്പെട്ട ഓർമകളെ വീണ്ടെടുക്കുന്ന സ്രഷ്ടാക്കളായി എഴുത്തുകാർ പരിണമിക്കുന്ന രീതി സുന്ദരമാണ്. ഓർമകൾ പുനഃസൃഷ്ടിക്കുന്നത് ഓട്ടോ ഫിക്ഷനായി പരിഗണിക്കുകയും ചെയ്യുന്നു. ഓട്ടോഫിക്ഷൻ എഴുതി പ്രസിദ്ധി നേടിയ സമകാല എഴുത്തുകാരിൽ മുൻനിരയിൽ സ്ഥാനംപിടിച്ച നോവലിസ്റ്റാണ് അമേരിക്കയിൽനിന്നുള്ള ബെൻ ലെർണർ. കവിയായും നോവലിസ്റ്റായും ശോഭിക്കുന്ന അദ്ദേഹത്തിന്റെ ആഖ്യാനങ്ങളിൽ സ്വന്തം ജീവിതത്തിന്റെ വിശദാംശങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ഓർമകളും ഉത്കണ്ഠകളും നിറഞ്ഞ കൃതികളിലെ അന്തരീക്ഷം ജീവിതത്തിലേതാണെന്ന പ്രതീതി അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം.
പേര് വെളിപ്പെടുത്താത്ത ആഖ്യാതാവാണ് ബെൻ ലെർണറുടെ പുതിയ നോവലായ ‘ട്രാൻസ്‌ക്രിപ്‌ഷനി’ലെ (Transcription) മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾ. നോവൽ പുരോഗമിക്കുന്നതോടെ മറ്റൊരു കഥാപാത്രമായ മാക്സിന്റെ വീക്ഷണവും ആഖ്യാനത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആഖ്യാതാവിന്റെ മുൻകാല അധ്യാപകനും ഉപദേശകനുമായ വിഖ്യാത ജർമൻ പണ്ഡിതനായ തോമസാണ് മറ്റൊരു കഥാപാത്രം. ഇപ്പോൾ 90 വയസ്സിൽ എത്തിനിൽക്കുന്ന അദ്ദേഹത്തെ അഭിമുഖം ചെയ്യാനായി റോഡ് ഐലൻഡിലെ പ്രൊവിഡൻസിലേക്ക് ആഖ്യാതാവ് യാത്ര പോകുകയാണ്. ആഖ്യാതാവും ഏതാണ്ട് മധ്യവയസ്സിലെത്തിച്ചേർന്ന എഴുത്തുകാരനാണ് എന്ന് മനസ്സിലാക്കാം.
സ്വന്തം പേരിൽ പ്രത്യക്ഷപ്പെടുന്നതിന് പകരം ആഖ്യാതാവിനെ നോവലിസ്റ്റ് അദ്ദേഹത്തിന്റെ പ്രതിപുരുഷനാക്കിക്കൊണ്ടാണ് നോവലിൽ അവതരിപ്പിക്കുന്നതെന്നും നമുക്ക് ബോധ്യപ്പെടുന്നുണ്ട്. എന്നാൽ, അവിചാരിതമായി ചിലത് സംഭവിക്കുന്നതോടെ നേരത്തേ ഉദ്ദേശിച്ചതുപോലെ ആ അഭിമുഖം സുഗമമായി നടത്താൻ സാധിക്കാതെ വരുകയാണ്. ആഖ്യാതാവിന്റെ സ്മാർട്ട് ഫോൺ അബദ്ധവശാൽ വെള്ളത്തിൽ വീഴുകയും ഉപയോഗശൂന്യമാവുകയും ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. അങ്ങനെ അയാൾ അഭിമുഖം തൊട്ടടുത്ത ദിവസം രാവിലെ നടത്താമെന്നും അതിനിടയിൽ ഫോൺ ശരിയാക്കാമെന്നും നിശ്ചയിക്കുന്നു.
ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാനായി അന്നുതന്നെ അയാൾ തോമസിന്റെ വീട്ടിലേക്ക് നടന്നു പോകുന്നു. ആ നടത്തത്തിനിടയിൽ കലാലയ പഠനകാലത്തെ അനുഭവങ്ങളുടെ ഗൃഹാതുരമായ ഓർമ അയാളെ വേട്ടയാടി. പഴകിയ വഴികളിലൂടെയും തെരുവുകളിലൂടെയും അയാൾ ഗൃഹാതുരതയോടെ സഞ്ചരിച്ചു. വഴിയിൽ, അപ്രതീക്ഷിതമായി അയാൾ പൂർവകാല സുഹൃത്തായ ക്ലോയിയെ കണ്ടുമുട്ടുകയും അയാളുടെയും ഭാര്യയായ മിയയുടെയും പൂർവകാല സുഹൃത്തായ അനീസയെ പറ്റി ക്ലോയിയുമായി സംസാരിക്കുകയും ചെയ്തു. അതോടെ, സ്മരണകൾ വീണ്ടും ഭൂതകാലത്തേക്ക് യാത്രചെയ്യാൻ ആരംഭിച്ചു. മിയയുടെ പഴയ പ്രേമവും അനീസയുമായുള്ള അയാളുടെ അടുപ്പവും മറ്റും അയാൾ ഓർത്തെടുക്കുന്നുണ്ട്.
ആൻഡ്രസ് എന്ന കാമുകനുവേണ്ടി മിയ തന്നെ ഉപേക്ഷിച്ചത് ആഖ്യാതാവിന് കനത്ത ആഘാതമായിരുന്നു. അക്കാലത്ത് അനുഭവിച്ച കടുത്ത വൈകാരിക തകർച്ചയെ ഈ ഘട്ടത്തിൽ അയാൾ അയവിറക്കുന്നുണ്ട്. പ്രസ്തുത കാലയളവിൽ, ന്യൂയോർക്കിൽ ആൻഡ്രസുമായി മിയയുടെ പുതിയ ജീവിതത്തെക്കുറിച്ചുള്ള കഥകൾ അനീസ ആവർത്തിച്ച് അവനോട് പറഞ്ഞതും അയാൾ ഓർക്കുന്നു. പിന്നീട് അവ പൂർണമായും തെറ്റാണെന്ന് തെളിഞ്ഞു. ഭൂതകാലത്തെ തീർത്തും വ്യക്തിപരമായ നൊമ്പരങ്ങൾ തീവ്രമായി ആഖ്യാതാവിനെ അലട്ടുന്നു. ഇതിനുശേഷമാണ് ആഖ്യാതാവ് തോമസിന്റെ വീട്ടിലെത്തുന്നത്. ആ സമയംതന്നെ അഭിമുഖത്തിന് തോമസ് തയാറാണ് എന്ന് അറിയിക്കുന്നുണ്ട്. സംസാരിക്കാനായി സജ്ജനായ തോമസിനോട് തന്റെ ഫോൺ തകരാറായതിനാൽ അഭിമുഖം രേഖപ്പെടുത്താൻ കഴിയില്ലെന്ന് പറയാൻ ആഖ്യാതാവിനാവുന്നില്ല.
