സ്നേഹക്കടലിന്റെ ഇരമ്പൽ
ബൾഗേറിയയിലെ പ്രസിദ്ധ എഴുത്തുകാരൻ ഗ്യോർഗി ഗൊസ്‌പോഡിനോവിന്റെ ‘ഡെത്ത് ആൻഡ് ദ ഗാർഡനർ’ (Death and the Gardener) എന്ന കൃതി വായിക്കുന്നു. പിതാവിന്റെ അഭാവം മക്കളുടെ ജീവിതത്തെ ഏതെല്ലാം വിധത്തിൽ മാറ്റിമറിക്കുന്നു എന്ന പാഠംകൂടിയായി നോവൽ പരിണമിക്കുന്നതായും എഴുതുന്നു. ‘‘എന്റെ അച്ഛൻ ഒരു പൂന്തോട്ട പരിപാലകനായിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു പൂന്തോട്ടമായി തീർന്നു’’ എന്ന വാക്യത്തിലാണ് ബൾഗേറിയയിലെ പ്രസിദ്ധ എഴുത്തുകാരനായ ഗ്യോർഗി ഗൊസ്‌പോഡിനോവിന്റെ ‘ഡെത്ത് ആൻഡ് ദ ഗാർഡനർ’ (Death and the Gardener) എന്ന കൃതി നിലയുറപ്പിച്ചിട്ടുള്ളത്. ‘ടൈം ഷെൽട്ടർ’ എന്ന നോവലിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ...
ബൾഗേറിയയിലെ പ്രസിദ്ധ എഴുത്തുകാരൻ ഗ്യോർഗി ഗൊസ്‌പോഡിനോവിന്റെ ‘ഡെത്ത് ആൻഡ് ദ ഗാർഡനർ’ (Death and the Gardener) എന്ന കൃതി വായിക്കുന്നു. പിതാവിന്റെ അഭാവം മക്കളുടെ ജീവിതത്തെ ഏതെല്ലാം വിധത്തിൽ മാറ്റിമറിക്കുന്നു എന്ന പാഠംകൂടിയായി നോവൽ പരിണമിക്കുന്നതായും എഴുതുന്നു.
‘‘എന്റെ അച്ഛൻ ഒരു പൂന്തോട്ട പരിപാലകനായിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു പൂന്തോട്ടമായി തീർന്നു’’ എന്ന വാക്യത്തിലാണ് ബൾഗേറിയയിലെ പ്രസിദ്ധ എഴുത്തുകാരനായ ഗ്യോർഗി ഗൊസ്‌പോഡിനോവിന്റെ ‘ഡെത്ത് ആൻഡ് ദ ഗാർഡനർ’ (Death and the Gardener) എന്ന കൃതി നിലയുറപ്പിച്ചിട്ടുള്ളത്. ‘ടൈം ഷെൽട്ടർ’ എന്ന നോവലിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണിത്.
അച്ഛനോടുള്ള സ്നേഹവായ്പുകളെല്ലാം അച്ഛന്റെ മരണശേഷം വാക്കുകളായും ദൃശ്യങ്ങളായും മകൻ ഓർത്തെടുക്കുകയാണ് ഇതിൽ. നോവലായും ഓർമകളായും വായിച്ചുപോകാവുന്ന പുസ്തകം നൊമ്പരങ്ങളുടെ ആഖ്യാനംകൂടിയാണ്. അച്ഛന്റെ ജീവിതവും വീട്ടുമുറ്റത്തെ പൂന്തോട്ടത്തെ അദ്ദേഹം സംരക്ഷിക്കുന്ന വിധവും അച്ഛന് ഉറ്റവരോടുള്ള കരുതലും സ്നേഹമായി പെയ്തൊഴിയുന്ന രംഗങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകം.
ഏറ്റവും വേണ്ടപ്പെട്ട ആളുടെ എന്നന്നേക്കുമായുള്ള തിരോധാനം ജീവിതത്തിന്റെ ഏറ്റവും ചെറിയ ശീലങ്ങളെ വരെ ബാധിച്ചേക്കാം എന്ന് സ്ഥാപിക്കുകയാണ് ഗൊസ്‌പോഡിനോവിന്റെ ഈ എഴുത്ത്. അച്ഛന്റെ സ്വഭാവവും പതിവുകളും മറക്കാൻ സാധിക്കാത്ത തരത്തിൽ നഷ്ടബോധം അനുഭവിക്കുന്ന മകന്റെ വികാരങ്ങളുടെ രേഖപ്പെടുത്തലായി ഈ നോവലിനെ കാണാം. കിനിഞ്ഞിറങ്ങുന്ന ഓർമകളുടെ ഒഴുക്കിനെ നിയന്ത്രിക്കാൻ പറ്റാത്ത മകന്റെ ആത്മ പ്രകാശനമായും ഇത് വായിക്കാവുന്നതാണ്.
