അനേകം പാനീയങ്ങൾ കുടിക്കേണ്ടതുണ്ട് യാത്രയ്ക്കിടയിൽ. ആദ്യമൊക്കെ മടിയായിരുന്നു. ചില രുചികളിൽ മനം പുരട്ടിയിരുന്നു. പലപ്പോഴും മനസ്സ് കുതറിയിരുന്നു. പല പ്രയോജനങ്ങളാണ് പാനീയങ്ങൾക്ക്. ക്ഷീണം മാറ്റാനും, സുഖനിദ്രയ്ക്കും സടകുടഞ്ഞെഴുന്നേൽക്കാനും വെവ്വേറെ പാനീയങ്ങൾ. ഇണങ്ങാനും പിണങ്ങാനും ചതിക്കാനും കൂടെ നടക്കുന്ന സ്നേഹിതനെ ഒറ്റുകൊടുക്കാനുമുണ്ട് പ്രത്യേകം കുറുക്കിയ പാനീയങ്ങൾ. നുണയാണ് എല്ലാ പാനീയങ്ങളിലെയും മുഖ്യ മൂലകം. മറ്റു ചേരുവകൾ...
അനേകം പാനീയങ്ങൾ കുടിക്കേണ്ടതുണ്ട്
യാത്രയ്ക്കിടയിൽ.
ആദ്യമൊക്കെ മടിയായിരുന്നു.
ചില രുചികളിൽ മനം പുരട്ടിയിരുന്നു.
പലപ്പോഴും മനസ്സ് കുതറിയിരുന്നു.
പല പ്രയോജനങ്ങളാണ് പാനീയങ്ങൾക്ക്.
ക്ഷീണം മാറ്റാനും, സുഖനിദ്രയ്ക്കും
സടകുടഞ്ഞെഴുന്നേൽക്കാനും
വെവ്വേറെ പാനീയങ്ങൾ.
ഇണങ്ങാനും പിണങ്ങാനും ചതിക്കാനും
കൂടെ നടക്കുന്ന സ്നേഹിതനെ ഒറ്റുകൊടുക്കാനുമുണ്ട്
പ്രത്യേകം കുറുക്കിയ പാനീയങ്ങൾ.
നുണയാണ് എല്ലാ പാനീയങ്ങളിലെയും മുഖ്യ മൂലകം.
മറ്റു ചേരുവകൾ യഥോചിതം.
ചെറുപ്പത്തിൽ സ്വപ്നം കണ്ടുറങ്ങാനുള്ള
പാനീയം കുടിച്ചിരുന്നു...
അനേകം സ്വപ്നങ്ങൾ കണ്ടതിൽ
ഒന്നിപ്പോഴും ഓർക്കുന്നു.
ഒരു സ്ഫടികമാളികയുടെ മുറ്റത്ത് കാത്തുനിൽക്കുന്നതും
മുൻ വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ
ഉഗ്രസ്ഫോടനത്തോടെ മാളിക തീ പിടിക്കുന്നതും കണ്ട്
പകച്ചുണർന്നത് ഓർമയുണ്ട്.
പിന്നൊരിക്കൽ അതേ മാളികയുടെ വരാന്തയിൽ
കൂനിക്കൂടിയിരിക്കുന്ന എന്നെത്തന്നെ കണ്ടു.
ഇരുനൂറു വയസ്സെങ്കിലും കാണും.
ധൈര്യം പകരാനും വീര്യം വളർത്താനുമുള്ള കഷായം
എന്നെ അഹങ്കാരിയാക്കി.
കൈകൾ അതിൽപിന്നെ ഇരു വാളുകളായി.
രക്തം കണ്ടാൽ തല കറങ്ങുന്ന ദുശ്ശീലം
അതോടെ മാറിക്കിട്ടി.
ഒരു സ്നേഹിതൻ ഒരിക്കൽ
വിശിഷ്ടമായൊരു സുഖപാനീയം കുടിപ്പിച്ചു.
അതിനുശേഷം ജീവിതം ഒരു ലഹരിയായി.
മറ്റുള്ളവരുടെ സങ്കടങ്ങളും വറുതിയും
നാണക്കേടും യുദ്ധദുരിതങ്ങളും
ചിത്രങ്ങളായോ ശബ്ദങ്ങളായോ പതിയുകയില്ല.
കേൾക്കുന്നതൊക്കെ
നേടിയവന്റെ സുവിശേഷം;
വിജയിയുടെ വീരചരിതം.
സാഹസികന്റെ അപദാനം.
എല്ലാം പ്രചോദന ഗാഥകൾ.
അഭിമാന പുളകങ്ങൾ!
ചില പ്രണയ പാനീയങ്ങളും കുടിച്ചു.
ആദ്യമൊക്കെ വല്ലാത്തൊരു സുഖമായിരുന്നു.
പിന്നെപ്പിന്നെ അതൊരു നീറ്റലായി.
പിന്നെ വ്രണമായി; നാണക്കേടായി; ശാപമായി.
ഇപ്പോൾ ഭയമാണ് അത് കുടിക്കാൻ.
പിന്നെ ചില വിചിത്ര പാനീയങ്ങൾ
ഞാൻ സ്വയം തയ്യാറാക്കി.
അതോടെ ചിന്തകൾക്ക് തന്നെ വിഷബാധയായി.
വീടിനു ചുറ്റും ശത്രുക്കളാണെന്നും,
അവർ ഉറക്കമിളച്ചിരുന്ന് എന്നെ കശാപ്പുചെയ്യാൻ
തന്ത്രങ്ങൾ മെനയുകയാണെന്നും
അവർ തരുന്ന ആഹാരത്തിൽ
വിഷം കലർത്തിയിട്ടുണ്ടെന്നും ബോധ്യമായി.
ഇപ്പോൾ എന്ത് പാനീയം കിട്ടിയാലും
കുടിക്കാമെന്നായി.
ചോദിക്കുകയോ സംശയിക്കുകയോ ചെയ്യുന്നത്
ദേശസ്നേഹികൾക്ക്
ചേർന്നതല്ലെന്ന് മനസ്സിലാക്കി.
അച്ചടക്കത്തിന്റെയും അനുസരണയുടെയും
ഗണനയിൽ A പ്ലസ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.