ഒരിക്കൽ ഉമ്മച്ചി പറഞ്ഞു നുണകൾക്ക് കാഞ്ഞിരത്തിൻകായപോലെ കൈപ്പാണെന്ന്. അന്നുമുതലാണെന്നു തോന്നുന്നു എന്റെ നുണകളിൽ കാഞ്ഞിരവള്ളികൾ പൂത്ത് കൈപ്പുമണം പരത്താൻ തുടങ്ങി പള്ളിക്കാട്ടിന്റെ തെക്കേമൂലയിൽനിന്ന് ഇശാബാങ്കിനൊപ്പം ഭയത്തിന്റെ പാറ്റകൾ മുളച്ചുപൊന്താൻ തുടങ്ങി... ആത്മാക്കൾ എന്നെ തൊട്ടപ്പോൾ കാഞ്ഞിരത്തിൻ പൂക്കളെ വാസനിച്ചത്രേ... നുണകൾ കാഞ്ഞിരപ്പൂങ്കുലകളായി. ഉമ്മച്ചീടെ കല്ലുവച്ച നുണകൾ ഉപ്പയുടെ മൂർച്ചയേറിയ...
ഒരിക്കൽ ഉമ്മച്ചി പറഞ്ഞു
നുണകൾക്ക് കാഞ്ഞിരത്തിൻകായപോലെ കൈപ്പാണെന്ന്.
അന്നുമുതലാണെന്നു തോന്നുന്നു
എന്റെ നുണകളിൽ
കാഞ്ഞിരവള്ളികൾ പൂത്ത്
കൈപ്പുമണം പരത്താൻ തുടങ്ങി
പള്ളിക്കാട്ടിന്റെ തെക്കേമൂലയിൽനിന്ന്
ഇശാബാങ്കിനൊപ്പം
ഭയത്തിന്റെ പാറ്റകൾ മുളച്ചുപൊന്താൻ തുടങ്ങി...
ആത്മാക്കൾ എന്നെ തൊട്ടപ്പോൾ
കാഞ്ഞിരത്തിൻ പൂക്കളെ വാസനിച്ചത്രേ...
നുണകൾ കാഞ്ഞിരപ്പൂങ്കുലകളായി.
ഉമ്മച്ചീടെ കല്ലുവച്ച നുണകൾ
ഉപ്പയുടെ മൂർച്ചയേറിയ നുണകൾ
ഇക്കായുടെ മർക്കടനുണകൾ
ഇത്തയുടെ നിസ്സംഗമായ നുണകൾ...
അയലത്തെ ഉമ്മുക്കുൽസുവിന്റെ
പതിനാറായിരത്തിയെട്ടു പ്രണയ
നുണകൾ കൂടി പേറി ഞാൻ
ഒരു കാഞ്ഞിരത്തിൻ മരമായ്ത്തീർന്നു
ഉടലിൽ കാഞ്ഞിരവള്ളികൾ പൂത്ത്
കൈപ്പുമണം പരന്നൊഴുകി...
പള്ളിക്കാട്ടിലെ ഇരുട്ടിലേക്കു നോക്കി
മൊല്ലാക്ക
ഇബിലീസിന്റെ വരവറിയിച്ചു...
കനച്ച ഇരുട്ടിൽ പറങ്കിമാവിൻ തോട്ടത്തിലെ
മീസാൻകല്ലുകൾക്കിടയിലൂടെ ഞാൻ കാഞ്ഞിരം മണക്കുന്ന
ഇബ് ലീസിനേയും തേടിയിറങ്ങി...
കണ്ണുകാണാത്ത ഇരുട്ടിൽ
കൈപ്പുമണങ്ങൾ കൈമാറി
പുള്ളിത്തട്ടത്തിലൊളിപ്പിച്ച മുടിക്കെട്ടഴിഞ്ഞുവീണു
കാഞ്ഞിരവള്ളികൾ പടർന്നു പന്തലിച്ച ഉടലുകൾ പൊട്ടിയടർന്നു
നുണകളായ നുണകളൊക്കെ
പൂക്കളെ പെറ്റുതുടങ്ങി...
കാഞ്ഞിരപ്പൂക്കളിൽനിന്ന്
തേൻകണങ്ങൾ ഇറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.