അച്ഛനെ പരിഗണിച്ചതും സ്നേഹിച്ചതും വേണ്ടരീതിയിലായിരുന്നോ എന്ന സന്ദേഹം പിന്നീട് മുളപൊട്ടുന്നതിൽ അസ്വാഭാവികതയില്ല. അച്ഛനു വേണ്ട, അച്ഛൻ അർഹിക്കുന്ന കരുതൽ തനിക്ക് നൽകാൻ കഴിഞ്ഞോ എന്ന ചിന്ത നോവലിലെ ആഖ്യാതാവിനെ അലട്ടുന്നുണ്ട്. ഒരുപക്ഷേ അച്ഛൻ ഇല്ലാതാവുമ്പോഴായിരിക്കണം ആ സാന്നിധ്യത്തിന്റെ കരുത്ത് നാം തിരിച്ചറിയുന്നതും. പിൽക്കാല ജീവിതം അലോസരപ്പെടുത്താൻ ഉതകുന്ന ആ ഘടകത്തിൽനിന്ന് മോചിതനാവാൻ കൂടിയാവണം ഗൊസ്‌പോഡിനോവ് ഈ കൃതി രചിച്ചത് എന്നും വിചാരിക്കാം. ഏറ്റവും വേണ്ടപ്പെട്ടവരുടെ ജീവിതചര്യകൾ ഉപാധികളില്ലാതെ ഉൾക്കൊള്ളുക എന്ന തത്ത്വത്തിലേക്ക് ആഖ്യാതാവ് എത്തിച്ചേരുന്നതായി കാണാം.
സ്വാനുഭവങ്ങളുടെ അധ്യായങ്ങളെ സർഗാത്മകമായ ഭൂപടത്തിലേക്ക് വിന്യസിപ്പിക്കുന്ന പ്രവൃത്തിയാണ് ഗൊസ്‌പോഡിനോവ് ചെയ്യുന്നത്. മരണത്തിന്റെ ‘അദൃശ്യ’മുഖം ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ അച്ഛനു മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ നാളുകളെ നോവലിസ്റ്റ് വിശദീകരിക്കുന്നു. കാവ്യാത്മകമായ രീതിയിൽ അച്ഛന്റെ പഴയ കാലത്തേക്ക് പുനഃസന്ദർശനം നടത്തുന്ന എഴുത്തുകാരനായി അദ്ദേഹം പരിണമിക്കുകയാണ്. അഗാധമായ കയത്തിലേക്ക് വീഴാതിരിക്കാൻ അച്ഛന് കൈത്താങ്ങാവാൻ യത്നിച്ച മകന്റെ കഥകൂടിയായി ഈ ആഖ്യാനം മാറുന്നുണ്ട്. അച്ഛനെ ജീവിതത്തിൽ പിടിച്ചുനിർത്താനും, ഭൂമിയിൽനിന്നും എന്നെന്നേക്കുമായുള്ള യാത്രയിൽനിന്ന് രക്ഷപ്പെടുത്താനുമുള്ള അയാളുടെ ശ്രമങ്ങളെ നാം വായിക്കുന്നു.
സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ അച്ഛന്റെ ജീവിതത്തിലെ സന്ധികളെ പറ്റി മകൻ ആലോചിക്കുന്നുണ്ട്. സോവിയറ്റ് യൂനിയന്റെ അധീനതയിൽ സ്ഥാപിച്ച അധിനിവേശ ബിംബങ്ങളെ പിഴുതുമാറ്റാനുള്ള തീരുമാനം ഉണ്ടാകുന്നത് ആഖ്യാതാവ് പ്രാധാന്യത്തോടെ ഓർക്കുന്നു. അച്ഛന്റെ അന്ത്യനാളുകളിൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് 300 മീറ്റർ അകലെയായി നഗരത്തിലെ സോവിയറ്റ് സൈനിക സ്മാരകം പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. ഖിന്നത ജനിപ്പിക്കുന്ന സ്മരണകളെ പൂർണമായി റദ്ദുചെയ്യണമെങ്കിൽ ഭൗതിക സ്മാരകങ്ങളും ഇല്ലാതാവണം. ബർലിൻ മതിൽ തകർന്ന് 35 വർഷങ്ങൾക്കു ശേഷമാണ് അത് നീക്കംചെയ്യാൻ കഴിഞ്ഞത്. അങ്ങനെ ഒരു ഭരണകൂടത്തിന്റെ അന്ത്യം എല്ലാ തരത്തിലും പൂർത്തിയാവുകയായിരുന്നു. രാഷ്ട്രീയ വീക്ഷണങ്ങളെയും ഒരു ജനതയുടെ സ്ഥിതിയെയും അധിനിവേശ ശക്തികൾ ഏതെല്ലാം വിധത്തിലാണ് ബാധിച്ചതെന്ന ചിന്തയെ മടക്കി കൊണ്ടുവരുന്ന ഒരു സംഭവംകൂടിയായിരുന്നു അത്. സോവിയറ്റ് ചായ്‌വുകൾക്ക് അനുസൃതമായി തങ്ങളുടെ താൽപര്യങ്ങളെ ബൾഗേറിയയിലെ ജനങ്ങൾക്ക് മാറ്റേണ്ടിവന്നു.
