കൊഞ്ചനേരം

കൈകാല്‍കുഴഞ്ഞ്

താഴുമ്പോഴൊക്കെയും

എവിടെനിന്നെങ്കിലും

പ്രത്യക്ഷപ്പെടുമൊരു

പെണ്‍ഡോള്‍ഫിന്‍,

ചുണ്ടിലെടുത്തതെന്നെ

തീരത്തുകൊണ്ടുവെക്കും.

ഒറ്റക്കിരിക്കുമ്പോള്‍

അരുമയോടരികത്തുവന്ന്

കടുംകെട്ടുകളഴിച്ച്

വേര്‍പെടുത്തി

കൊത്തിക്കൊണ്ടു പറക്കും,

മഞ്ഞുവീഴുന്ന മലയുടെ

ചൂടാറാത്ത നെഞ്ചില്‍

കൊണ്ടു ചെന്നുവെക്കും

തോളുരുമ്മിയിരിക്കും

മാറത്തണച്ചുപിടിക്കും

‘‘ഇന്നും കൊഞ്ചനേരം

ഇരുന്താ താന്‍ എന്ന’’

എന്ന പാട്ട് ഫോണില്‍

റിപ്പീറ്റടിച്ച് കേള്‍പ്പിക്കും,

മടിയില്‍ മയങ്ങുമെന്റെ

തലമുടിയിഴകളെ മീട്ടും

കഷ്ടകാലം കൂത്താടിയ

കൈവെള്ളയില്‍

വെട്ടിയും തിരുത്തിയും

തലവര മാറ്റിയെഴുതും.

‘‘ചോറുണ്ട വലതുകൈക്കൊപ്പം

ഇടതുകൈയും കഴുകിയവനെ’’

എന്ന് കാതില്‍ ചൊല്ലി

നോവാതെ കടിക്കും,

കാടുപോലുള്ള

മുടികൊണ്ടെന്നെ

ഇരുട്ടിലാക്കും,

റോസ് ചുണ്ടുകൊണ്ട്

ഇരുട്ട് വകഞ്ഞെന്റെ

തവിട്ട് ചുണ്ട് കണ്ടുപിടിക്കും.

കാട് വാരിപ്പുതച്ച്

നമ്മള്‍ കാട്ടുമൃഗങ്ങളാകും,

കടല്‍തിരകളില്‍

നമ്മള്‍ കട്ടമരങ്ങളായ്

കുതിച്ചൊഴുകും,

പൊട്ടിയ പട്ടങ്ങളായി

നമ്മള്‍ ആകാശമാകെ

പറന്നുകളിക്കും,

മണ്ണിരകളായ്

നമ്മള്‍ ഒരേ തുളയിലേക്ക്

നൂണ്ടുകയറും.

ഭൂമിയിലെ ഏറ്റവും

ഉയരമുള്ള ഫ്ലാറ്റിന്റെ

തുഞ്ചത്തെ മുറിയില്‍,

ചില്ലുജാലകത്തിനരികിലെ

ആളെയള്ളിപ്പിടിക്കും

മൃദുമെത്തയെ മൂടും ചുളിഞ്ഞ,

വെണ്‍പുതപ്പിനുള്ളില്‍

വെണ്ണയിലലിയുന്ന

ചോക്കലേറ്റുപോലെ

കിടക്കുമെന്നെ,

കരുണയോടെ നോക്കുന്ന

നിന്റെ മുലക്കണ്ണുകളുടെ

നോട്ടം കുടിച്ചു ഞാന്‍,

പുഞ്ചിരി വിടര്‍ത്തി

പാതിമിഴികള്‍

തുറന്നുകിടക്കും.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.