അതിനിടയിൽ, നാസി ജർമനിയിലെ തന്റെ ബാല്യത്തെക്കുറിച്ച് തോമസ് ചിന്തിക്കുന്നുണ്ട്. റേഡിയോയിൽ ഹിറ്റ്‌ലറുടെ ശബ്ദം കേൾക്കുന്നതാണ് തന്റെ ആദ്യകാല ഓർമയെന്ന് അദ്ദേഹം ഓർമിക്കുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ കനലുകൾ എരിഞ്ഞടങ്ങാത്ത ജീവിതമാണ് ഇന്നും തോമസിനുള്ളതെന്ന് അനുമാനിക്കാം. ഈ സന്ദർശനത്തിനിടയിൽ തോമസ് തന്റെ ജീവിതത്തെ കുറിച്ചും അച്ഛനമ്മമാരെ പറ്റിയും വിശദീകരിക്കുന്നു. അച്ഛന്റെ രാഷ്ട്രീയ ചായ്‌വും വിശ്വാസങ്ങളും തൊട്ട് അച്ഛന്റെയും അമ്മയുടെയും കണ്ണുകളുടെ നിറംവരെ അവർ ചർച്ചാവിഷയമാക്കി. ഒരു പകർത്തിയെഴുത്തിന്റെ രംഗവുമായി ബന്ധപ്പെട്ട് മുന്നേറുന്ന നോവലിൽ യാഥാർഥ്യവും മിഥ്യയുമായുള്ള സംവാദത്തിനു വഴിയൊരുങ്ങുന്നു. യാഥാർഥ്യം ഒരിക്കലും നേരിട്ട് കൈപ്പിടിയിലാക്കാനാവില്ല എന്നും ചില പ്രതിനിധാനങ്ങളിലൂടെയും നാടകീയമുഹൂർത്തങ്ങളിലൂടെയുമാണ് നാം അതിനെ അഭിമുഖീകരിക്കുന്നതെന്നും നോവൽ പറഞ്ഞുവെക്കുന്നു.
ഓർമയിലൂടെയുള്ള കഥപറച്ചിലിന്റെ സാധ്യതയെയാണ് നോവലിസ്റ്റ് പൊതുവെ ഈ ആഖ്യാനത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നു കാണാം. നിശ്ശബ്ദമായ സന്ദർഭങ്ങളിലും അനുഭവങ്ങളെ ഒരു ഘടനയിലാക്കി അവതരിപ്പിക്കുന്ന സാഹിത്യത്തിന്റെ മികവിനെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കാണാൻ എളുപ്പമല്ലാത്ത കാഴ്ചകളെയും കേൾക്കാൻ പ്രയാസമുള്ള ശബ്ദങ്ങളെയും കുറിച്ച് തോമസ് വാചാലനാവുന്നുണ്ട്. പിയാനോയുമായി ബന്ധിപ്പിച്ച ഒരു വടിയിൽ കടിച്ചുപിടിച്ചുകൊണ്ട് ബിഥോവൻ ശബ്ദം അസ്ഥികളിലൂടെ കേൾക്കുമായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കേൾവി എന്നത് ചെവിക്കുള്ളിലെ കോക്ലിയ (cochlea) എന്ന അവയവത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നും അദ്ദേഹം വാദിക്കുന്നത് ശ്രദ്ധിക്കണം.
ശബ്ദത്തിന്റെ കാര്യത്തിലെന്നപോലെ സമയത്തിന്റെ കാര്യത്തിലും ഇത് സത്യമാണന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഭൂതകാലത്തുനിന്നോ ഭാവിയിൽനിന്നോ ഉള്ള കമ്പനങ്ങൾ നമുക്ക് അനുഭവവേദ്യമായേക്കാം; ഒരുപക്ഷേ പല്ലുകളിലൂടെയാകാം അത് സംഭവിക്കുന്നത്. അല്ലെങ്കിൽ പേനയിലൂടെയാകാം. ശരീരമില്ലാത്ത ശബ്ദത്തിന്റെ വീണ്ടെടുക്കലാണ് റേഡിയോ എന്ന് അഭിപ്രായപ്പെടുന്ന തോമസ്, ഭാഷയുടെ ആദ്യത്തെ അനുഭവം അമ്മയുടെ ശരീരത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദങ്ങളാണ് എന്ന കാഴ്ചപ്പാട് സൂക്ഷിക്കുന്നു.