അച്ഛൻ ഉപേക്ഷിച്ചുപോയതും മകൻ സൂക്ഷിച്ചുവെച്ചതുമായ വസ്തുക്കൾ ശേഖരിച്ചുവെച്ചുകൊണ്ട് ഒരു ചെറിയ മ്യൂസിയം അച്ഛന്റെ ഓർമക്കായി മകൻ ഒരുക്കുന്നുണ്ട്. ഏതാനും ആഴ്ചകൾക്കുമുമ്പ് ലിസ്ബണിൽനിന്ന് അദ്ദേഹത്തിനായി കൊണ്ടുവന്ന കോർക്ക് കൊണ്ടുള്ള സിഗരറ്റ് ലൈറ്റർ, അദ്ദേഹം പൂരിപ്പിച്ച ക്രോസ്‌വേഡ് പസിലുകളുള്ള പത്രങ്ങൾ, ഒരു സ്വിസ് പട്ടാള കത്തി, കാലഹരണപ്പെട്ട ശക്തിയുള്ള കണ്ണട തുടങ്ങിയ വസ്തുക്കൾ അതിലുണ്ടായിരുന്നു. കൈകൊണ്ട് നിർമിച്ച ഒരു ഊന്നുവടികൂടി അക്കൂട്ടത്തിൽ ഉൾപ്പെടുത്തി. അച്ഛന്റെ ജീവചരിത്രം വസ്തുക്കളുടെ രൂപത്തിൽ ആ മ്യൂസിയത്തിൽ പ്രത്യക്ഷപ്പെട്ടു എന്ന് പറയാം. അച്ഛന്റെ ജീവിതത്തെ സൂക്ഷ്മമായി വീക്ഷിക്കുന്ന മകൻ, അദ്ദേഹത്തിന്റെ നഷ്ടം എങ്ങനെയാണ് തരണം ചെയ്യുന്നതെന്ന് കൂടി വ്യക്തമാക്കുന്ന ആഖ്യാനമാണ് ഈ പുസ്തകം.
അലക്‌സാണ്ടർ ഗെറോവ് എന്ന ബൾഗേറിയയിലെ കവിയുടെ വരികൾ ഈ വേദനയെ സൂചിപ്പിക്കാനായി നോവലിസ്റ്റ് ഉദ്ധരിക്കുന്നുണ്ട്. പക്ഷിക്കുഞ്ഞിന് തീറ്റകൊടുത്ത് സംരക്ഷിക്കുന്ന തള്ളപ്പക്ഷിയെപ്പോലെ മകൻ അച്ഛന്റെ ദൈനംദിന സ്ഥിതിഗതിയിൽ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. ഓരോ പ്രഭാതത്തിന്റെയും ആരംഭത്തിൽതന്നെ അച്ഛന്റെ ആരോഗ്യം അന്വേഷിക്കുന്ന മകന്റെ ഉത്തരവാദിത്തബോധത്തെ സ്നേഹബഹുമാനങ്ങളോടെയേ കാണാൻ പറ്റൂ. ഓരോ ദിവസവും പുലരുമ്പോൾ അച്ഛൻ ജീവനോടെ ഉണ്ടാകുമെന്ന പ്രത്യാശയിൽ അദ്ദേഹത്തിന്റെ കിടപ്പുമുറി തുറക്കുന്ന മകന്റെ വികാരവിചാരങ്ങളെ ആലേഖനം ചെയ്യുന്നത് എളുപ്പമല്ല. രാവിലെ എഴുന്നേറ്റ്, ഉള്ളിൽ ഒതുക്കിയ ഭയത്തോടെ അച്ഛൻ ശ്വസിക്കുന്നുണ്ടോ എന്ന് അയാൾ പരിശോധിക്കുന്നു. ചില ഭാഗ്യമുള്ള രാത്രികളിൽ കുറച്ചു മണിക്കൂറെങ്കിലും ഉറങ്ങാൻ അദ്ദേഹത്തിന് കഴിയാറുണ്ട്.
തുടർന്ന് തലേ രാത്രി എങ്ങനെയാണ് അദ്ദേഹം ചെലവഴിച്ചതെന്നും മറ്റും അവർ സംസാരിക്കുന്നു. പിന്നെ മകൻ അതീവ കരുതലോടെ അച്ഛനെ പ്രഭാതകൃത്യങ്ങൾക്കായി സഹായിക്കുന്നു. കൃത്യം 17 വർഷം മുമ്പായിരുന്നു അച്ഛൻ ആദ്യമായി മരണത്തോടടുത്തത് എന്ന് മകൻ ഓർത്തുവെക്കുന്നുണ്ട്. അച്ഛന്റെ മരണം മകൻ ഇതിനകം ഒരിക്കൽ അനുഭവിച്ചറിഞ്ഞതാണ്. അതിനെ കുറിച്ചും നോവലിൽ സൂചിപ്പിക്കുന്നു. ഏറെക്കാലം കാത്തിരുന്നതിനു ശേഷമാണ് ആഖ്യാതാവിന് ഒരു കുഞ്ഞ് ജനിച്ചത്. അച്ഛൻതന്നെ വിശേഷിപ്പിച്ചതുപോലെ, അദ്ദേഹത്തിന്റെ തൊണ്ടയിൽ എന്തോ ഒരു ‘മോശം രോഗം’ (nastiness) അക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. മകന്റെ കുഞ്ഞിന്റെ ജനനശേഷം അധികം വൈകാതെ അച്ഛന് അർബുദമാണെന്ന വാർത്ത സ്ഥിരീകരിക്കുകയുണ്ടായി. തുടർന്ന് പരിശോധനകളും ബയോപ്സിയും നടത്തി.
