കാലനില്ലാത്ത കാലത്തിലും കഷ്ടം റെബലില്ലാത്ത കാലം. ഇവിടെയുമുണ്ടായിരുന്നു റെബൽ അടിമുടി കമ്യൂവിയ*നല്ലെങ്കിലും; പുതു നാമം, പുതു ക്രിയ, പുതു മൂല്യകോശം, ഭാഷയുടെ സ്വാഭിമാന വൻകര. നീതിയുടെ സ്വപ്നത്തിണ. പറുദീസ വീണ്ടെടുക്കാൻ കലയേക്കാൾ ഉദാത്തമായ കലാപം. ഓർക്കാ ദിക്കിലെ മിന്നൽസുവിശേഷം. എവിടെ ആ ബോധകലാപം? യേശു ജോൻ ഓഫ് ആർക് വഴിയിൽ കുരിശിലേറ്റിയോ ജീവനോടെ ചുട്ടെരിച്ചോ റെബലിനെ ഡിലീറ്റ് ചെയ്തു? ഉയിർത്തെണീക്കാൻ സമ്മതിക്കാതെ ഇരുട്ട് മാന്തി...
കാലനില്ലാത്ത കാലത്തിലും കഷ്ടം
റെബലില്ലാത്ത കാലം.
ഇവിടെയുമുണ്ടായിരുന്നു റെബൽ
അടിമുടി കമ്യൂവിയ*നല്ലെങ്കിലും;
പുതു നാമം, പുതു ക്രിയ, പുതു മൂല്യകോശം,
ഭാഷയുടെ സ്വാഭിമാന വൻകര.
നീതിയുടെ സ്വപ്നത്തിണ.
പറുദീസ വീണ്ടെടുക്കാൻ
കലയേക്കാൾ ഉദാത്തമായ കലാപം.
ഓർക്കാ ദിക്കിലെ മിന്നൽസുവിശേഷം.
എവിടെ ആ ബോധകലാപം?
യേശു ജോൻ ഓഫ് ആർക് വഴിയിൽ
കുരിശിലേറ്റിയോ ജീവനോടെ ചുട്ടെരിച്ചോ
റെബലിനെ ഡിലീറ്റ് ചെയ്തു?
ഉയിർത്തെണീക്കാൻ സമ്മതിക്കാതെ
ഇരുട്ട് മാന്തി നായ്ക്കൾ
പുറത്തെടുത്ത ശേഷിപ്പുകളോ ഇന്ന്
ചീഞ്ഞ് ദുർഗന്ധമായ സുഗന്ധചരിത്രം?
അഴുകി രൂപംകെട്ട നൈതികോർജം?
നീതിമാതാ നിത്യം ബലാത്സംഗ ഇര. എന്നിട്ടും
അനക്കമില്ലാത്ത ക്ഷോഭവീര്യം?
കൊല്ലാം, തോൽപിക്കാനാവില്ലെന്നല്ലേ
റെബൽക്കീർത്തി, സർ?
കൊല്ലാലോ.
പദവിക്കൊമ്പത്തിരുത്താനായാൽ
സ്തുതിവിഷം കുടിപ്പിക്കാനായാൽ
കണ്ണിലിരുട്ടും
നാവിൽ മൗനവും നിറയ്ക്കാനായാൽ
കെടുത്താം റെബൽസ്വത്വം.
ഏത് റെബലിനേം പിന്നോട്ട് നടത്തി വീഴ്ത്താം
വിട്ടുവീഴ്ചയെന്ന മാരകവീഴ്ച.
മറ ചെയ്യാം ജഡകീർത്തിയിൽ
മറവിയുടെ പട്ടിൽ മാർബിളിൽ.
പദവിയും സ്തുതിയുമൊന്നും വേണ്ടാത്ത
റെബലെങ്കിലോ സർ?
പെരുമഴയുടെ പീരങ്കിയുണ്ട് മുക്കിക്കൊല്ലാം.
കേട്ടിട്ടില്ലേ, ജലം മൂലം മൃത്യു?
ചതിവഴിയിൽ കൊടുവാൾമൂർഖരുണ്ട്
കൊത്തിക്കാം.
നീലിച്ച് നിലച്ചോളും റെബൽ
ഏഴ് ചുവട് നടക്കും മുമ്പ്
ഏഴ് വാക്ക് പറയും മുമ്പ്.
അതുമല്ലെങ്കിൽ റെബലിനെ
വിളിക്കാം ചർച്ചക്ക്.
അക്കര ഇക്കരയിരുന്ന്
അക്കക്ഷി ഇക്കക്ഷി ബിസ്കറ്റ് തീറ്റിക്കാം.
പടമെടുപ്പിക്കാം.
കമീഷനെ വെച്ച് പറ്റിച്ച് വിടാം റെബലിനെ.
പറ്റിക്കലെത്രയുമാവാം ജനകീയ
പുതുനിയമത്തിൽ.
പറയാനെളുപ്പം സർ റെബലിനെ
അങ്ങനേം ഇങ്ങനേം എങ്ങനേം കൊല്ലാംന്ന്.
പിന്നീന്നോ മുന്നീന്നോ കൊല്ലാംന്ന്.
മേലേന്നോ താഴേന്നോ കൊല്ലാംന്ന്.
കൊല്ലാൻ ചെന്നവർ കണ്ടു,
ഒരാളല്ല റെബൽ, ഒരു സംഘമല്ല,
പ്രഭുസൈന്യമല്ല ചാവേർപ്പടയുമല്ല;
തൊഴിലെടുത്ത് തൊഴി സഹിച്ച്
തൊഴിലെടുത്ത് ചതി സഹിച്ച്
തഴമ്പുടുത്ത് തഴമ്പുടുത്ത്
താഴെ താഴെ താഴെ നിന്നുദിച്ച
നീതിചിന്ത പുതുറെബൽ.
ഒരു കണ്ണകിയല്ല, നൂറ് നൂറ് കണ്ണകിമാർ
രാജധാനി സമരധാനിയാക്കുന്നു സർ.
കൊല്ലാനാവില്ല,
തൊൽപിക്കാനാവില്ല
തൊടാനുമാവില്ലൊരു മൂർഖനുമാ റെബലിനെ.
---------------
*Albert Camus -The Rebel
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.