ഉൾക്കാമ്പ് തേടി...

ഓ ദേവാ... വരൂ, നമ്മൾക്ക്

ആ കുന്നിൻചെരുവിൽ പോയി,

അവിടെ ഒറ്റയ്ക്ക് പാർക്കുന്ന,

ആരോരുമില്ലാത്ത, വൃദ്ധയായ

ഒരമ്മയ്ക്ക് അൽപനേരം കൂട്ടിരുന്നിട്ടു വരാം...

ആ നേരമത്രയും,

നമ്മുടെ മധുര മുന്തിരികൾ പഴുക്കട്ടെ...

ഓ ദേവാ... വരൂ,

നമ്മൾക്കീ പുഴയുടെ മറുകരയിൽ പോയി,

അവിടത്തെ അന്തേവാസികളുമായി,

അൽപസമയത്തെ സ്നേഹ സല്ലാപത്തിൽ മുഴുകാം...

ആ നേരമത്രയും,

നമ്മുടെ തോട്ടത്തിലെ

മധുര ഓറഞ്ചുകൾ പൂവിട്ടു നിൽക്കട്ടെ...

ഓ ദേവാ... വരൂ,

നമ്മൾക്കീ താഴ്വാരത്തേക്കിറങ്ങി,

അവിടത്തെ ഏറ്റവും ദാരിദ്ര്യമുള്ള കുഞ്ഞിന്,

ഒരു ചിത്രയുടുപ്പ് സമ്മാനിക്കാം...

ആ നേരമത്രയും, നുരഞ്ഞു നിൽക്കട്ടെ നമ്മുടെ

മധുര വീഞ്ഞുകൾ...

ഓ ദേവാ... വരൂ,

നമ്മൾക്കീ കുന്നിൻ മുകളിൽ പോയി,

അവിടെ ഒറ്റയ്ക്ക് കഴിയുന്ന, കിടപ്പിലായ ഒരപ്പൂപ്പന്,

ഒരു നേരത്തെ

അന്നവും ജലവും നൽകീട്ടു വരാം...

ആ നേരംകൊണ്ട്,

നമ്മുടെ ചുംബനങ്ങളെല്ലാം

മധുരിക്കുന്ന തമർ പഴങ്ങളാകട്ടെ.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.