അതിനുശേഷം ഫലം അറിയാനായി ആശുപത്രിയുടെ ഇരുണ്ടനിലയിൽ മകൻ കാത്തിരിക്കുന്നുണ്ട്. അങ്ങനെ അച്ഛന്റെ ജീവിതം മകന്റേതാക്കി മാറ്റുന്ന ജാലവിദ്യ ജീവിതത്തിലും ആഖ്യാനത്തിലും പ്രകടമാകുന്നു. ജീവിതത്തോട് അത്യധികം ആസക്തിയില്ലാത്ത, മരണത്തിന് തയാറായ ശാന്തസ്വരൂപനെ പോലെ അച്ഛൻ അന്ന് പെരുമാറിയത് മകൻ കൃത്യമായി ഓർക്കുന്നു. താൻ കാണാനായി ഏറെ മോഹിച്ച കൊച്ചുമകളെ പിരിയുന്നതിൽ മാത്രമായിരുന്നു അച്ഛന് ദുഃഖം. കൊച്ചുമകൾക്ക് കൊടുക്കാൻ കാത്തുവെച്ചിരുന്ന സ്നേഹം പാഴായിപ്പോകുമോ എന്ന ഭയമാണ് അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നത്. തിരമാലകളെന്നപോലെ സ്നേഹക്കടൽ ഇരമ്പംകൊള്ളുന്ന കാഴ്ച സംജാതമാവുന്നത് സമ്മിശ്ര വികാരത്തോടെ കാണാനേ ആഖ്യാതാവിന് ആയുള്ളൂ. ഇങ്ങനെയൊരു സ്നേഹമയനായ മുത്തച്ഛൻ കൊച്ചുമകൾക്കുണ്ടായിരുന്നു എന്ന ബോധ്യം അവളിൽ ജനിക്കുന്നതുവരെയെങ്കിലും കാലം താൻ ജീവിച്ചിരിക്കണമെന്ന തീവ്രമായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിക്കാണുമെന്ന് ഉറപ്പാണ്. പേരക്കുട്ടിയുടെ മുന്നിൽ ‘കുട്ടികളായി’ മാറുന്ന മുത്തശ്ശീ–മുത്തശ്ശന്മാരുടെ ഏറ്റവും ചെറിയ സ്വപ്നമാവും അത്.
അച്ഛന് വിചിത്രമായ ചില ശീലങ്ങളുണ്ടായിരുന്നു എന്നത് വിശേഷമായി പറയണം. പത്രത്തിന്റെ ഓരോ താളും വിശദമായി വായിച്ചുകഴിഞ്ഞാൽ, അച്ഛൻ ക്രോസ്‌വേഡ് പസിലിലേക്ക് തിരിയുകയും അതിലെ സങ്കീർണമായ വഴികളിൽ മുഴുകുകയും ചെയ്യാറുണ്ടായിരുന്നു. അല്ലെങ്കിൽ, ആ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ വേദനയിൽനിന്ന് ഒളിച്ചോടാൻ അദ്ദേഹം ശ്രമിക്കുകയാണെന്ന് കരുതാം. വർഷങ്ങൾക്കുമുമ്പ് ഒരു സായാഹ്നത്തിൽ, ക്രോസ്‌വേഡ് പസിലിലെ സൂചനകളിലൊന്ന് മകന്റെ ഒരു നോവലിന്റെ 18 അക്ഷരങ്ങളുള്ള പേരായിരുന്നു എന്ന കാര്യം അച്ഛനമ്മമാർ അയാളെ ആവേശത്തോടെ വിളിച്ചറിയിച്ചത് ആഖ്യാതാവ് ഓർക്കുന്നു. പൂർത്തിയാക്കിയ പദപ്രശ്നങ്ങൾ ആരും സൂക്ഷിച്ചുവെക്കാറില്ല.
അവ പൂരിപ്പിച്ച് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ, മകൻ അച്ഛൻ മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് എഴുതിയ വാക്കുകളും അദ്ദേഹത്തിന്റെ കൈപ്പടയും സൂക്ഷിച്ചുവെച്ചു. ഒടുവിൽ എന്തൊക്കെയാണ് അവശേഷിക്കുന്നത് എന്നത് കൗതുകകരമാണ്. ‘ഓട്ടോ-ഡാ-ഫെ’ (auto-da-fe), ‘സെറ്റർ’ (setter), ‘അപ്പാച്ചെ’ (Apache), ‘സോറോ’ (sorrow), ‘ബരേസി’ (Baresi) എന്നീ വാക്കുകളാണ് മകൻ കണ്ടെത്തിയത്. ഒരു വിഷമപ്രശ്നം നിർധാരണം ചെയ്തുകൊണ്ടിരിക്കുമ്പോൾ, മരണം എന്നൊന്നു നിലനിൽക്കുന്നില്ല എന്ന നിരീക്ഷണം എത്രമാത്രം ശരിയാണ്! ചുരുക്കത്തിൽ, അച്ഛൻ എന്നാൽ കരുതലിന്റെ ഹൃദയമിടിപ്പുകളാണെന്ന തത്ത്വചിന്ത സാർഥകമാകുന്ന രംഗങ്ങളാണ് നോവലിലുടനീളം വിവരിക്കുന്നത്.
