പുഴ കടക്കാനെത്തി വാക്മത്സരം കഴിഞ്ഞു മടങ്ങുന്ന നാലുപേർക്കൊപ്പം ഊമയും ബധിരനുമായൊരാൾ ഒഴുക്കും ആഴവുമുള്ള, എന്നാൽ അക്കരെപ്പറ്റാൻ പാലമോ വഞ്ചിയോ ഇല്ലാതെ നിവർന്നൊഴുകീ പുഴ ഈ പുഴ കടക്കുന്നതെങ്ങനെ പുഴയിൽ എത്ര വെള്ളമുണ്ട്? ആഴമെത്ര? ഒഴുക്കിന്റെ വേഗതയെത്ര? ഇതിൽ മനുഷ്യർ മുങ്ങിച്ചത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര പേർ? എത്ര മൃഗങ്ങൾ? എത്ര തവളകൾ? എത്ര മീനുകൾ?...
പുഴ കടക്കാനെത്തി
വാക്മത്സരം കഴിഞ്ഞു മടങ്ങുന്ന
നാലുപേർക്കൊപ്പം
ഊമയും ബധിരനുമായൊരാൾ
ഒഴുക്കും ആഴവുമുള്ള,
എന്നാൽ അക്കരെപ്പറ്റാൻ
പാലമോ വഞ്ചിയോ
ഇല്ലാതെ നിവർന്നൊഴുകീ പുഴ
ഈ പുഴ കടക്കുന്നതെങ്ങനെ
പുഴയിൽ എത്ര വെള്ളമുണ്ട്?
ആഴമെത്ര?
ഒഴുക്കിന്റെ വേഗതയെത്ര?
ഇതിൽ മനുഷ്യർ മുങ്ങിച്ചത്തിട്ടുണ്ടോ?
ഉണ്ടെങ്കിൽ എത്ര പേർ?
എത്ര മൃഗങ്ങൾ? എത്ര തവളകൾ?
എത്ര മീനുകൾ? എത്ര മുതലകൾ?
കണക്കുവച്ച് സംസാരിക്കണം
താർക്കികൻ എല്ലാവരോടുമായി പറഞ്ഞു...
‘‘ഡാറ്റയും ശാസ്ത്രവുംവച്ച്
വിശദമാക്കൂ’’
ശാസ്ത്ര പഠിതാവ് ഇടപെട്ടു പറഞ്ഞു.
‘‘തന്ത്രവും കുതന്ത്രവും കാട്ടി
പ്രഭാഷിക്കൂ’’
നിയമാനുസാരി പറഞ്ഞു
അപ്പോൾ
എന്തിനും മീതെ വിളങ്ങുന്ന
കമ്പോളരാജാ പറഞ്ഞു.
‘‘അതൊന്നും പോരാ
ദ്രവ്യഭാഷയിൽ പറയൂ
ഈ വെള്ളം കുപ്പിയിലാക്കിയാൽ
കുപ്പിയൊന്നിന് എത്രകിട്ടും?
ഇതുപോലുള്ള മാരണങ്ങൾ
പുഴ മലിനമാക്കുമ്പോൾ
നഷ്ടമെത്ര?
ഉത്തരം
യജമാന ഹിതാനുസാരിയായിരിക്കണം
അല്ലെങ്കിൽ
ഈ പുഴ
നമ്മളെ അക്കരെ കടക്കാൻ അനുവദിക്കില്ല.
ഓർമവേണം.’’
യജമാനൻ എന്നുകേട്ടതും
പൊടുന്നനെ നാലുപേരും
ഒറ്റനൂലിൽ ഒന്നായി
‘‘യജമാനഭാഷയേതെന്നു മറക്കരുത്
അതു മാത്രമേ ഇനി നമ്മൾ മൊഴിയാവൂ.
അതു മാത്രമേ ഓർക്കാവൂ
അതിൽ മാത്രമേ നമ്മുടെ ചിന്തയുടക്കാവൂ’’
നാലുപേരും ഒരേ സ്വരത്തിൽ യോജിപ്പായിപ്പറഞ്ഞു
നോക്കിനിൽക്കേ
വെള്ളത്തിന്റെ പൊക്കം
കൂടിക്കൂടി വന്നു.
മുതലകൾ ഒലിച്ചു വന്നു.
കൂട്ടിയ കണക്കുകൾ തെറ്റിച്ചുകൊണ്ട്
പുതിയതായി മനുഷ്യശവങ്ങൾ
പിറകേ വന്നു
പുഴയുടെ ആഴം കൂടിക്കൂടി വന്നു.
വെള്ളത്തിന്റെ അളവ്
യുക്തിവാദിയും ശാസ്ത്രവാദിയും
കൂട്ടിക്കിഴിച്ച ഘനയടിയിൽ
നിന്ന് പുറത്തായി
കര, പുഴ ദ്വന്ദ്വത്തിൽ
തട്ടിനിൽക്കാതെ,
ഒഴുക്കു നിർത്താതെ, പുഴ.
ഊമയോ
ആ വഴി ഒഴുകിവന്ന,
ഹൃദയം ചോദിക്കാത്ത,
പഞ്ചതന്ത്രകഥ അറിയാത്ത
ഒരു മുതല പുറത്തേക്കു കയറി.
അത് അയാളെ പുഴ കടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.