‘‘ഹാ പ്രപഞ്ചമേ’’ എന്നാരാരും
ഉണ്ടായിരുന്നില്ല
ഒട്ടുമേ, താലോലമോടാത്ത
ആ പൊട്ടിത്തെറി വിത്തിനൊരു
പേരിടാൻ
പൂജ്യമെന്ന നേരനിലയിൽ
നിശ്ചലമെന്ന കാലനിലയിൽ
ഒരു കൊടുമ്പൻ സ്ഫോടനത്തിലൂടെ,
കുതിച്ചണഞ്ഞ ഊർജപ്പരലുകൾ ഒന്നിച്ച്
ഊറിയടിഞ്ഞ നാളിൽ...
വേണ്ടുന്ന നേരമെടുക്കാതെ
ഒറ്റക്കുതിപ്പിന്
അതിവളർച്ച വന്ന സൂര്യനെ അതു
കണ്ണേറാകാതങ്ങൾക്കകലെ
ചൂടുവേലികൾകുത്തി നടുക്കിരുത്തി.
ആകെ ചുറ്റിയോടി,
ദിക്കിരമ്പം വകയാനുള്ള ആദിധൃതിയിൽ
സൗരക്കാറ്റ് ‘‘പ്രപഞ്ചമേ’’
എന്നതിനെ മൂന്നുരു ചുറ്റി
പ്ര...പ...ഞ്ചം എന്ന്
എന്തിനെയും പൊക്കിയെടുക്കാൻ കെൽപ്പുള്ള
ആ പേർക്കനം
എല്ലാടോം ധ്വനിച്ചു കാണണം.
പരുവത്തിൽ ദ്രവ്യ വാതകങ്ങൾ കുഴച്ച് പാളിച്ച്
ഏതാണ്ടാ പേരിന് അർഥമൊത്ത
അതിന്റെ ചക്രവാളങ്ങൾ
അനന്തങ്ങളിലേയ്ക്ക് ചരിഞ്ഞു.
വീണ്ടുമാർത്തു വളർന്നു.
രസമൂലകങ്ങളുടെ അരക്കു തേച്ച്
നാദ പ്രാണങ്ങൾ കിളിർത്തു
ഗോളങ്ങളിൽ ഒച്ചയുണ്ടായി
പുറകേ ആലോചനയുടെ വചനമുണ്ടായി.
ശൂന്യതയെ വെട്ടിത്തെളിച്ച്
സ്വയം ഉർവരാംഗിയായി
ചമയംകൊണ്ടിരുന്ന ഭൂമിക്ക്
ഒരു പേരു വിളിക്കാതെ
വാരിതേച്ചതെല്ലാം മാഞ്ഞൊടുങ്ങി
നീൾകാലത്തേയ്ക്ക് അവകാശ പാർപ്പിട്ട
അഞ്ചാം ജീവവംശവും ഒഴിഞ്ഞുപോയി
ഹോമോഹാബിലിസുകൾ വാറ്റിവച്ച പേര്
തടയില്ലാത്ത ചരിവുകളിലൂടെ ഊർന്നിടിഞ്ഞു.
പിന്നീട് ആരാണ്ട് എങ്ങൂന്നോ
‘‘എന്റെ ഭൂമിയേ...’’
‘‘ഭൂമിയേ...’’
‘‘ഭൂമീ...’’ എന്നൊച്ചവച്ചപ്പോൾ
‘‘ഭൂ’’വെന്നതിൽ പ്രകാശവർഷങ്ങളുടെ
ഇറക്കാവേശം അതേപടി!
അച്ചുതണ്ടറ്റം ഒന്നൂടെ മുറുകിയാഴ്ന്നു.
കുളിരൂറിവീർത്തൊരു
അനസ്യൂത ചക്രചുറ്റിലമർന്ന്
മഴ വീഴ്ചയും ഇലത്തളിർപ്പും പെരുത്തു.
‘‘മി’’ വള്ളിയിൽ
എവിടെയും ഉരുണ്ടുകൂടാത്ത
എന്തോ ഒന്നിന്റെ ഉദാരത,
എന്തിനോടുമുള്ള നമ്രത.
ജല-ഋതുക്കളുടെ പിച്ചനടപ്പുകൾ
ചിട്ടയൊത്തായി
പകലാകെ പറന്ന് പറന്ന് പക്ഷികൾ
ഇളംചുള്ളിക്കൂർപ്പാൽ
അന്തിച്ചില്ലയിൽ കനിയൂർജത്തികട്ടോടെ
‘‘തളിർ’’ എന്ന് എഴുതുമ്പോൾ
വിത്തു ചുരുളിൽനിന്ന്
അത്രമേൽ മഴ വെയിൽ മുത്തി
അത്രമേൽ കിളരംവച്ച
ഒരു ‘‘ര’’കാരത്തുമ്പുചില്ലിൽ
ഗൂഢവന മേലാപ്പിൻ അതിലോലത!
വെട്ടത്തിന്റെ പര്യായങ്ങളെയെല്ലാം എടുത്ത്
ഒക്കിൽ വച്ച് അരുമത്ഭുതങ്ങളാൽ
‘‘സൂര്യാ’’ ‘‘സൂര്യോ...’’ എന്നു വിളിച്ചാൽ
ആ ഭീമപിണ്ഡത്തിന്റെ അടരുകളിൽ
എവിടെ മാറ്റൊലിയാകാനാണ്?
എങ്കിലും നേരിയതായി
മണ്ണിന്റെ ശാലീനത്തുടികളിൽ
നാണമിട്ടു നിരന്ന പുൽചുണ്ടുകളിൽ
സംശ്ലേഷിച്ചത്.