ആസന്നമായ മരണവും അത് ഒഴിവാക്കാൻ പറ്റാത്തത് ഒരു വാസ്തവവും ആയിത്തീരുന്നതോടെ മരണംമൂലം ഉണ്ടാകാവുന്ന നഷ്ടങ്ങളെ കുറിച്ചാണ് നോവലിസ്റ്റ് ചിന്തിക്കുന്നത്. സ്വാഭാവികമായും വ്യക്തിപരമായ അവസ്ഥയിലേക്ക് അദ്ദേഹം വിരൽചൂണ്ടുകയാണ്. എന്റെ അച്ഛൻ മരിച്ചു എന്ന് പറയുന്നതും എന്റെ അച്ഛൻ മരിച്ചുകൊണ്ടിരുന്നു എന്ന് പറയുന്നതിനും തമ്മിലുള്ള അന്തരം ആഖ്യാതാവായ മകൻ സൂക്ഷ്മമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സർഗാത്മകതയുടെ ഭാവം ഈ രണ്ടു വാക്യങ്ങൾക്കും പകർന്നുകൊടുക്കാനാണ് മകനിലെ നോവലിസ്റ്റ് ശ്രമിക്കുന്നത് എന്നും കാണാം. ആദ്യത്തെ വാചകം സത്യപ്രസ്താവന ആണെങ്കിൽ രണ്ടാമത്തേത് നോവലിലെ വാക്യമായി പരിണമിക്കുന്നു എന്നാണ് ഗൊസ്‌പോഡിനോവിന്റെ നിരീക്ഷണം.
ഒന്നിന്റെ പ്രാണവായു മറ്റൊന്നിന്റെ അഗ്നിയെ നിരന്തരം ആളിക്കത്തിക്കുന്നു എന്ന കൽപന നോവലിൽ സൂചിപ്പിക്കുന്നു. അത് നോവലിന്റെ ഭാവനയെ വിപുലീകരിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. അതുപോലെ മരണത്തെ തത്ത്വചിന്താപരമായും ഭാഷാപരമായും അവതരിപ്പിക്കാനും നോവലിസ്റ്റ് തൽപരനാണ്. നോവലിൽ ഇത് സംബന്ധിച്ച കാഴ്ചപ്പാടുകൾ പ്രസക്തമാകുന്നു. മരണം ഒരു ഭാഷാപരമായ പ്രശ്നംകൂടിയാണ് എന്ന ആശയവും നോവലിലെ ഒരു അടിയൊഴുക്കായി പ്രത്യക്ഷപ്പെടുകയാണ്. നോവലിൽ പരാമർശിക്കുന്നത് പ്രകാരം ‘Dies’ (മരിക്കുന്നു) എന്ന വാക്ക് ചെറുതും എന്നാൽ ശക്തമായ ആഘാതമേൽപിക്കുന്നതുമാണ്. അതിലെ ‘d’ എന്ന അക്ഷരത്തിന്റെ കനത്തശബ്ദം അന്തിമമായ ആണി തറക്കുന്നതുപോലെ, ഒരു പ്രതീക്ഷയും അവശേഷിപ്പിക്കാത്തവിധം പതിക്കുന്നു.
അതേസമയം, ആ വാക്കിന്റെ മധ്യത്തിലുള്ള സ്വരാക്ഷര സങ്കലനം (diphthong) ഒരു നിലവിളിപോലെ ഉയർന്ന്, ജീവിതത്തിന്റെ അക്ഷരമാലയിലെ അവസാന അക്ഷരമായ ‘z’ന്റെ ശബ്ദത്തിൽ അലിഞ്ഞ് ഇല്ലാതാകുന്നു. മരണത്തെ രൂപകമായി സമീപിച്ചുകൊണ്ട്, മരണം തനിക്കുണ്ടാക്കുന്ന സങ്കടങ്ങളും നഷ്ടങ്ങളുമാണ് ഗൊസ്‌പോഡിനോവ് നോവലിൽ പ്രതിപാദിക്കുന്നത്. മരിച്ചുപോകുന്ന മനുഷ്യരുടെ പേരും കഥകളും വാക്കുകളും ഓർമകളും ഭാഷയിലൂടെ നിലനിൽക്കും എന്ന ആശയത്തെ നോവലിസ്റ്റ് മുറുകെപ്പിടിക്കുന്നു.
അച്ഛന്റെ ജീവിതത്തെ പൂന്തോട്ടവുമായി ചേർത്തുവെക്കുക വഴി ജൈവികമായ തുടിപ്പുകൾക്ക് അദ്ദേഹം ഊന്നൽകൊടുക്കുകയാണ്. അൽപകാലം മാത്രം അവശേഷിക്കുന്ന ജീവിതത്തിൽ, പരസ്പരം ഏറ്റവും കൂടുതൽ സ്നേഹിക്കുക എന്ന തീവ്രമായ അഭിവാഞ്ഛ അച്ഛനും മകനുമിടയിലുണ്ട്. അന്യോന്യമുള്ള ആഭിമുഖ്യത്തിന്റെ ഉറ്റുനോട്ടം എത്രമേൽ ആഴമുള്ളതാണെന്ന് ഈ മുഹൂർത്തം തെളിയിക്കുന്നു. വാക്കുകൾക്ക് വിരൽസ്പർശം ഉരുവം കൊള്ളുന്നതിന്റെയും ശബ്ദത്തിന് ആർദ്രഭാവം കൈവരുന്നതിന്റെയും മായക്കാഴ്ച എന്നെന്നും നിലനിൽക്കുന്ന സാഹചര്യമായി അച്ഛന്റെയും മകന്റെയും ബന്ധം വികസിക്കുകയായിരുന്നു.
