കെയ്റ്റ്ലിൻ സിയേലി​ന്റെ കവിതകൾ

1. ജീവിക്കുന്ന ഭൂമിയിൽ നമ്മൾ ഒന്നിച്ചായിരിക്കുന്ന ലോകത്തിൽനദികൾക്ക് പ്രാർഥിക്കുന്ന കൈകളുണ്ട്. കരയുന്നതെങ്ങനെയെന്ന് കിളികൾ പഠിച്ചിട്ടുണ്ട്. പുഴുക്കൾക്ക് ഹൃദയങ്ങളും കേന്ദ്രീകൃത നാഡീവ്യൂഹവുമുണ്ട്. ഇവിടെ എല്ലാം മനുഷ്യമയം.നമ്മുടെ മേൽക്കൂരയിൽ തങ്ങുന്നതിന്എട്ടുകാലികൾ വാടക തരുന്നു. വീഴ്ത്തപ്പെട്ട സഹോദരീസഹോദരന്മാരെക്കുറിച്ച് മരങ്ങൾ വംശഗീതങ്ങൾ പാടുന്നു. ഉറങ്ങാൻ അവയെ തൊട്ടിലാട്ടുന്ന, അവയുടെ സങ്കടങ്ങൾ ശമിപ്പിക്കുന്ന കാറ്റാണ് അവയുടെ 'അമ്മ. സാഗരത്തെക്കുറിച്ച് പാറകൾകവിതകളെഴുതുന്നു; പക്ഷേ, ഒരിക്കലുമവ ആ കവിതകൾ അവളെ കാണിക്കുന്നില്ല. കടലെടുപ്പിനെക്കുറിച്ച് അവ കരഞ്ഞുപറയുന്നു...

1. ജീവിക്കുന്ന ഭൂമിയിൽ

നമ്മൾ ഒന്നിച്ചായിരിക്കുന്ന ലോകത്തിൽ

നദികൾക്ക് പ്രാർഥിക്കുന്ന കൈകളുണ്ട്.

കരയുന്നതെങ്ങനെയെന്ന് കിളികൾ

പഠിച്ചിട്ടുണ്ട്.

പുഴുക്കൾക്ക് ഹൃദയങ്ങളും

കേന്ദ്രീകൃത നാഡീവ്യൂഹവുമുണ്ട്.

ഇവിടെ എല്ലാം മനുഷ്യമയം.

നമ്മുടെ മേൽക്കൂരയിൽ തങ്ങുന്നതിന്

എട്ടുകാലികൾ വാടക തരുന്നു.

വീഴ്ത്തപ്പെട്ട സഹോദരീസഹോദരന്മാരെക്കുറിച്ച്

മരങ്ങൾ വംശഗീതങ്ങൾ പാടുന്നു.

ഉറങ്ങാൻ അവയെ തൊട്ടിലാട്ടുന്ന,

അവയുടെ സങ്കടങ്ങൾ ശമിപ്പിക്കുന്ന

കാറ്റാണ് അവയുടെ 'അമ്മ.

സാഗരത്തെക്കുറിച്ച് പാറകൾ

കവിതകളെഴുതുന്നു;

പക്ഷേ, ഒരിക്കലുമവ ആ കവിതകൾ

അവളെ കാണിക്കുന്നില്ല.

കടലെടുപ്പിനെക്കുറിച്ച് അവ കരഞ്ഞുപറയുന്നു

പക്ഷേ, കയ്യിലൊതുക്കിയത്

തിരികെക്കൊടുക്കുന്നതെങ്ങനെയെന്ന്

അവൾക്കറിയില്ല.

നിലാവി​ന്റെ ചതഞ്ഞ മുഖത്തിനു മുന്നിൽ

ഞാൻ നിന്നെ ചുംബിക്കുന്നു.

അപ്പോളെനിക്കു കേൾക്കാം

അവളുടെ വെള്ളിത്തൊലിക്കു കീഴിൽ

രക്തം തളംകെട്ടുന്നതി​ന്റെയെത്തം.

ഇവിടെ നാണിക്കേണ്ടതായി ഒന്നുമില്ല.

പുല്ലുകൾ നമ്മുടെ ശരീരങ്ങൾക്കായി കെഞ്ചുന്നു;

നമ്മൾ വഴങ്ങുന്നു.

ചീവീടുകൾ അവയുടെ ഞാണുകൾ മുറുക്കുന്നു;

അവയുടെ സിംഫണികൾ ആരംഭിക്കുന്നു.

ഒരിക്കലും ഒറ്റക്കല്ല നമ്മൾ;

പക്ഷേ, സ്വതന്ത്രരാണു നാം.

ഭൂമിക്ക് ഒരു നാഡിമിടിപ്പുണ്ട്-

നമുക്ക് നഗ്നപാദങ്ങളാൽ പരിശോധിക്കാനാവുന്നത്.

