മറന്നൂ നിൻ പേരു ഞാൻ
മറന്നൂ നിൻ നോട്ടവും ചിരികളും
മറന്നുനിൻ വീട്ടിലേക്കുള്ള വഴിയും വരമ്പും
കലുങ്കും കൈതയും മീനോടും കൈത്തോടും
തൊടിയും തണൽ മാവു, മൂഞ്ഞാലും
മുറ്റവും മുറിയും അതിൻ ഭിത്തിമേൽ
ചില്ലിട്ടുതൂക്കിയ നമ്മുടെ പത്തിലെ ചിത്രവും
വക്കി,ലെൻ പേരും നീ വാശിയിലെഴുതിച്ച
ചോറ്റുപാത്രവും കഞ്ഞിപ്പിഞ്ഞാണവും
രാവെത്ര വൈകിലും എനിക്കായൊരുതവി
യത്താഴമിരുന്നോരടുപ്പും അടുക്കളയും
മറന്നൂ ഞാനെൻ പഴയ ഭൂമികയാകെ
മറന്നൂ ഹൃദയം ചില്ലചായിച്ച സമതലമാകെ
* * *
മറന്നൂ പള്ളിക്കൂട വഴികളിലെന്നും നീ
പുണർന്നൊട്ടിനടന്നു വിടർത്തിയ സൗഹൃദം
മറന്നൂ സകല പരീക്ഷയിലുമെന്നെ നീ
ആനമൊട്ടയിൽനിന്നു രക്ഷിച്ച രീതികൾ
മറന്നൂ കുട പാതി പങ്കിട്ടോരിടവപ്പാതികൾ
മിന്നലിൽ നടുങ്ങി മടങ്ങിയ തുലാപ്പാതികൾ
മറന്നൂ നീയെൻ ബാല്യ കൗമാരമാകെയും
പകർന്ന കരുണയും കരുതലും കളികളും
* * *
മറന്നൂ കലോത്സവ സംഘഗാനങ്ങളെ
നടുവിൽനിന്നു നയിച്ച നിൻ ദേശാവേശം
‘‘എൻ രാജ്യമിന്ത്യ ഏതിന്ത്യനും കൂടപ്പിറപ്പ്’’
അസംബ്ലിയിൽ നീ ഏറ്റുചൊല്ലിച്ച പ്രതിജ്ഞ
നാലുമണിയിലെ നിന്റെ ദേശീയഗാനാലാപം
നാടകത്തിൽ നീ ഗാന്ധി, ഞാൻ ഗോഡ്സെ
പ്രച്ഛന്നവേഷത്തിൽ നിന്റെ നേതാജിയോ
ടെൻ ഭഗത് സിങ്ങു തോൽക്കേ കരഞ്ഞതു നീ
* * *
മറന്നൂ ഞാനക്കണ്ണുനീർച്ചാലുകൾ, എന്നോ
ടെൻ കൂടപ്പിറപ്പിനേക്കാളുള്ളോരിഷ്ടങ്ങൾ
ആരുമില്ലായ്മകളിലെ കൈത്താങ്ങുകൾ
ആശുപത്രി നാൾകളിലെ കൂട്ടിരിപ്പുകൾ
മറന്നൂ മുതിർന്നതോടെല്ലാം മറന്നു ഞാൻ
മറന്നൂ നിൻ മതമൊഴിച്ചെല്ലാം –മനഃപൂർവം
* * *
ബാധ്യതയാണെനിക്കു മേലിലീ ബന്ധം
നാട്ടുമധ്യത്തിൽ വെച്ചു നീ തരുമാശ്ലേഷം
നിന്റെ പ്രത്യേക താടി തൊപ്പി നിസ്കാര
ത്തഴമ്പ്, ഇടത്തോട്ടുള്ള മുണ്ടുടുപ്പ്-
അത്തറിൻ ഗന്ധം, നിന്നെക്കാൾ എന്നെ
യാങ്ങളയായി കണ്ട പെങ്ങടെ പർദ –ഞാനു
മവൾക്കു വരക്കും മൈലാഞ്ചി –ഒക്കെയും
വെറുക്കാൻ അകന്നുമാറീടാൻ, അയലത്ത
മെന്നേക്കുമായ് അറുത്തൊഴുക്കീടാൻ
കാതിലാരൊക്കെയോ വന്നു മന്ത്രിക്കുന്നു
കനവിലുമാരാണ്ടെല്ലാം തർക്കിച്ചിടുന്നു
* * *
രാത്രി തലയിണപ്പൊത്തിലെ പാമ്പുകൾ
അതേയാവശ്യം ചീറ്റുന്നൂ ചെവികളിൽ
ഞാനറിയാതെന്നിലും വിഷം നിറയുന്നു
അകാരണമായി നിന്നെ വെറുത്തിടുന്നു
ആത്മാവിലൊരു പൊക്കമതിലുയരുന്നു
* * *
സ്വപ്നത്തിൽ മദമിളകിയോടുന്നെൻ മതം
പ്രാന്താസ്വദിച്ചു ഞാൻ പുറത്തിരിക്കുന്നു
പച്ചയോടുള്ള പക മൂത്തു ഞാനെന്റെ
തത്തയെ ഇന്നലെ കൊന്നിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.