രോഗവുമായി ബന്ധപ്പെട്ട സാഹിത്യഭാവനയെയും കൃതികളെയും അവലോകനം നടത്താനുള്ള ശ്രമവും നോവലിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു. ‘Illness as Metaphor’ എന്ന കൃതിയിൽ, അർബുദരോഗ നിർണയത്തെ ചുറ്റിപ്പറ്റിയുള്ള ‘അവ്യക്തതയുടെ രാഷ്ട്രീയം’ എന്ന സവിശേഷമായ അവസ്ഥയെക്കുറിച്ച് സൂസൻ സൊൻടാഗ് എഴുതുന്നത് നോവലിസ്റ്റ് പരാമർശിക്കുന്നു. ഇതിനെ അച്ഛന്റെ രോഗവുമായി ബന്ധപ്പെടുത്തി വായിക്കുകയാണ്. ഹൃദയാഘാതത്തിൽനിന്ന് വ്യത്യസ്തമായി, അർബുദത്തെ ഒരുതരം വെറുപ്പുളവാക്കുന്നതും ഭയാനകവുമായ കാര്യമായാണ് കണക്കാക്കുന്നത്.
ക്ഷയരോഗത്തിന്റെ കാര്യമെടുത്താൽ കവിതകളെയും ‘ദി മാജിക് മൗണ്ടൻ’ (The Magic Mountain) പോലുള്ള സാഹിത്യസൃഷ്ടികളെയും ചൂണ്ടിക്കാണിക്കാനുണ്ടെന്നും നോവലിസ്റ്റ് വാദിക്കുന്നു. എന്നാൽ, അർബുദത്തിന് അത്തരമൊരു ‘മാജിക് മൗണ്ടൻ’ ഇല്ല. അർബുദത്തിന്റേത് ‘മാജിക്’ ഇല്ലാത്ത ഒരു പർവതമാണ് (The Unmagic Mountain) എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും ആശ്ലേഷങ്ങൾ ഓരോ പുറത്തിലും അടുക്കിവെച്ചുകൊണ്ടാണ് ഈ പുസ്തകം എഴുതി പൂർത്തിയാക്കിയിട്ടുള്ളത്. ‘‘നിനക്ക് എന്റെ അടുത്തു വന്നു കിടന്നു കൂടെ’’ എന്ന് അച്ഛന്റെ അത്യന്തം വികാരനിർഭരമായ ചോദ്യം ഒരു കാലത്തും മറക്കാൻ മകന് സാധിക്കില്ല. ‘‘ഞാൻ അദ്ദേഹത്തെ അച്ഛൻ മകനെയെന്നപോലെ പരിപാലിച്ചു.
അച്ഛൻ മകനോട് എന്ന തരത്തിൽ സംസാരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ അവസാന രാത്രിയാണോ എന്ന് ഞാൻ ഭയക്കുന്നു. വലിയ അക്ഷരത്തിൽ രേഖപ്പെടുത്തേണ്ടി വെക്കേണ്ട രാത്രിയാണിത്. വാക്കുകളുടെ കരുത്തിൽ ഊറ്റംകൊണ്ടിരുന്ന എനിക്ക് വാക്കുകളുടെ ഉറവ വറ്റുകയാണ്. രാവിന്റെ പാലം കടന്നുപോകാനായി എന്റെ കൈ പിടിച്ച അച്ഛൻ പതുക്കെ ഇഹലോകവാസം വെടിയുകയാണ്.’’ മറ്റൊരുതരത്തിൽ, ഈ ലോകവുമായുള്ള സകല വിനിമയങ്ങളും മകന്റെ കൈപ്പിടിയിൽ അനുഭവിക്കുന്ന അച്ഛൻ ഭൗതികദേഹം ഉപേക്ഷിക്കുന്ന കാഴ്ചയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. കാലം സാക്ഷിയായി അച്ഛന് യാത്രാമംഗളം നൽകുന്ന മകന്റെ ചിത്രം നോവലിൽ വരച്ചുവെച്ചിരിക്കുന്നു.
മരണത്തിലേക്ക് നീങ്ങുന്ന അച്ഛന്റെ തൊണ്ടയിൽനിന്ന് രക്തം ഒരു ചെറിയ ഉറവപോലെ കുത്തിയൊലിച്ച് പൈജാമയിലും കിടക്കവിരിയിലും തെറിച്ചുവീഴുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ കൊച്ചുമകൾ ആ രക്തപ്രവാഹം കാണരുതെന്ന ചിന്ത മകനുണ്ടായി. മരണം ഒരു പ്രഹേളികയായി എന്നും എപ്പോഴും നിലനിൽക്കുന്നു. എങ്ങനെ മരണത്തെ നേരിടണമെന്നും മരിക്കണമെന്നും അതിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുമെന്നും ആർക്കും സ്പഷ്ടമായ ധാരണയില്ല എന്നതാണ് വസ്തുത. ഓരോ ജനനത്തിനുശേഷവും എന്നപോലെ, ഓരോ മരണത്തിനുശേഷവും ലോകം പുതുതായി ആരംഭിക്കുന്നതായി തോന്നുന്നു എന്ന് ഗൊസ്‌പോഡിനോവ് ആലോചിക്കുന്നുണ്ട്.
