വണ്ടിയിൽ നമ്മൾ മാത്രം. കണ്ണാടിയിലൊരു വെന്തിങ്ങ. മുന്നിൽനിന്നും അതിലുരസി വഴി വന്ന് കണ്ണിൽത്തട്ടി നമ്മിലൂടെത്തന്നെ പിന്നിലേക്ക്. കടൽക്കര, തീരത്ത് നാം രണ്ടും. പുറംകടലിൽ നിന്നും പുകച്ചുരുൾ പോലെ മേഘങ്ങൾ. അവയും നമ്മിലൂടെത്തന്നെ പിന്നിലേക്ക്. കാറ്റിൽ തിരമാലകൾ. താണുമുയർന്നും നീർപ്പക്ഷികൾ. വള്ളത്തിൽ മുക്കുവർ, വലക്കണ്ണിയിലുടക്കും യാമിനി. ചന്ദ്രികയെ നെടുകെ പിളർക്കും കടൽപ്പാലം. അവയെല്ലാം നമ്മിലൂടെത്തന്നെ കടന്നുപോകുന്നു. വളവുകളിൽ ഗിയർ മാറ്റി ആക്സിലറേറ്ററമർത്തി വണ്ടി കയറ്റം കയറുമ്പോൾ മരങ്ങളും ചെടികളും കോടമഞ്ഞും കുളിരും പുൽമേട്ടിലെ ഒറ്റയാനും ചീവീടും പാട്ടും ചില്ലിലൂടെ കടന്നു...
വണ്ടിയിൽ
നമ്മൾ മാത്രം.
കണ്ണാടിയിലൊരു
വെന്തിങ്ങ.
മുന്നിൽനിന്നും
അതിലുരസി
വഴി വന്ന് കണ്ണിൽത്തട്ടി
നമ്മിലൂടെത്തന്നെ
പിന്നിലേക്ക്.
കടൽക്കര,
തീരത്ത് നാം രണ്ടും.
പുറംകടലിൽ നിന്നും
പുകച്ചുരുൾ പോലെ
മേഘങ്ങൾ.
അവയും നമ്മിലൂടെത്തന്നെ
പിന്നിലേക്ക്.
കാറ്റിൽ തിരമാലകൾ.
താണുമുയർന്നും
നീർപ്പക്ഷികൾ.
വള്ളത്തിൽ മുക്കുവർ,
വലക്കണ്ണിയിലുടക്കും
യാമിനി.
ചന്ദ്രികയെ
നെടുകെ പിളർക്കും
കടൽപ്പാലം.
അവയെല്ലാം നമ്മിലൂടെത്തന്നെ
കടന്നുപോകുന്നു.
വളവുകളിൽ ഗിയർ മാറ്റി
ആക്സിലറേറ്ററമർത്തി
വണ്ടി കയറ്റം കയറുമ്പോൾ
മരങ്ങളും ചെടികളും
കോടമഞ്ഞും കുളിരും
പുൽമേട്ടിലെ ഒറ്റയാനും
ചീവീടും പാട്ടും
ചില്ലിലൂടെ കടന്നു
നമ്മിലെത്തി,
നമ്മിലൂടെത്തന്നെ
പിന്നിലേക്ക് പോകുന്നു.
ഇതുവഴിയിനിയും വരുന്നവർ,
അവർക്കായതാതിടത്തിൽ
തിരിയെ വെച്ചേക്കാം
കാഴ്ചകളോരോന്നും.
നിന്റെയുമെന്റേയും
പേരുകൾ തമ്മിൽ
ചേരായ്കയാൽ
തേടിവരുന്നവർക്ക-
ടയാളമാകാൻ
നമുക്ക് ആ വെന്തിങ്ങ
ഈ പാറയുടെ വിളുമ്പിലും.
നാമൊരുമിച്ചു കുതിക്കുമ്പോൾ
താഴെ നിന്നും
പാഞ്ഞുവരുന്ന പച്ച
നമ്മുടെ
കോർത്തകൈവിരലുകളിൽ
തട്ടിത്തെറിക്കുന്നു.
കാട്ടിലെ നമ്മുടെ വീട്ടിൽ
ഇലകൾ നൂഴുന്ന
വെയിൽ.
നിലമ്പരണ്ടയുടെ
മെത്ത.
വെള്ളാരം കല്ലിന്റെ
തലയിണകൾ.
നമ്മെ തേടിവരുന്നവർക്കു
വെന്തിങ്ങയോളം
മാത്രമേ എത്താനാവൂ!
മറ്റാർക്കും
മനസ്സിലാകാത്ത ലിപിയിൽ
എനിക്കുമാത്രമായി
നീ എഴുതിയ പുസ്തകം
വെള്ളച്ചാട്ടത്തിന്റെ
ചുവട്ടിൽ
തൂവാനം ചൂടുന്ന
തടി ബെഞ്ചിലിരുന്ന്
കാറ്റ് എനിക്ക് വായിച്ചു
തരുമ്പോൾ
നാം വന്ന കാറിന്റെ
തകർന്ന ചില്ലിൽകൊണ്ട്
അവരുടെ കൈ മുറിയും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.