ആത്മഹത്യയെന്നോ ഋതുസംഹാരം എന്നോ പേരുള്ള ഒരു കവിത

ഗ്രീഷ്മം ഊറ്റിയെടുത്ത ജലത്തിന്റെ ഉടലോർമയിൽ അലോഷിയും അജന്യയും അവരുടെ ഇരിപ്പിന്റെ സൗന്ദര്യം ഒന്നുകൂടി മനോഹരമാക്കി. ചിത്രപ്പെടുന്നതിന്റെകൺകോണുകൾ സർപ്പദംശനംപോലെ നീലിച്ചു പടരണം അജന്യയുടെ കണ്ണുകൾഅലോഷിയുടെ ചുണ്ടുകളിൽനിന്ന് ഒരു പാട്ട് കറന്നെടുത്തു. നിറങ്ങൾ വേർതിരിച്ചെടുത്ത്വിരലുകൾകൊണ്ട് ഒരു ചിത്രം വരച്ചു... ചിത്രത്തിലെ ആൺകുട്ടിയുംപെൺകുട്ടിയും പരസ്പരം നോക്കിയിരുന്നു. അവർക്കിടയിൽഒരു സൂര്യൻ ചുവന്നിരിപ്പുണ്ടായിരുന്നു. പെൺകുട്ടിയുടെ വിരലുകൾപൊടുന്നനെ ആൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു അലോഷി അന്ധനായി.അജന്യയുടെ നഗ്നതയിൽഒരില കാറ്റിലകപ്പെട്ടപോലെ പാറി...

ഗ്രീഷ്മം 

ഊറ്റിയെടുത്ത ജലത്തിന്റെ 

ഉടലോർമയിൽ

അലോഷിയും അജന്യയും

അവരുടെ ഇരിപ്പിന്റെ സൗന്ദര്യം

ഒന്നുകൂടി മനോഹരമാക്കി.

ചിത്രപ്പെടുന്നതിന്റെ

കൺകോണുകൾ

സർപ്പദംശനംപോലെ

നീലിച്ചു പടരണം

അജന്യയുടെ കണ്ണുകൾ

അലോഷിയുടെ ചുണ്ടുകളിൽനിന്ന്

ഒരു പാട്ട് കറന്നെടുത്തു.

നിറങ്ങൾ വേർതിരിച്ചെടുത്ത്

വിരലുകൾകൊണ്ട്

ഒരു ചിത്രം വരച്ചു...

ചിത്രത്തിലെ ആൺകുട്ടിയും

പെൺകുട്ടിയും

പരസ്പരം നോക്കിയിരുന്നു.

അവർക്കിടയിൽ

ഒരു സൂര്യൻ 

ചുവന്നിരിപ്പുണ്ടായിരുന്നു.

പെൺകുട്ടിയുടെ വിരലുകൾ

പൊടുന്നനെ

ആൺകുട്ടിയുടെ കണ്ണുകൾ

ചൂഴ്ന്നെടുത്തു

അലോഷി അന്ധനായി.

അജന്യയുടെ നഗ്നതയിൽ

ഒരില

കാറ്റിലകപ്പെട്ടപോലെ

പാറി വന്ന് 

കെട്ടിപ്പിടിച്ചു.

ഇലഞരമ്പുകൾ

ഉടലിൽ

പതിഞ്ഞു കിടന്നു.

തെളിഞ്ഞുവന്ന ടാറ്റുവിൽ

ഹൃദയ ചിഹ്നങ്ങളെ തിന്നുന്ന

തേളുകൾ ഇഴഞ്ഞു നടന്നു

പ്രണയമിന്നലിൽ

പെൺകുട്ടി

ആൺകുട്ടിയുടെ ചെവി 

മുറിച്ചെടുത്തു

അലോഷി ബധിരനായി.

അജന്യ

അതിവേഗം എഡിറ്റ് ചെയ്ത

പാട്ടിൽ 

ശ്വാസനിശ്വാസങ്ങൾ

പൊട്ടിത്തെറിച്ചു

അടർന്നു വീണ

തില്ലാനയിൽ

ചുവടുവെച്ചു.

തബലയിൽ

അല്ലാരാഖ മഴ വായിച്ചു

മുളന്തണ്ടിൽ

ചൗരസ്യയും...

കാളിദാസവിരലുകൾ

വർഷമേഘങ്ങളിൽ

നഖമമർത്തിയപ്പോൾ

കടൽ

പൊട്ടിവീണു

ഋതുസംഹാരം

വാക്കുകൾ കൊഴിച്ച്

ശിശിരം 

പകർത്തിയെടുത്തു.

വസന്തം

പലവർണങ്ങളിൽ പൂത്തു.

ഹേമന്തം

തണുത്തു.

ഇടവേളയിൽ

ഒരു കഷണം വേനലെടുത്ത്

അലോഷി സിഗരറ്റ് കൊളുത്തി.

പുകപടർന്ന്

പെൺകുട്ടിയും ആൺകുട്ടിയും

സിഗരറ്റ് മണത്തിൽ

കാണാതായി.

ആത്മഹത്യക്ക്

തെര​െഞ്ഞടുത്ത

മൂന്നു വഴികളും

അലോഷിയും

അജന്യയും ഡിലീറ്റ് ചെയ്തു.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.