അത്തരം സംഭവങ്ങൾക്കുശേഷം നമ്മുടെ വ്യക്തിജീവിതത്തിലെ കാലഗണന മാറുകയും പുതിയൊരു യുഗത്തിന് തുടക്കമാവുകയും ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു. ആഖ്യാതാവിന്റെ മകൾ ജനിച്ചപ്പോഴും അങ്ങനെതന്നെയായിരുന്നു സംഭവിച്ചത്. ലോകം വ്യക്തമായി രണ്ടായി വിഭജിക്കപ്പെട്ടു. കുഞ്ഞിന്റെ കാലഘട്ടത്തിന് മുമ്പുള്ളതെന്നും അതിനുശേഷമുള്ളതെന്നും എന്ന രണ്ടു കാലമായി ലോകം മാറി. അച്ഛന്റെ മരണശേഷം കാലത്തിനു സംഭവിച്ച വിച്ഛേദം മകൻ ശ്രദ്ധിക്കുന്നു. അയാളുടെ ഫോണിൽനിന്ന് അച്ഛന്റെ നമ്പർ ഇതുവരെയും മായ്ച്ചുകളഞ്ഞിട്ടില്ല. അതുപോലെ അച്ഛന്റെ കൈത്തണ്ടയിലെ വാച്ചും അവിടെനിന്ന് മാറ്റിയിട്ടില്ല. അച്ഛൻ എന്ന കാലം ഒരിക്കലും നിശ്ചലമാവില്ല എന്നുറപ്പിക്കാൻ കൂടിയുള്ള മകന്റെ ചെയ്തികളാണിവ.
അച്ഛൻ പോയതിനുശേഷം ആദ്യമായി പൂന്തോട്ടത്തിൽ ആഖ്യാതാവ് പ്രവേശിക്കുന്ന രംഗം നോവലിൽ സവിസ്തരം വിവരിക്കുന്നുണ്ട്. അന്ന് അച്ഛൻ കൂടെനിന്നുകൊണ്ട് പൂന്തോട്ടം കാണിച്ചുതരാനുണ്ടായിരുന്നില്ല. അവിടെ എന്തൊക്കെ പൂത്തു, എന്തൊക്കെ കായ്ച്ചു, ഏതൊക്കെ ചെടികൾക്ക് വളർച്ച പോരാ, ഏതൊക്കെ മഞ്ഞുവീഴ്ചയേറ്റ് നശിച്ചു, കാലാവസ്ഥ അനുകൂലമാകുമ്പോൾ എന്തൊക്കെയാണ് നടാൻ ഉദ്ദേശിച്ചിരുന്നത് എന്നതൊന്നും പറഞ്ഞുതരാനും ആരുമുണ്ടായില്ല... അച്ഛൻ സകലതും പങ്കുവെച്ചിരുന്ന, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആ നായ് മകന്റെ കാലുകൾക്കു ചുറ്റും ചാടിക്കളിച്ചുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ മകന് നായോട് ഒന്നും പറയാനില്ല. തങ്ങളുടെ ഉടമസ്ഥർ ഇല്ലാതായാൽ, ആരും അറിയിക്കാതെ തന്നെ വളർത്തുമൃഗങ്ങൾക്ക് അത് മനസ്സിലായേക്കും. ഇവിടെയും അക്കാര്യമാണ് സംഭവിച്ചത്.
സെമിത്തേരികളെ പറ്റി വിശദമായി എഴുതിയ ഒരു ഭാഗം നോവലിലുണ്ട്. മനുഷ്യരുടെ ശവശരീരങ്ങളെ സംസ്കരിച്ചു തുടങ്ങിയതിലൂടെയാണ് സംസ്കാരവും നാഗരികതയും ആരംഭിച്ചതെന്ന് നോവലിൽ പരാമർശിക്കുന്നു. നോവലിസ്റ്റിന്റെ കാഴ്ചപ്പാടിൽ ശ്മശാനം എന്നത് സംസ്കാരത്തിന്റെ ഒരു മ്യൂസിയമോ, അല്ലെങ്കിൽ അതിലും ഉചിതമായി പറഞ്ഞാൽ, ഒരു സ്മാരകമന്ദിരമോ (mausoleum) ആണ്. അതേസമയംതന്നെ, സംസ്കാരത്തിന്റെ ജൈവികമായ അന്ത്യവും അവിടെത്തന്നെയാണ് സംഭവിക്കുന്നത്. ശ്‌മശാനത്തിലെ കല്ലിൽ കൊത്തിയ കുരിശോ പേരും തീയതികളും രേഖപ്പെടുത്തിയ ഫലകമോ അല്ല ഓർമകളെ സ്ഥായിയായി നിർത്തുന്നത്. മറിച്ച്, ആ കുഴിയിൽനിന്ന് മുളച്ചുവരുന്ന ചെറി മരവും കുറ്റിച്ചെടികളും പുൽമേടുകളിലെ പുല്ലും അല്ലെങ്കിൽ അടുത്തുകൂടി പാഞ്ഞുപോകുന്ന പല്ലിയും മറ്റുമാണ് മണ്ണിനടിയിൽ വിശ്രമിക്കുന്ന വ്യക്തിയെ ഓർമിപ്പിക്കുന്നത്.
