​പെണ്ണില്ലായ്കയുടെ പ്രയോജനങ്ങൾ -കവിത

വീട്ടിലൊരു

പെണ്‍കൂട്ടില്ലാത്തതാണെളുപ്പം.

എന്നും ചപ്പാത്തിയോ

കുത്തരിക്കഞ്ഞിയോ വെച്ചാല്‍ മതി.

തേങ്ങക്കൊത്തിരിക്കൂടെ മൂക്കട്ടെ,

രണ്ടു ചൊള ചെറിയുള്ളി

തോലുപോക്കിയെടുക്ക്,

നാലു കാന്താരിമുളകു പറിച്ചോണ്ടുവാ

എന്നൊക്കെ മുത്തശ്ശി പഠിപ്പിച്ച,

ശ്വാസം മുട്ടിക്കുന്ന

കറിക്കൂട്ടു രഹസ്യങ്ങളുമായി

ആരും പിന്നാലെ വരില്ല.

കുഞ്ഞമ്മിണിയുടെ കല്യാണമാണ്;

പുടവ വാങ്ങിക്കൊടുക്കണം,

നാത്തൂന്റെ മോള്‍ടെമോള്‍ടെ

പാലുകുടിയാണ്;

ഒരു കുഞ്ഞുമിന്നിയിടീക്കണം,

ഇടവടലത്തെ

വല്യമ്മായി കിടപ്പിലാണ്;

ഒന്നുപോയി നോക്കണേ

എന്നാരും

ഉത്തരവാദിത്തബോധക്കനം

തലയില്‍ക്കമിഴ്ത്തില്ല.

കിടക്കത്തുണി പതിവായലക്കണ്ട.

അടുക്കളയും കോലയും

നിത്യവും അടിച്ചു വാരണ്ട,

തുടയ്‌ക്കേണ്ട.

മാറാല തട്ട്,

അടുക്കിപ്പെറുക്കിവെക്ക്​,

പാത്രങ്ങളിത്തിരിക്കൂടി

നന്നായി കഴുകിക്കൂടേ

എന്നാരും ​സ്വൈര്യം കെടുത്തില്ല.

അടുപ്പില്‍ ശ്രദ്ധിക്ക്

അടി കരിഞ്ഞുപോകുമെന്നാരും

തലക്കു കൊട്ടില്ല.

പോയി ക്ഷൗരം ചെയ്തിട്ടു വാ,

ചെന്നു മുടിവെട്ടിക്ക്

എന്നൊരാളും കണ്ണുരുട്ടില്ല.

ഒറ്റക്കുപ്പായവും മുണ്ടും മതി,

ഇതെന്തൊരു കോലം എന്നാരും

കണ്ണാടിക്കു മുന്നില്‍ നിര്‍ത്തില്ല.

ഒരു പെഗ്ഗ്

രണ്ടു പെഗ്ഗ്

മൂന്ന്

നാല് എന്ന്

അന്തമില്ലാതെ മുങ്ങിമുങ്ങിപ്പോകാം.

ആരും കുപ്പിയെടുത്തു മാറ്റില്ല.

പിന്തിരിഞ്ഞു നോക്കാതെ മരിക്കാം.

ആരും തിരികെ വിളിക്കില്ല.

Tags:    
News Summary - malayalam poem -madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.