എല്ലാം പറഞ്ഞു കഴിഞ്ഞില്ല...

മഴ മേഘങ്ങൾ വഴി മാറിപ്പോകുന്ന

മണ്ണിടങ്ങളിലാണ്

മയിലുകളിപ്പോൾ പീലി വിടർത്തിയാടുന്നത്

വരൾച്ചയുടെ സന്ദേശ വാഹകരായി

ഭൂമിയുടെ മൃതിയിടങ്ങളിലേക്ക്

പറന്നെത്തുന്ന മയിലുകൾക്ക് കറുത്ത മണ്ണിന്റെ മണത്തിൽ ശാന്തിയോ?

നിറഞ്ഞൊഴുകിയ പുഴകളിന്ന്

മണൽപ്പാടങ്ങളായി

വെയിൽ മൂടിക്കിടക്കുന്നു.

കാണാക്കാഴ്ചകളായി മറഞ്ഞു പോകുന്ന നദികളുടെ ഹൃദയം പറയുന്നു

മാനവന്റെ മനസ്സുകളിലിനി

നിറഞ്ഞൊഴുകട്ടെ പുഴകളെന്ന്

സൂര്യന്റെ ക്രോധം ജ്വലിപ്പിച്ച കിരണങ്ങൾ

തുളച്ചു കയറിയ ആകാശത്തിന്റെ ശീതള ഹൃദയം വിതുമ്പുന്നു

ഓസോൺ , നീയൊരു കുടയായിരുന്നെന്ന്

മഞ്ഞെല്ലാം ഉരുകിയൊലിച്ചു പോയ

പാറക്കെട്ടുകൾ ചിരിക്കുന്നു

പ്രാണവായുവിലും വിഷമാണെന്ന്

മനുഷ്യന്റെ കുരുതിക്കളങ്ങളിൽ

വാരിയെറിയുന്ന മാലിന്യങ്ങൾ മാനവരാശിക്കു

നാശം വിതക്കുന്ന യുദ്ധങ്ങളാണെന്ന്

എല്ലാം പറഞ്ഞു കഴിഞ്ഞില്ല

സമരഭൂമിയിലെ ശബ്ദങ്ങളല്ലിത്

ആരും കേൾക്കാത്ത

ഭൂമിയുടെ നിലവിളികളാണ്

പ്രകൃതിയുടെ കണ്ണീർ വറ്റി

നിശ്ശബ്ദമായി തേങ്ങലുകൾ

ഇനി പതുങ്ങിയെത്തും യുദ്ധക്കെടുതികൾ

Tags:    
News Summary - Poem about Draught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.