ജീവനുള്ളവയെ സംരക്ഷിച്ചും, ചെടികൾ വളരുന്നതും പൂക്കുന്നതും വാടുന്നതും നശിക്കുന്നതും ഏറ്റവും അടുത്തു കണ്ടുനിന്നുമാണ് ഒരു പൂന്തോട്ടക്കാരൻ തന്റെ ജീവിതം ചെലവഴിക്കുന്നത്. അനുഭവത്തിന്റെ സൂക്ഷ്മതലങ്ങൾ അദ്ദേഹം അങ്ങനെ ആർജിക്കുന്നു. മരിച്ചു മണ്ണായി തീരുന്ന കാലത്ത് പ്രകൃതി ഒരുക്കുന്ന കരുതലാണ് ശ്മാശാനത്തിന്റെ ജൈവികതാളം പ്രദാനം ചെയ്യുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നശ്വരമായ ഒരു ലോകത്ത് ക്രമം കൊണ്ടുവരാൻ ശ്രമിക്കുന്ന സാധാരണ മനുഷ്യനായാണ് ഉദ്യാനപാലകനായ അച്ഛനെ അവരോധിക്കുന്നത്. ഭൗതികമായ ഇടങ്ങളെ ഓർമകളുമായും ഭൂതകാലവുമായും ബന്ധിപ്പിക്കുന്ന വിധത്തിലാണ് നോവൽ മുന്നോട്ടുപോകുന്നത്. മനുഷ്യർ മരിച്ചാലും അവരുടെ അനുഭവങ്ങളെ അടയാളപ്പെടുത്താൻ കഴിയുന്ന ഒന്നായി ആ പൂന്തോട്ടം മാറുന്നു.
അച്ഛനെ കുറിച്ച് എഴുതുക എന്നത് ഒട്ടും എളുപ്പമല്ല എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ, കുട്ടിക്കാലത്തുടനീളം അമ്മയുമായുള്ള അദൃശ്യമായ പൊക്കിൾക്കൊടിബന്ധം നിലനിൽക്കുന്നതുകൊണ്ടാകാം ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അമ്മ എപ്പോഴും നമുക്കരികിലുണ്ട്. ഉച്ചഭക്ഷണം ഒരുക്കി കൊണ്ടും, അസുഖം വരുമ്പോൾ പരിചരിച്ചുകൊണ്ടും, നമ്മൾ ശ്വസിക്കുന്ന വായുപോലെ അവർ കൂടെത്തന്നെയാണെന്ന് നോവലിൽ പരാമർശിക്കുന്നു. അതേസമയം അച്ഛൻ തികച്ചും വ്യത്യസ്തമായൊരു സാന്നിധ്യമാണെന്നും പറയുന്നുണ്ട്.
അച്ഛൻ ഈ ലോകത്തുനിന്ന് പോയാൽ മകന്റെ ജീവിതം എന്താവും എന്ന ചോദ്യത്തിന്റെ ഉത്തരം എളുപ്പം പറയാൻ സാധിക്കില്ല. ഇതിനു സമാനമാണ് തോട്ടക്കാരൻ പോയിക്കഴിഞ്ഞാൽ വീടിനു മുന്നിലുള്ള പൂന്തോപ്പിന് എന്ത് സംഭവിക്കും എന്ന് ചോദിക്കുന്നത്. ഇക്കാര്യം നോവലിൽ ചർച്ചചെയ്യുന്നുമുണ്ട്. ചെറികളും ആപ്പിളും പിയറും പ്ലമ്മുമെല്ലാം പാകമായി താഴെ വീഴും... നടപ്പാതയിലേക്ക് പുല്ല് പടർന്നുകയറും. പൂന്തോട്ടക്കാരൻ ഇല്ലെങ്കിലും ആ ഉദ്യാനം സമൃദ്ധമായി വളരും. അദ്ദേഹം നട്ടുവളർത്തിയവ വളരുകയും ഫലം നൽകുകയും ചെയ്യും.
എന്നാൽ അതേസമയം ആവശ്യമില്ലാത്ത പല ചെടികളും വള്ളികളും മറ്റും അതിലേക്ക് കടന്നുകയറുകയും, കാലക്രമേണ കളകളും പുല്ലും എല്ലാം ആയിടത്തെ കീഴടക്കുകയും ചെയ്യും. ഒരുപക്ഷേ പെട്ടെന്നായിരിക്കില്ല അത് സംഭവിക്കുകയെങ്കിലും ആത്യന്തികമായി കാര്യങ്ങൾ അങ്ങനെ വരും. എന്നിരുന്നാലും ഒരു പ്രത്യേക തരത്തിൽ ആലോചിക്കുകയാണെങ്കിൽ, പൂന്തോട്ടക്കാർ നശ്വരരാണെങ്കിലും പൂന്തോപ്പ് അനശ്വരമാണ്. ആ ഒരു അർഥത്തിൽ ഭൗതികമായും മാനസികമായും ഒറ്റക്കായി പോകുന്ന മകന്റെ ജീവിതത്തിലും ക്രമമില്ലായ്മ കടന്നുവന്നേക്കാം.
പിതാവിന്റെ അഭാവം മക്കളുടെ ജീവിതത്തെ ഏതെല്ലാം വിധത്തിൽ മാറ്റിമറിക്കുന്നുവെന്ന പാഠംകൂടിയായി നോവൽ പരിണമിക്കുന്നു. ഏകാന്തതയും വേർപാടിന്റെ വേദനയും വിഷാദപർവമായി തീരുന്ന അവസ്ഥ ദാരുണമാണ്. അച്ഛനില്ലാതെ ജീവിക്കേണ്ടി വരുന്നവരുടെ ഓർമകൾകൊണ്ട് കൂടിയാണ് ഈ ലോകം നിലനിൽക്കുന്നത് എന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.