ഞങ്ങളുടെ വീടിന്റെ
മുമ്പിലൂടെയായിരുന്നു
ആനന്ദേട്ടന്റെ നടത്തം.
–കിഴക്കുനിന്ന് പടിഞ്ഞാട്ട്
പിന്നെ തെക്കോട്ട്
തെക്കുനിന്ന് വടക്കോട്ട്
പിന്നെ കിഴക്കോട്ട്–
ഒരേ താളത്തിൽ ചലിക്കുന്ന
പേടിയുടെ പെൻഡുലം
സൂക്ഷിച്ചു നോക്കിയാൽ തെളിഞ്ഞുവരും
ചരലിൽ പതിയുന്ന കാലുകൾ
വായുവിലെറിയുന്ന കൈകൾ
ഒരേ ദിശയിൽ തറയ്ക്കുന്ന കണ്ണുകൾ
ചുണ്ടുകളിലെ മിന്നലാട്ടം.
സമയത്തിന്റെ അതിർത്തികൾ
തകർത്തതുകൊണ്ടാവാം
രാവിലെ, ഉച്ച, വൈകുന്നേരം, രാത്രി...
എന്നിങ്ങനെ
കാലത്തെ മുറിക്കുന്നതൊന്നും
ആനന്ദേട്ടനെ ബാധിച്ചിരുന്നില്ല.
ഓരോ വീടിന്റെയും ജന്മരഹസ്യങ്ങളിൽ
ആനന്ദേട്ടനുണ്ടാവും
‘താമസമെന്തേ വരുവാൻ’ പാടി
ശാന്തേട്ത്തിയുടെ വീടിനു മുമ്പിൽ
തറഞ്ഞു നിൽക്കും.
‘ചില്ലി മുളങ്കാടുകളിൽ’ പാടി
ടീച്ചറുടെ വീട്ടുമുറ്റത്ത് തുള്ളിക്കളിക്കും.
‘കഭി... കഭി... മേരേ ദിൽ മേം’ പാടി
ആയിഷാത്തയുടെ വീട് താജ്മഹലാക്കും.
മരണത്തിൽനിന്ന്
ജനനത്തിലേക്കെന്നപോലെ
ആനന്ദേട്ടനെപ്പോഴും
പാട്ടിന്റെ അവസാന വരിയിൽ തുടങ്ങി.
പല്ലവിയിൽ പടരുമ്പോൾ
ചിലപ്പോൾ തലകുത്തി നിന്നു.
കണ്ണിൽപെടുന്നതെല്ലാം കോർത്തെടുത്ത്
ആകാശത്ത് നിർത്തി.
ഒരിക്കൽ
ശരീരം മുഴുവൻ ചില്ലകൾ വളർന്ന്
ഇലകൾ നിറഞ്ഞ്
ഒറ്റ മരക്കാടായി
കാട്... കാട്... എന്നുറക്കെ പറഞ്ഞ്
ആനന്ദേട്ടൻ പാഞ്ഞു വന്നു.
ഇടവഴിയുടെ
ഇരുകരയിലും ജീവികൾ
എഴുന്നേറ്റു നിന്നു.
പാമ്പും കീരിയും ഉറുമ്പും പെരുച്ചാഴിയും
പഴുതാരയും തവളയും... നിരന്നുനിന്നു.
ആളുകൾ ഓടിമറഞ്ഞു.
‘കാടിന് ഞാനെന്തു പേരിടും?’ എന്നു ചോദിച്ച്
ആനന്ദേട്ടൻ ഡി. വിനയചന്ദ്രനായി.
നാട് കാടാകുന്നതിന്റെ ജാലവിദ്യയിൽ
വായുവിൽ ചതുരം വരച്ചു.
കവിത ചൊല്ലി.
മഴയും വെയിലും കുടിച്ചു.
തെറ്റിയ താളങ്ങളിൽ തായം കളിച്ചു.
കളങ്ങൾ മായ്ച്ച്, കരുക്കൾ തകർത്ത്
നിയമങ്ങൾ തെറ്റിച്ചു.
പതുക്കെ... പതുക്കെ
ആനന്ദേട്ടൻ
വസ്ത്രങ്ങളുപേക്ഷിക്കാൻ തുടങ്ങി;
പാട്ടുകളും.
അനാഥമായ വരികൾ
വേലിപ്പടർപ്പുകളിൽ കുരുങ്ങിക്കിടന്നു.
കൂട്ടുകാരായ കാട്ടുജീവികളുടെയും
കിളികളുടെയും എണ്ണം കൂടി.
കാട്ടുമണം ശ്വസിച്ച് നാട് വിയർത്തു.
പേടി പെരുകി.
നാട്ടുവഴി കാട്ടുവഴിയായി
വഴി മുട്ടിയ നാട്ടുകാർ
ഭ്രാന്തൻ ആനന്ദനെ പിടിച്ചുകെട്ടി.
ജെ.സി.ബിയുടെ തുമ്പിക്കൈ
ഇടവഴി കോരിയെടുത്തപ്പോൾ
‘നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ’യെന്ന്
ആനന്ദേട്ടൻ കടമ്മനിട്ടയായി.
കവിത വീണ്ടും പെയ്തിറങ്ങി.
പാട്ടുകൾക്ക് തീ പിടിച്ചു.
പൊറുതിമുട്ടിയ ആരോ
ആനന്ദേട്ടന്റെ വായിൽ മണ്ണുനിറച്ചു.
പുതിയതൊന്നും വായിക്കാറില്ല
‘ഹിമാറെ’ന്ന് കളിയാക്കി.
കടമ്മനിട്ടയിലും വിനയചന്ദ്രനിലും
കെട്ടിക്കിടക്കുകയാണെന്ന് കുറ്റപ്പെടുത്തി.
മാന്തിയെടുത്ത കുഴിയിലേക്ക്
തള്ളിയിട്ടപ്പോൾ
കിളികൾ ആനന്ദേട്ടനെ പൊതിഞ്ഞു.
മരങ്ങൾ വേരുകൾ നീട്ടി.
ചില്ലകൾ മുഷ്ടി ചുരുട്ടി...
ഭൂമിയുടെ അവകാശികൾ
പൊരുതി തോൽക്കുന്നതിന്റെ
ചിത്രങ്ങളിൽ
ബുൾഡോസറുകൾ കയറിയിറങ്ങി.
അവസാന ശ്വാസവും നിലച്ചപ്പോൾ
ഇടവഴി ഇല്ലാതായി;
ആനന്ദേട്ടനും.
വേലികൾക്കു പകരം മതിലുകളുയർന്നു
മതിലുകൾക്കിടയിൽ ടാറിട്ട റോഡും.
വാഹനങ്ങൾ കടന്നുപോകുമ്പോൾ
ഭൂമിക്കടിയിൽ
ഒരേ താളത്തിൽ മുഴങ്ങുന്നത് കേൾക്കാം
പേടിയുടെ പെൻഡുലം.
–കിഴക്കുനിന്ന് പടിഞ്ഞാട്ട്
പിന്നെ തെക്കോട്ട്
തെക്കുനിന്ന് വടക്കോട്ട്
പിന്നെ കിഴക്കോട്ട്–
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.