‘‘ഴ’’യുടെ തുമ്പിൽ
ഭൂശ്വാസത്തിന്റെ താക്കോൽ കിലുക്കി
മഴ പലയീണത്തിൽ ‘‘പുഴ’’യെ ചൊല്ലി.
പുഴ താഴേയ്ക്ക് താഴേയ്ക്ക്
‘‘ഴ’’യെ തുഴഞ്ഞുപോകുമ്പോൾ
നീർത്തിയാൽ നീരാത്ത ഓള ചുറ്റിൽ
പേരുപെരുകിയ പ്രാണങ്ങൾ
സുഖസല്ലാപത്തിരക്കാർന്നു.
ഒഴുക്കറ്റം കുടഞ്ഞത്
അഴിമുഖത്തേയ്ക്ക് തൂകലായി
കഴുത്തോളം ഏറിയ വെള്ളമൊഴിഞ്ഞ്
ബാക്കിയുള്ള അർധഗോളത്തിനുള്ളിൽ
ഭൂമി ഏഴായി ചിതറി.
ഭൂഖണ്ഡനാമത്തിൽ
പുതു കഷ്ണങ്ങളിൽ കാറ്റുകൾ മാറി വന്നു.
ദിക്കുകൾ, ചരിവുകൾ മാറി വന്നു.
ഓരോ പേരിട്ട് ഭൂമി ഏഴിടത്തായി.
‘‘മ’’യ്ക്കും ‘‘ൻ’’നും ഇടയിലുള്ള
ഇരുളൻ സങ്കീർണതയിലൂടെ
സ്വയം പേരിട്ട് മനുഷ്യൻ
ഏഴു ഖണ്ഡങ്ങളിൽ ചിതറി
‘‘ആൺ’’കരുത്തു ദീർഘമായ
ഒറ്റ കൈവീശു നടത്തം
കാടും പള്ളയും ഉടലിൽ തൂക്കി
‘‘പെണ്ണ്’’ എത്രകനം പോകുന്നു!
മറക്കുരിളിന് പുതയിട്ട
‘‘അമ്മിഞ്ഞ’’യമ്മ നാമത്തിലേയ്ക്ക്
മാത്രം വഴങ്ങി നിന്ന
ഓമന -കൊഞ്ചലിനെ
‘‘ചു...ന്ദരികുഞ്ഞേ’’യെന്ന്
ചാഞ്ചക്കപ്പടിയിലിരുത്തി-
ബലം പിണഞ്ഞ വല്ലി ഊഞ്ഞാലകൾ
ആലോലമാട്ടി.
‘‘പൂവെ’’ന്ന ലയ മഴകിന്റെ
സുഖപ്പേരിൻ ഉലയലിൽ
ശലഭ-വണ്ടുകൾ നീൾധ്യാനപൂർണർ.
‘‘ആ’’യുടെ ദീർഘം
അപാര സുരഭിലമാകുന്നത്
‘‘ആകാശമേ’’ എന്ന് ചാഞ്ഞും ചരിഞ്ഞും
ആരോ അനുഭൂതി തുള്ളവേ.
‘‘വാന’’ത്തിൽ അത് മേഘങ്ങളുടെ
കുഞ്ഞുന്നാളുമ്മ പോലെ
‘‘ഗഗന’’മേ എന്ന നീണ്ടിടം പെട്ട വിളിയിൽ
ചായും കിളി -നിരമേഘമിശ്രിതം
‘‘മാന’’ത്തത് പൊങ്ങിയങ്ങങ്ങ്
ദൂരെയാകും താരകം.
ഉറക്കിൻ രാരാട്ടപൊയ്കയിലേയ്ക്ക്
കൂമ്പിവീണ ബോധവിടർച്ചകൾ
തണുക്കത്തോടെഴുതിയ
‘‘സ്വപ്ന’’ത്തിലൂടെ
മലർച്ചൂരുപെരുകിയ
ഒരു പുലർച്ചയൂരിയേറിവരുന്നു.
വിസ്മയാഴങ്ങളിലേയ്ക്ക്
വഴുതിക്കയറിയ ഒരുവൾ
മടിക്കുത്തിൽനിന്നും ആഴ്ശംഖിലടച്ച
ഒരു പേരിരമ്പം എടുത്ത് മണലിലെഴുതുന്നു...
‘‘സമുദ്രമേ...’’
സ്വപ്ന ജാഗ്രത്തുകളെ തടങ്കൽ ചങ്ങലയിൽ
കോർക്കുന്ന മരണത്തിന്റെ ‘‘ണ...’’യുടെ
കുനിവില്ലാ കരുത്ത്.
‘‘മന’’മെന്ന കുഞ്ഞു പേരിൽ
അടങ്ങിനിൽക്കാതെ താഴ്ന്നാഴ്ന്ന്
‘‘ലാവ’’യെന്ന ഏഴു മുഴം തിളനീരുമായി
ആരോ ഭൂവുള്ളം കണ്ടുവന്നു.
കുളിരിലേക്ക്
വേലിയേറിയ ഒരാമ്പൽക്കറ
ഓളത്തിൽ ‘‘എന്റെ നിലാവേ’’
എന്ന് തേകി മലരുന്നതും
കനത്ത ഇരുളിൽ
കരിയില ചായ്പിൽ ഇറുകിയിറുകി
‘‘എന്റെ കാടേ കിനാവേ’’ എന്ന
പലതാം ജീവച്ചിലപ്പുകൾ ഏറുന്നതും
കേണുപതറുന്നതും കണ്ട് കണ്ട്
നീളത്തിലാഴത്തിൽ കരുതലേറ്റിയ
പേരുകൾ
ഊർന്നു തീരുകയാണ്
എങ്ങും സംഭരിക്കപ്പെടാതെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.