ഉറഞ്ഞ കുമ്മായക്കൂട്ടുപോലും അത് മൂളുന്നു.

2. ശിൽപി

നി​ന്റെ താടിയെല്ലുകളുടെ ഭൂദൃശ്യങ്ങൾ

വരയ്ക്കാൻ,

നി​ന്റെ കവിളുകളിലൂടെ ഒഴുകുന്ന

നദികളെ കണ്ടെത്താൻ,

നി​ന്റെ തോളെല്ലുകളുടെ തടാകങ്ങളിലെ

തുരുത്തുകളിൽ ചരിഞ്ഞിറങ്ങാൻ,

എ​ന്റെ കൈകളെ നീയനുവദിച്ചാൽ

നി​ന്റെ കണ്ണുകളിൽ

എനിക്ക് ഈ ഭൂമിയിലെ നഗരങ്ങൾ

പണിയാൻ കഴിയും.

ഇതഭ്യസിക്കാൻ ഞാൻ വിദ്യാലയത്തിൽ

പോയിട്ടില്ല.

പക്ഷേ, നി​ന്റെ മുഖം കണ്ടപ്പോൾ

എ​ന്റെ അസ്ഥികളിൽ

വാസ്തുവിദ്യ ഉറഞ്ഞുറങ്ങുന്നോയെന്ന്;

നി​ന്റെ രൂപരേഖ അറിയാനാണോ

ഞാൻ ജനിച്ചതെന്ന്

അത്ഭുതത്തോടെ ഞാനോർത്തു.

3. മരങ്ങളെപ്പോലെ

മുത്തച്ഛൻ ജീവിച്ചു മരിക്കുന്നതു കണ്ട

മരങ്ങളുള്ള ഭൂമിയിൽ

ജ്വരബാധിതരെപ്പോലെ

നൃത്തംചെയ്യുന്നു, നമ്മൾ.

നി​ന്റെ കഴുത്തിൽ

ഞാൻ കൈകൾ വെക്കുന്നു

അപ്പോൾ, നി​ന്റെ നട്ടെല്ലി​ന്റെ അഗ്രഭാഗത്ത്

ജീവൻ തുടിക്കുന്നതെനിക്ക്

അനുഭവിക്കാനാകുന്നു.

നി​ന്റെ കൈമുട്ടി​ന്റെ വളവിലെ നാഡിയിൽ

ഞാൻ ചുണ്ടുകളമർത്തുന്നു.

നിന്നെ സ്നേഹിക്കാൻ

മരങ്ങൾക്കുള്ളതുപോലെ

എനിക്കില്ല, സമയമേറെ.

മറികടക്കുമ്പോഴുള്ള ഒരുരസൽകൊണ്ട്

നി​ന്റേതല്ല ആ സ്പർശമെന്ന്

തിരിച്ചറിയാനാവും വിധത്തിൽ

ഒരു ദശാബ്ദം

നി​ന്റെ കൈകളിൽ കഴിയണമെനിക്ക്

എനിക്കു ജീവിക്കണം,

ഒരു നൂറ്റാണ്ടു നി​ന്റെ വായിൽ-

നിനക്കരികിൽ ശ്വസിക്കുമ്പോൾ

നിന്നെ രുചിക്കാൻ കഴിയും വിധത്തിൽ.

വള്ളിപ്പന്നകളുടെയും

പായലുകളുടെയും

ജീവിക്കുന്നവയുടെയും

പ്രഹരിക്കുന്നവയുടെയും

ഈ ഭൂമിയിൽ

ആകാശം വികസിച്ച്

എനിക്കായൊരു മുറിയൊരുക്കുംവരെ

വളരണമെനിക്ക്.

തൊലിക്കടിയിലെ നദിയെയറിയുംപോലെ

എനിക്കറിയണം നിന്നെ.

നമ്മുടെ വേരുകൾ

ഈ ഭൂമിയെ കരയിക്കുന്നത്

എനിക്കനുഭവിക്കണം.

(മൊഴിമാറ്റം: പി.എസ്​. മനോജ്​ കുമാർ)

=============

കെയ്റ്റ്ലിൻ സിയേൽ

ന്യൂജേഴ്‌സിയിലെ ഒരു ചെറുപട്ടണത്തിൽ ജനിച്ചുവളർന്നു. 2011ൽ കവിതകൾ എഴുതാൻ തുടങ്ങി. റൂട്ഗേഴ്സ് സർവകലാശാലയിൽനിന്ന് ഫിലിം ആൻഡ് ജേണലിസത്തിൽ ബിരുദം കരസ്ഥമാക്കി. ‘What We Buried’ ആദ്യ കവിതാസമാഹാരം. ‘Crybaby’ എന്ന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമാൻഡ ഓക്സുമൊന്നിച്ച് ‘Literary Sexts: A Collection of Short & Sexy Love Poems’ പ്രസിദ്ധീകരിച്ചു)

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.