ഇശ്ഖിന്റെ ചരട് കെട്ടുമ്പോള്‍ ഇറങ്ങിയോടുന്ന ചേട്ടകള്‍

ചെമ്പിച്ച വെയില്‍ എഴുന്നള്ളിയ പകല്‍, പുരയോട്ടില്‍ മുള്ളി ചീറ്റുന്ന മഴ, കുറുക്കന്റെ താലികെട്ടല്‍. ഇത്താന്റെ വളയിട്ട് തട്ടം ചിറ്റി നോക്കി വെള്ളി പാദസരങ്ങളെ പാകം നോക്കുന്നു, വടക്കേ മുറിയിലൊരു പതിന്നാലുകാരന്‍. മൂന്ന് പെങ്കുട്ട്യോളെ പെറ്റ ശേഷം സ്വർഗം സ്വപ്നം കണ്ടുറങ്ങിയ ഉമ്മാക്ക്, ഒടൂലെ നേര്‍ച്ച കൊടുത്തുണ്ടായോന്, അവറാന്‍, സുന്നത്ത് കല്യാണം കഴിച്ചോന്‍. ആങ്കുട്ടിയോളെ കളികളിലൊന്നും ഏര്‍പ്പെടാതെ പെണ്‍ങ്കുട്ടിയോള്‍ക്കൊപ്പം കുത്തിപ്പെരയിലെ അടക്കളയിലവന്‍ ചോറ് വേവിച്ചു. കറി വെച്ചു. വെച്ചും കൂട്ടാനും വിളമ്പി. നാട്ടിലെ കാരണവന്മാരുടെ കണ്ണുകളവനെ പറ്റിപ്പിടിച്ചോണ്ടിരുന്നു. പെണ്ണ്...

ചെമ്പിച്ച വെയില്‍

എഴുന്നള്ളിയ പകല്‍,

പുരയോട്ടില്‍

മുള്ളി ചീറ്റുന്ന മഴ,

കുറുക്കന്റെ താലികെട്ടല്‍.

ഇത്താന്റെ വളയിട്ട്

തട്ടം ചിറ്റി നോക്കി

വെള്ളി പാദസരങ്ങളെ

പാകം നോക്കുന്നു,

വടക്കേ മുറിയിലൊരു

പതിന്നാലുകാരന്‍.

മൂന്ന് പെങ്കുട്ട്യോളെ

പെറ്റ ശേഷം

സ്വർഗം സ്വപ്നം

കണ്ടുറങ്ങിയ ഉമ്മാക്ക്,

ഒടൂലെ നേര്‍ച്ച

കൊടുത്തുണ്ടായോന്,

അവറാന്‍,

സുന്നത്ത് കല്യാണം

കഴിച്ചോന്‍.

ആങ്കുട്ടിയോളെ

കളികളിലൊന്നും

ഏര്‍പ്പെടാതെ

പെണ്‍ങ്കുട്ടിയോള്‍ക്കൊപ്പം

കുത്തിപ്പെരയിലെ

അടക്കളയിലവന്‍

ചോറ് വേവിച്ചു.

കറി വെച്ചു.

വെച്ചും കൂട്ടാനും വിളമ്പി.

നാട്ടിലെ കാരണവന്മാരുടെ

കണ്ണുകളവനെ

പറ്റിപ്പിടിച്ചോണ്ടിരുന്നു.

പെണ്ണ് കമ്പം

കേറിയോനെ,

പെണ്ണവറാനേ

പെണ്‍ങ്കൂസനേ,

ഏറിവരുന്ന

വിളിയാളങ്ങള്‍

ഉമ്മാനെ വേദനിപ്പിച്ചു,

തഹജ്ജുദിലെ കണ്ണുകള്‍

കോരീട്ടും കോരീട്ടും

തീരാത്ത കണ്ണീരിന്റെ

ഉപ്പുകിണറുകളായി.

ചന്ദ്രപ്പൂളിനെ

മിന്നാമിനുങ്ങുകള്‍

ഉമ്മവെച്ച് കളിക്കുന്ന

പന്ത്രണ്ടിന്റെ രാത്രി.

കുണ്ടൂരിലേക്ക്

തിരക്കിട്ടോടുന്ന

‘മഹബുബാ(യ)’ക്കാന്റെ

അല്‍ അമീന്‍ ബസ്.

പിറകിലുള്ള സീറ്റില്‍

ഓനുമുപ്പയും

ഇരുത്തത്തിന് വേരുറപ്പിച്ചു.

മഖാമിലെ,

തീരാതെ നീളുന്ന

ബുര്‍ദയിലവര്‍

അലിഞ്ഞോണ്ടിരുന്നു.

ഖല്‍ബ് മദീനത്തേക്ക്

ഹിജ്‌റ പോയി.

ശ്ഫീ ശ്ഫീ ശ്ഫീന്നൂതി

അലിമൊല്ലന്ന്

‘ഇശ്ഖിന്റെ’

വെളുത്ത ചരട്

അവറാന്

കെട്ടിക്കൊടുത്തു.

സകലമാന

പെണ്ണുച്ചേട്ടകളും

ഇറങ്ങിയോടി.

മദീനത്തെ തെന്നല്

വന്ന് കെട്ടിപ്പിടിച്ചു.

അന്ന് മുതലോനെ,

വീട്ടുകാരും നാട്ടുകാരും

വിളിച്ചോണ്ടിര്ന്നു:

‘‘ഇഷ്‌ഖേ, ഇഷ്‌ഖേ,

ആഷിഖേന്ന്.’’


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.