ഇല്ല, തിരികെ നീ വരണമെന്നില്ല
ഇല്ല, വിരഹമിതു തീരണമെന്നില്ല
ഇല്ലിനിയുമാ ഗാനം ഞാൻ
പാടണമെന്നില്ല
ഇല്ലില്ല പഴയപോൽ പാടിയാലും നീ
യകലെയും കേൾക്കണമെന്നുമില്ല
ഒന്നിച്ചൊരുപാട് പറന്നൊരാകാശം
കൊണ്ട മഴകൾ കണ്ട വേനലുകൾ
താണ്ടിയ ചുഴലികൾ മഞ്ഞുകാലങ്ങൾ
നോക്കിയിരിക്കെ തെളിഞ്ഞിടും മാരിവിൽ
മേഘത്തോട്ടിൽ മുങ്ങാംകുഴിയിടും ചന്ദ്രൻ
കറുത്ത വാവിലെ നക്ഷത്രവസന്തം
വെളുത്തവാവിൽ വെളിപ്പെടും പാതിരാ
ഉത്സവദിക്കിൽ മാനം ഉദ്യാനമാകുന്നു
അമിട്ടുകൾ ആകാശപ്പൂക്കളാകുന്നു
നൂലുപൊട്ടിയെത്തുന്ന പട്ടങ്ങൾ
ഞാലിയിൽ തോരണങ്ങളാകുന്നു
ഇഷ്ടങ്ങളൊന്നുമേ
യൊന്നിച്ചു കാണുവാൻ
നീയൊപ്പമില്ലാതെയായി, എങ്ങു
മൊറ്റയാണൊറ്റയാ
ണൊറ്റയാണിന്നു ഞാൻ, ഇ
ന്നൊറ്റയാണൊറ്റയാ
ണൊറ്റയാണെങ്ങും ഞാൻ
ഒരുമിച്ചു ചാലിച്ച
കിഴക്കൻ ചോപ്പുകൾ
ഒരുമിച്ചു പാടി
വെളുപ്പിച്ച പുലരികൾ
ഒരുമിച്ചിളം വെയിൽ
കാഞ്ഞ വേലികൾ
എരിവെയിലിലൊന്നിച്ചു
കതിരുണ്ടോരുച്ചകൾ
പന്തയത്തിൽ പാറിയ
പടിഞ്ഞാറൻ സന്ധ്യകൾ
ഒരുമിച്ചേ ചേക്കേറും
അന്തിക്കൂരാപ്പുകൾ,
ചേർന്നു മെടഞ്ഞതാം
തൂക്കനാംകൂടും
ഇഷ്ടങ്ങളൊന്നുമേ
യൊന്നിച്ചറിഞ്ഞിടാൻ, നീ
യൊപ്പമില്ലാതെയായി
എങ്ങുമൊറ്റയാണൊറ്റയാ
ണൊറ്റയാണിന്നു ഞാൻ
ഇന്നൊറ്റയാണൊറ്റയാ
ണൊറ്റയാണെങ്ങും ഞാൻ
മാവുപൂക്കുന്നു
ഒന്നിച്ചു നുണഞ്ഞ
മാമ്പഴച്ചാറിൻ കാലമെത്തുന്നു
പേര പൂക്കുന്നു, പേരു ചോദിച്ചു നാം
തമ്മിലടുത്തോരാമരം കായ്ക്കുന്നു
ചാമ്പ കായ്ക്കുന്നു
തുടുത്തതു പാകമാകുന്നു
പ്ലാവു കായ്ക്കുന്നു, ചൊള മണക്കുന്നു
ഓമമണ്ടകൾ കായ്കളാൽ കവിയുന്നു
കശുമാങ്ങ ചോന്നോ
മഞ്ഞിച്ചോ പഴുക്കുന്നു
ഞാലിപ്പൂവൻ, കൂമ്പില്ലാക്കണ്ണൻ
നാട്ടിൽ വാഴകൾ കുലച്ചു വിളയുന്നു
ഇഷ്ടങ്ങളൊന്നുമേ
ചേർന്നു രുചിക്കുവാൻ
നീയൊപ്പമില്ലാതെയായി
എങ്ങുമൊറ്റയാണൊറ്റയാ
ണൊറ്റയാണിന്നു ഞാൻ
ഇന്നൊറ്റയാണൊറ്റയാ
ണൊറ്റയാണെങ്ങും ഞാൻ
ഇന്നലെ രാവിൽ
ഇലഞ്ഞി മണത്തു
മിനിയാന്നിരുട്ടത്തു
പാല മണത്തു, പാരിജാതമി
ന്നെങ്ങോ വിടർന്നു
അകലെ മുല്ല പിച്ചി ചെമ്പകം
നിശാഗന്ധികൾ വിടരുന്നു
കാറ്റിലാ മണങ്ങൾ ജാഥയായെത്തുന്നു
മാറിമാറിയാ മണമരങ്ങളിൽ
ചാരി നമ്മൾ മയങ്ങിയതോർക്കുന്നു
ഇഷ്ടങ്ങളൊന്നുമേ
ചേർന്നു മണത്തിടാൻ
നീയൊപ്പമില്ലാതെയായി
എങ്ങുമൊറ്റയാണൊറ്റയാ
ണൊറ്റയാണിന്നു ഞാൻ
ഇന്നൊറ്റയാണൊറ്റയാ
ണൊറ്റയാണെങ്ങും ഞാൻ
ഇല്ലില്ല, തിരികെ നീ
വരണമെന്നില്ല
ഇല്ലില്ല, വിരഹമിതു
തീരണമെന്നില്ല
ഇല്ലിനിയുമാഗാനം ഞാൻ
പാടണമെന്നില്ല
ഇല്ലില്ല പഴയപോൽ പാടിയാലും നീ
യകലെയും കേൾക്കണമെന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.