ഉടലുതുന്നിക്കെട്ടി-
യസ്ഥികൾ പിടിച്ചിട്ടു
പിടയും ജീവൻ താങ്ങി
ഗസ്സയിൽ നീ നിൽക്കുന്നു.
നീയെന്റെ സുഹൃത്താണു
ഞാനതിലാഹ്ലാദിപ്പൂ
മനുഷ്യർ വീഴുന്നിട-
ത്തൊക്കെ നീയെത്തുന്നല്ലോ.
പ്രളയമുരുൾപൊട്ടൽ
യുദ്ധങ്ങൾ ഭൂകമ്പങ്ങൾ
കെടുതി മനുഷ്യരെ
വിഴുങ്ങുന്നിടത്തെല്ലാം
ഹൃദയം സമർപ്പിച്ചു
കൈത്താങ്ങും മരുന്നുമായ്
അതിരില്ലാത്ത സ്വാന്തം
പകരും കൈപ്പുണ്യം നീ
ശത്രുമിത്രങ്ങൾ ജാതി
മതഭേദങ്ങളില്ലാ
ഏവരുമൊരു ജാതി
നിനക്കു ധ്യാനം ജീവൻ
വിദഗ്ധൻ അസ്ഥിരോഗ-
ചികിത്സയ്ക്കെന്നാൽക്കൊടും
യുദ്ധഭൂമിയിലെന്തും
കൈയേൽക്കും പ്രാഗല്ഭ്യം നീ
പേറ്റുനോവിനാലന്തം
വിട്ടുതേങ്ങിയ പെണ്ണിൻ
കുഞ്ഞിനെ; അവളെയും
രക്ഷിച്ച കരങ്ങൾ നീ
അങ്ങനെത്രയോ, അന്തർ-
വൈജ്ഞാനികങ്ങ,ളന്ത-
സ്സന്നിവേശങ്ങൾ ജൈവ
താളത്തിൻ ചാതുര്യങ്ങൾ
ഒടുവിൽ കണ്ടപ്പോൾ നീ
പറഞ്ഞതോർക്കുന്നു ഞാൻ:
‘‘യുദ്ധവെറിതൻ ഭ്രാന്തു
ഭൂമിയെയില്ലാതാക്കും!’’
നിനക്കു വാരിക്കൂട്ടാം
ഫൈവ് സ്റ്റാറിൻ നിലകളിൽ
മണിക്കൂർ നോക്കിപ്പണം
ജീവന്റെ മിടിപ്പെണ്ണി.
ആണ്ടിലായൊന്നോ രണ്ടോ
ടൂറിസ്റ്റു രാജ്യങ്ങളിൽ
യാത്ര, വില്ലകൾ ഫ്ലാറ്റും
കാറുകൾ ‘വിദഗ്ധൻ’ നീ
അങ്ങനെയായുഷ്കാലം
വിദഗ്ധപ്പട്ടത്തിന്മേൽ
പേരെടുത്തിടാം പണം
കൂട്ടിടാം ‘പൊളി’ച്ചിടാം
നിന്നെപ്പോലലിവുള്ളോർ
പലതാമിടങ്ങളിൽ
അന്യനെ താനെന്നെണ്ണി
താങ്ങാകുന്നതു കാൺകെ
ഒന്നെന്നു തോന്നീടുമോ
മാനുഷർ? അതിർത്തികൾ?
ഛിദ്രത്വ, മീ ഭൂമിയെ
ചീന്താതെ കാത്തീടുമോ?
=============
(ലോകത്തെമ്പാടുമുള്ള ദുരന്തമേഖലയിൽ വൈദ്യസേവനം നൽകുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയിലെ ഡോ. സന്തോഷ് കുമാർ എസ്.എസ്, ഗസ്സയിൽ നടത്തുന്ന ചികിത്സാചിത്രം എഫ്.ബിയിൽ കണ്ടപ്പോൾ എഴുതിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽനിന്ന് അവധിയെടുത്താണ് ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകുന്നത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.