റേഡിയോയിൽ സ്വരവിന്യാസത്തോടെ ഉയർന്നുവരുന്ന ഹിറ്റ്‌ലറുടെ പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദത്തെക്കുറിച്ചുള്ള ഒന്നാമത്തെ ഓർമ. പുതിയ കാര്യങ്ങൾ യഥാർഥത്തിൽ പുതിയതിനേക്കാൾ മുമ്പുള്ള ഒന്നിനെ സ്പർശിക്കുന്നു എന്ന് ആഖ്യാനത്തിലെ പരാമർശം ശ്രദ്ധിക്കണം. അത്തരത്തിൽ നോക്കുമ്പോൾ ഓരോ കണ്ടെത്തലും പുനർകണ്ടെത്തലായി പരിഗണിക്കേണ്ടിവരുന്നു. സത്യവും മിഥ്യയും ഇടപഴകിക്കൊണ്ടിരുന്ന ഒരു സാഹചര്യത്തെ അദ്ദേഹം കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. സംസാരിക്കുന്ന മാലാഖമാരും പിശാചുക്കളും ഉണ്ടായിരുന്ന നാളുകളായിരുന്നു അത്. ഇത്തരം ‘സാഹചര്യങ്ങളി’ലൂടെ കടന്നുപോയ അദ്ദേഹം സ്വാഭാവികമായും റേഡിയോയെ വലിയ അത്ഭുതമായി കണക്കാക്കിയുമില്ല. അതുപോലെ ‘നമ്മൾ നമ്മുടെ സ്വപ്നങ്ങൾ മാത്രമാണ് കാണുന്നത്’ എന്നു പറയുന്നത് ഫ്രോയിഡിന്റെ തെറ്റാണെന്ന് പരാമർശിച്ചുകൊണ്ട്, സ്വപ്നങ്ങൾ പൂർണമായും വ്യക്തിപരമല്ലെന്ന് തോമസ് അഭിപ്രായപ്പെടുന്നു.
മറ്റുള്ളവരുടെ ജീവിതം, ഓർമകൾ, ചരിത്രം, ശബ്ദങ്ങൾ എന്നിവയാൽ നമ്മുടെ സ്വപ്നങ്ങൾ രൂപപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്. സ്വപ്‌നങ്ങൾ പങ്കുവെക്കപ്പെടുന്നുണ്ടെന്ന ആശയമാണ് ഇപ്പറഞ്ഞതിലൂടെ തോമസ് അർഥമാക്കുന്നത്. അങ്ങനെ ഓർമകൾ നിറഞ്ഞ ഒരു ആഖ്യാനം രൂപപ്പെടുന്നതുപോലെ സ്വപ്നങ്ങൾക്കും ഫിക്ഷന്റെ പരിവേഷം ഉണ്ടാകുകയാണ്. നോവലിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ജീവിതത്തിന്റെ വിവിധതലങ്ങളെ ഒരു പകർത്തിയെഴുത്തായി സങ്കൽപിക്കുകയാണ്. യാഥാർഥ്യത്തെ പൂർണമായും ഭാവനയുമായി ഓട്ടോഫിക്ഷനിൽ വേർതിരിക്കണമെന്നില്ല. ഇവിടെ ആഖ്യാതാവായ നോവലിസ്റ്റ് അഭിമുഖത്തെ പുനർനിർമിക്കുന്നതോടെ അതിൽ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം വസ്തുതയായി നിലനിൽക്കണമെന്ന് ഉറപ്പിക്കാനാവില്ല.
അനുഭവത്തെയും ഓർമയെയും പകർത്തിയെഴുതുന്നതുപോലെ സംഭാഷണങ്ങളെയും അഭിമുഖത്തിലൂടെ പകർത്തിയെഴുതാൻ സാധിക്കുന്നു. രണ്ടു മനുഷ്യർ തമ്മിലുള്ള സംസാരത്തെ പുനരവതരിപ്പിക്കാൻ എഴുത്തിലൂടെ കഴിയുമെന്നും തീർച്ചയാണ്. ഫോണിൽ രേഖപ്പെടുത്താൻ പറ്റാതെപോയ തോമസിന്റെ അഭിമുഖം ആഖ്യാതാവ് ഓർമയിൽനിന്ന് പുനർനിർമിക്കുന്നതുപോലെയാണ് ജീവിതത്തിന്റെ പല അവസ്ഥകളുടെയും സ്വപ്നങ്ങളുടെയും വിനിമയം. സ്വപ്നങ്ങളുടെ മാനങ്ങൾ യാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്നതോടെ ലോകം വ്യത്യസ്തമാകുന്നു. ഭൂതകാലത്തെ ആഘാതം ഇപ്പോഴും പേറുന്ന തോമസും തോമസിനെ കുറിച്ചുള്ള വൈകാരിക ഓർമ ബാധിക്കുന്ന മാക്സ് എന്ന മകനും വേറിട്ട കഥാപാത്രങ്ങളാണ്. നാസി ജർമനിയെക്കുറിച്ചുള്ള തോമസിന്റെ ഓർമകൾ ആഖ്യാതാവിനെ സ്വാധീനിക്കുന്നതായി അനുമാനിക്കാം. അടുപ്പമുള്ളവരുടെ അനുഭവങ്ങൾ നമ്മുടെ സ്വത്വബോധത്തെ സ്പർശിക്കുന്നതായി നോവലിൽ സൂചനയുണ്ട്.
തോമസിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ച് മഡ്രിഡിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ആഖ്യാതാവ് പങ്കെടുക്കുന്നു. എന്നാൽ, നേരത്തേ സൂചിപ്പിച്ച, കൃത്യമായി രേഖപ്പെടുത്താത്ത അഭിമുഖം പ്രസിദ്ധീകരിച്ചതിലുണ്ടായ കുറ്റബോധമോ ആത്മവിശ്വാസക്കുറവോ ആഖ്യാതാവിനെ അലട്ടുന്നുണ്ട്. ഇതിനിടയിൽ അഭിമുഖം ഓർമയിൽനിന്ന് പകർത്തി എഴുതിയതാണെന്ന് പരസ്യമായി അയാൾ സമ്മതിക്കുകയും ചെയ്യുന്നു. അവിടെ കൂടിയിരിക്കുന്നവർക്കിടയിൽ ഇത് സമ്മിശ്രമായ പ്രതികരണം ജനിപ്പിച്ചു.
പക്ഷേ, ഓരോ പകർത്തിയെഴുത്തും വ്യാഖ്യാനങ്ങളെന്നു പറഞ്ഞുകൊണ്ട് ആഖ്യാതാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു. എഴുത്തിന്റെ/അഭിമുഖത്തിന്റെ യഥാർഥ രൂപവും പുനഃസൃഷ്ടിക്കുന്ന രൂപവുമായുള്ള അന്തരത്തെ ഏത് രീതിയിലാണ് നിർവചിക്കേണ്ടതെന്ന ചിന്ത പ്രധാനമാണ്. തോമസ് നേരിട്ട് പറയുന്നതിന്റെ മൗലികത്വം അത് മറ്റൊരാൾ പകർത്തിയെഴുതി അവതരിപ്പിക്കുമ്പോൾ ലഭിക്കുമോ എന്ന സമസ്യ ഈ ഘട്ടത്തിൽ ഉയർന്നുവരുന്നു.
മൂന്ന് ഭാഗങ്ങളായി വേർതിരിച്ച നോവലിന്റെ ആദ്യ രണ്ട് ഭാഗങ്ങളിൽ, വായനക്കാർ തോമസിനെ പ്രധാനമായും അഭിമുഖങ്ങളിലൂടെയും ഓർമകളിലൂടെയുമാണ് അറിയുന്നത്. അവസാന ഭാഗത്ത് തോമസിന്റെ മകനായ മാക്സിന്റെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. അതിലൂടെ തോമസിന്റെ മറ്റൊരു മുഖംകൂടി നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. മാക്സിന്റെ മകൾ എമ്മി ARFID എന്ന ഭക്ഷണസംബന്ധമായ രോഗത്തിന്റെ പിടിയിലാണ്. പ്രസ്തുത രോഗവുമായി അവൾ പോരാട്ടത്തിലാണെന്നും പറയാം. മിക്ക ഭക്ഷണങ്ങളും കഴിക്കാൻ വിസമ്മതിക്കുന്ന അവൾ സദാ ഉത്കണ്ഠാകുലയാണ്. എന്നാൽ, പതുക്കെ ഐപാഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അൽപം ആഹാരം കഴിക്കാൻ അവൾ ആരംഭിച്ചു.
