03 ജലവ്യാഘ്രംഹിന്ദുസ്ഥാനിലേക്ക് ആദ്യമായി പട നയിക്കുന്ന കാലത്ത് ആരുമറിയാതെ നദി കടക്കേണ്ടതിനെപ്പറ്റി തന്ത്രങ്ങൾ മെനഞ്ഞ് തീരത്തു തമ്പടിച്ചു കൂടുമ്പോഴാണ് ഒരു സന്ധ്യക്ക് ബാബർ അതിനെ പരിചയപ്പെട്ടത് അതിന്റെ ചലനങ്ങൾ ഏറെനേരം നോക്കിനിന്നു. പിന്നീട് മകൻ ഹുമയൂണിനെ വിളിച്ചു. വളർന്നു തുടങ്ങിയ താടിമീശകൾ ജീവിതത്തിലാദ്യമായി വെട്ടിയൊതുക്കാൻ തുടങ്ങുകയായിരുന്നു പയ്യൻ. കത്തി താഴെ വച്ച് ഓടിവന്ന മകനോട് നിശ്ശബ്ദനാവാൻ ആംഗ്യം കാട്ടി ബാബർ പതുക്കെ പറഞ്ഞു: ‘‘നോക്ക്’’ വെള്ളത്തിൽ കടും നിഴലുപോലെ ഒരു നെടുങ്കൻ ജീവി. മീനല്ല. മേലാസകലം കനത്ത വരയും കുത്തും പുള്ളികളും. ഏറെക്കാലം വെള്ളത്തിൽ...
03 ജലവ്യാഘ്രം
ഹിന്ദുസ്ഥാനിലേക്ക്
ആദ്യമായി പട നയിക്കുന്ന കാലത്ത്
ആരുമറിയാതെ
നദി കടക്കേണ്ടതിനെപ്പറ്റി
തന്ത്രങ്ങൾ മെനഞ്ഞ്
തീരത്തു തമ്പടിച്ചു കൂടുമ്പോഴാണ്
ഒരു സന്ധ്യക്ക്
ബാബർ
അതിനെ പരിചയപ്പെട്ടത്
അതിന്റെ ചലനങ്ങൾ
ഏറെനേരം നോക്കിനിന്നു.
പിന്നീട് മകൻ ഹുമയൂണിനെ വിളിച്ചു.
വളർന്നു തുടങ്ങിയ താടിമീശകൾ
ജീവിതത്തിലാദ്യമായി
വെട്ടിയൊതുക്കാൻ തുടങ്ങുകയായിരുന്നു
പയ്യൻ.
കത്തി താഴെ വച്ച്
ഓടിവന്ന മകനോട്
നിശ്ശബ്ദനാവാൻ ആംഗ്യം കാട്ടി
ബാബർ പതുക്കെ പറഞ്ഞു:
‘‘നോക്ക്’’
വെള്ളത്തിൽ
കടും നിഴലുപോലെ
ഒരു നെടുങ്കൻ ജീവി.
മീനല്ല.
മേലാസകലം
കനത്ത വരയും കുത്തും പുള്ളികളും.
ഏറെക്കാലം വെള്ളത്തിൽ കിടന്നാവാം
നിറം ഒലിച്ചുപോയത്.
എങ്കിലും
ഇരയെ പിടിക്കാൻ വായ പിളർത്തി
ജലപ്പരപ്പിൽ
വാലിട്ടടിച്ചു കുതിച്ചു ചാടുമ്പോൾ
ഫർഗാനയിലെ കാടുകളിൽ വെച്ചു
മുഖാമുഖം കണ്ട
വരയൻ കടുവ തന്നെ.
കാലുകൾ
വെള്ളത്തിൽ നീന്താൻ പാകത്തിന്
കുറുകിപ്പോയി എന്നു മാത്രം
താൻ അതുവരെ കണ്ടിട്ടില്ലാത്ത
ഒരു കരിങ്കോട്ടക്കു ചുറ്റുമുള്ള കിടങ്ങിലൂടെ
നീലവെള്ളത്തിൽ
കരിവരയൻ സ്വർണക്കടുവകൾ കുതിച്ചുപായുന്നത്
അന്നു രാത്രി
ബാബർ കിനാവു കണ്ടു
തന്റെയച്ഛൻ ഹുമയൂൺ
ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ലാത്ത
ആ വാക്ക്
മുത്തച്ഛന്റെ ഓർമച്ചുരുളുകളിൽനിന്നു
ചുരണ്ടിയെടുത്ത്
ഓർത്തോർത്തു രസിച്ച അക്ബർ
മുതലയെ വരച്ചു കാണിച്ച ചിത്രകാരൻ
മൻസൂറിനോട്
ഇങ്ങനെ പറഞ്ഞു:
‘‘കൊള്ളാം, ഇതു മുതല...
ഇനി ഒരു ജലവ്യാഘ്രത്തെ വരക്കൂ...’’
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.