ഒരു പുരസ്‌കാരം സ്വീകരിക്കുന്നതിനായി ലോസ്ആഞ്ജലസിൽ എത്തിച്ചേർന്ന തോമസ് മകന്റെ കുടുംബത്തെ സന്ദർശിക്കുന്നുണ്ട്. എമ്മിയുടെ യഥാർഥ അവസ്ഥയെ അദ്ദേഹം തെറ്റിദ്ധരിക്കുകയും ഐപാഡിനെ ആശ്രയിക്കുന്നത് അവളുടെ ചികിത്സയുടെ ഭാഗമാണെന്ന് തിരിച്ചറിയാതെ പോകുകയും ചെയ്യുന്നു. മനസ്സ് ശാന്തമാവാനും സംഘർഷം കുറക്കാനുമായി ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്‌പോൺസ് (ASMR) വിഡിയോ കണ്ടുതുടങ്ങിയ എമ്മിക്ക് അതൊരു ശീലമായി. പുറംലോകത്തെ കാഴ്ചകളെ മറച്ചുവെച്ച്, അതിനു പകരമായി ചെറിയ ശബ്ദവിശേഷങ്ങൾ നൽകുന്ന ചലനചിത്രങ്ങൾ അവളെ ഒരുതരം അബോധാവസ്ഥയിലോ ലഘുവായ മയക്കത്തിലോ ആഴ്ത്തിയിരുന്നു. ആ അവസ്ഥയിൽ അവൾക്ക് ഭക്ഷണം കഴിക്കാനും അത് ഉൾക്കൊള്ളാനും സാധിച്ചു. അച്ഛനും മകനുമായുള്ള വൈരുധ്യം മറനീക്കി പുറത്തുവന്ന സന്ദർഭമായിരുന്നു ഇപ്പറഞ്ഞത്.
സമകാലത്തിന്റെ നീക്കിയിരുപ്പുകളെയും സാങ്കേതികതയെയും പൂർണമായി സ്വാംശീകരിക്കാൻ കഴിയാത്ത പഴയ തലമുറക്കാരനായി മാറുകയായിരുന്നു തോമസ്. സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനെ തോമസിന് അംഗീകരിക്കാനായില്ല. എന്നാൽ സാങ്കേതികവിദ്യക്ക് ആശ്വാസം, നൽകാനാവുമെന്നാണ് എമ്മിയുടെ അനുഭവം കാണിക്കുന്നത്. സമ്മർദങ്ങളിൽനിന്നും മുക്തിനേടാനായി സാങ്കേതികതയെ അവലംബിക്കുന്ന പ്രവണത ശരിയാണോ എന്ന ആലോചനയാണ് ഈ ഘട്ടത്തിൽ ചർച്ചചെയ്യേണ്ടത് എന്ന സൂചന ആഖ്യാനത്തിലുണ്ട്. ആധുനിക സാങ്കേതികവിദ്യയോടുള്ള തോമസിന്റെ അകൽച്ച മാക്സിനെ ചൊടിപ്പിച്ചു.
അവർ തമ്മിലുള്ള വൈകാരിക അകലവും പിന്നീട് ഇല്ലാതായത് കോവിഡ് ബാധിതനായി തോമസ് ചികിത്സക്ക് വിധേയനായ കാലത്താണ്. പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നിട്ടും, അന്യോന്യം മനസ്സിലാക്കാൻ മാക്സും തോമസും പ്രയാസപ്പെട്ടു. പൊതുമണ്ഡലത്തിൽ ഒരു ധിഷണാശാലിയായി വിരാജിച്ച തോമസിന്റെ മാനുഷികമായ തലമാണ് മാക്സുമായുള്ള അയാളുടെ ബന്ധത്തിൽ വെളിപ്പെടുന്നത്. ഹൃദയപൂർവം ചിന്തിക്കാൻ തോമസിന് പലപ്പോഴും കഴിയാറില്ല എന്ന സത്യവും നോവലിൽനിന്ന് ലഭിക്കുന്നു. എമ്മിയുടെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അലോസരം കാണിക്കുന്നത് അദ്ദേഹം സാഹചര്യങ്ങളെ അനുഭാവപൂർവം മനസ്സിലാക്കുന്നില്ല എന്നുതന്നെയാണ്.
കോവിഡിനെ തുടർന്നുള്ള തോമസിന്റെ ആശുപത്രിവാസം ഒരു വഴിത്തിരിവായി മാറുന്നു. തോമസ് മരിക്കുകയാണെന്ന് ബോധ്യപ്പെടുമ്പോൾ, മാക്സ് ഒരിക്കലും ഉറക്കെ പറഞ്ഞിട്ടില്ലാത്ത സ്നേഹത്തിന്റെയും ക്ഷമയുടെയും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നില്ല. മരണം ഉറപ്പാക്കുമ്പോൾ, അതുവരെ തൊട്ടടുത്തുണ്ടായിരുന്ന ആൾ ഇല്ലാതാകുമെന്ന് ചിന്ത ജനിക്കുമ്പോഴാണ് സ്നേഹം പ്രകടിപ്പിക്കേണ്ടതാണെന്ന വിശ്വാസം ആവിർഭവിക്കുന്നത്. ചുരുക്കത്തിൽ കോവിഡ് എന്ന രോഗത്തെ വെറുമൊരു പശ്ചാത്തലമായി നോവലിൽ കാണാനാവില്ല.
ആഖ്യാനത്തിന്റെ പ്രധാന പ്രമേയങ്ങളായ മരണം, ഓർമ, മാനുഷികമൂല്യം, സാങ്കേതികവിദ്യ എന്നിവയെ ബന്ധിപ്പിക്കുന്ന കരുവായി കോവിഡ് പരിണമിക്കുന്നു. ഈ മഹാമാരിയെ മനുഷ്യർ എങ്ങനെ വ്യത്യസ്തമായി ഓർമിക്കുന്നുവെന്നും ഓരോരുത്തരുടെയും ജീവിതത്തെ അതെങ്ങനെ ബാധിച്ചെന്നും നോവൽ ചിത്രീകരിക്കുന്നു. കോവിഡിന്റെ അന്തരീക്ഷം ഭീകരമാവുന്നതും തോമസിന്റെ സാഹചര്യം ഗുരുതരവമാവുകയും ചെയ്യുന്നത് നോവലിൽ വിവരിക്കുന്നുണ്ട്. അവിചാരിതമായ തരത്തിൽ പടർന്ന രോഗം ശാരീരികമായ അകൽച്ച സൃഷ്ടിച്ചെങ്കിലും അത് മനുഷ്യരെ കൂടുതൽ മാനസികമായി അടുപ്പിക്കുകയാണുണ്ടായതെന്നും കാണാം.
തോമസ് എന്ന വ്യക്തിയുടെ വിവിധ വശങ്ങളിലേക്ക് ആഴത്തിൽ സഞ്ചരിക്കുക എന്ന ദൗത്യമാണ് നോവലിന്റേത്. പല കാഴ്ചപ്പാടുകളിലൂടെ അത് പൂർണമാക്കുകയാണ് ആഖ്യാനത്തിന്റെ ഓരോ ഭാഗത്തിന്റെയും ധർമം എന്ന് വ്യക്തമാണ്. കോവിഡിനെതിരെ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ കൃത്യമായി പാലിക്കുന്ന മനുഷ്യരെയും ഇവയൊന്നും ശ്രദ്ധിക്കാതെ അലസരായി കഴിയുന്ന മനുഷ്യരെയും ഒരേയിടത്ത് കാണുന്നതിന്റെ വൈരുധ്യത്തെ കുറിച്ച് ആഖ്യാതാവ് ആലോചിക്കുന്നുണ്ട്. അതിലൂടെ മാക്സ് അനുഭവിച്ച പാരവശ്യവുമായി ആഖ്യാതാവ് താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുകയാണ്.
വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അച്ഛൻ ‘സാങ്കേതികമായി’ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ എന്ന വസ്തുത മാക്സിനു താങ്ങാൻ പ്രയാസമായിരുന്നു, മനുഷ്യർ മരണത്തെ നേരിടുന്നതുവരെ സ്നേഹം പലപ്പോഴും പ്രകടിപ്പിക്കപ്പെടാതെ തുടരുമെന്ന് ഈ രംഗം തെളിയിക്കുന്നുണ്ട്. അച്ഛൻ എന്നന്നേക്കുമായി മറഞ്ഞുപോയതിനുശേഷമാണ് മകന് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ തീവ്രത വ്യക്തമാവുന്നത്. അച്ഛനെ കുറിച്ചുള്ള പഴയ സ്മരണകളും അനുഭവങ്ങളും അച്ഛന്റെ ചേഷ്ടകളും മാക്സിനെ അലട്ടിത്തുടങ്ങി. തോമസിന്റെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള ശിഥിലമായ കാഴ്ചപ്പാടുകളാണ് നോവലിനെ കൂട്ടിക്കെട്ടുന്ന ഇഴകൾ എന്ന് സങ്കൽപിക്കാവുന്നതാണ്. ഒരൊറ്റ കാഴ്ചപ്പാടിനും ഒരു വ്യക്തിയെക്കുറിച്ചുള്ള മുഴുവൻ സത്യവും ഉൾക്കൊള്ളാൻ കഴിയില്ല എന്ന നോവലിന്റെ ആശയത്തെയാണ് മൂന്ന് ഭാഗങ്ങളിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
വ്യക്തിപരമായത് രാഷ്ട്രീയമാവുകയും അത് ചരിത്രവുമായി ഇടകലരുകയും ചെയ്യുന്നതോടെ ഓരോ നോവലും ചരിത്രത്തിന്റെ അവശേഷിപ്പുകളെ പ്രതിധ്വനിപ്പിക്കുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഓരോ മനുഷ്യന്റെയും ഭൂമിക വ്യത്യസ്തമായ ഭൂഖണ്ഡങ്ങളായി തീരുമ്പോൾ വ്യവഹാരങ്ങൾ സങ്കീർണമാവുകയാണ്. വ്യക്തി, സമൂഹം എന്ന ദ്വന്ദ്വത്തെ മുൻനിർത്തിയുള്ള സമസ്യകൾക്ക് പകരമായി മനുഷ്യരുടെ ആന്തരിക പ്രതിസന്ധികളുടെ രാഷ്ട്രീയത്തിന് പരിഗണന ലഭിക്കുന്ന വിധത്തിലാണ് (ഓട്ടോ) ഫിക്ഷന്റെ ഘടന.
എന്നാൽ, നിത്യജീവിതത്തിന്റെ സ്ഥിരപരിചിതമായ വ്യവഹാരങ്ങൾക്ക് സർഗാത്മകമായ പരിവേഷം കൊടുക്കാനുള്ള ശ്രമവും അവ നടത്തുന്നു. സാമ്പത്തിക മാന്ദ്യവും അരക്ഷിതാവസ്ഥയും സമൂഹത്തിന്റെ പാളികളിൽനിന്ന് മനുഷ്യരെ ഏറക്കുറെ ഒറ്റപ്പെടുത്തി. സ്വാഭാവികമായും അവർ സ്വാനുഭവങ്ങളെ അധികരിച്ചുള്ള ഭാവനാലോകത്തെ മെനയാനും തുടങ്ങി. വേറിട്ട എഴുത്തിന്റെ സാധ്യതകളെ ആരായുന്ന സാഹിത്യലോകം നൂതനമായ ശൈലിയെ യഥാവിധം സ്വീകരിക്കാറുണ്ട് എന്ന് വ്യക്തമാണ്. ഇതും ഓട്ടോഫിക്ഷന്റെ പ്രചാരത്തിന്റെ കാരണങ്ങളിലൊന്നാണ്. സാഹിത്യ പ്രചാരകരും സാഹിത്യ നിരീക്ഷകരും അതിരുകവിഞ്ഞ താൽപര്യത്തോടെ അവരുടെ താൽപര്യങ്ങളെ വിപണിക്ക് അനുസൃതമായി ജനപ്രിയമാക്കിയതും വ്യത്യസ്ത ശൈലിയിലെ എഴുത്തിനെ പോഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.